Quantcast

ചാമ്പ്യൻസ് ലീ​ഗിൽ സെമിഫൈനലിലേക്ക് മുന്നേറി മാഞ്ചസ്റ്റർ സിറ്റി

മെയ് 9-ന് ആദ്യ പാദ സെമിഫൈനൽ മത്സരം ന‍ടക്കും

MediaOne Logo

Web Desk

  • Published:

    19 April 2023 9:47 PM GMT

ചാമ്പ്യൻസ് ലീ​ഗിൽ സെമിഫൈനലിലേക്ക് മുന്നേറി മാഞ്ചസ്റ്റർ സിറ്റി
X

മ്യൂണിക്ക്: ചാമ്പ്യൻസ് ലീ​ഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരം സമനിലയായെങ്കിലും സെമിഫൈനലിലേക്ക് മുന്നേറി മാഞ്ചസ്റ്റർ സിറ്റി. ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടി. രണ്ടു പാദങ്ങളിലായി നടന്ന മത്സരത്തിൽ അ​ഗ്രി​ഗേറ്റ് സ്കോറിൽ 4-1നാണ് ടീമിന്റെ വിജയം. ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ​ഗോളിനു ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ചിരുന്നു. ബയേണിന്റെ മൈതാനമായ അലിയൻസ് അരീനയിൽ ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഏർലിം​ഗ് ഹാളണ്ടും ബയേൺ മ്യൂണിക്കിനായി ജോഷ്വ കിമ്മിച്ചുമാണ് ​ഗോളുകൾ നേടിയത്.

സെമി ഫൈനലിലേക്ക് മുന്നേറണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണമെന്ന ബോധ്യമുളളതിനാൽ, മത്സരത്തിന്റെ ആദ്യ മിനുറ്റുകളിൽ തന്നെ ബയേൺ മ്യൂണിക്ക് സിറ്റിയുടെ ​ഗോൾ മുഖത്തേക്ക് ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. 16-ാം മിനുറ്റിൽ ലിറോയ് സനെക്ക് സിറ്റിയുടെ ​ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കുമ്പോൾ മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ലക്ഷ്യം പിഴച്ചു. തൊട്ടടുത്ത മിനുറ്റിൽ കൗണ്ടർ അറ്റാക്കുമായി മുന്നേറിയ ഹാളണ്ടിനെ വീഴ്ത്തിയതിന് ബയേൺ പ്രതിരോധനിര താരം ഉപമേകാനക്ക് ചുവപ്പ് കാർഡ് ലഭിച്ചു. എന്നാൽ‍ വാർ പരിശോധനയിൽ ഹാളണ്ട് ഓഫ്സൈഡാണെന്ന് കണ്ടത്തിയതോടെ താരത്തിനെതിരായുളള ചുവപ്പ് കാർഡ് പിൻവലിച്ചു. എന്നാൽ ചുവപ്പ് കാർഡിൽ നിന്ന് ഉപമേകാന രക്ഷപ്പെട്ടെങ്കിലും ​ഗുണ്ടോ​ഗന്റെ ഷോർട്ട് പെനാൽറ്റി ബോക്സിൽ കെെ കൊണ്ട് തട്ടിയതിനു താരത്തിനു മ‍ഞ കാർഡും സിറ്റിക്ക് അനുകൂലമായി പെനാൽറ്റിയും റഫറി വിധിച്ചു. 37-ാം മിനുറ്റിൽ ആദ്യ ​ഗോൾ നേടാൻ സിറ്റിക്ക് പെനാൽറ്റിയിലൂടെ അവസരം ലഭിച്ചെങ്കിലും കിക്കെടുത്ത ഏർലിം​ഗ് ഹാളണ്ടിന് പിഴച്ചു. കീപ്പറുടെ നേരെ അടിച്ച പന്ത് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. ആദ്യ പകുതിയിൽ പിന്നീട് ​ഗോൾ നേടാൻ കാര്യമായ അവസരങ്ങൾ ഇരു ടീമിനും പിന്നീട് ലഭിച്ചില്ല.

രണ്ടാം പകുതി ആരംഭിച്ചതു മുതൽ ഇരു ടീമുകളും ശക്തമായ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. 57-ാം മിനുറ്റിൽ ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ ഹാളണ്ട് സിറ്റിക്കായി ​ഗോൾ കണ്ടെത്തിയതോടെ ചാമ്പ്യൻസ് ലീ​ഗ് സെമിഫൈനൽ ഏറെക്കുറെ ഉറപ്പിക്കാൻ പ്രീമിയർ ലീ​ഗ് ചാമ്പ്യൻമാർക്ക് കഴിഞ്ഞു. ഹാളണ്ടിന്റെ ചാമ്പ്യൻസ് ലീ​ഗ് കരിയറിലെ 35-ാം ​ഗോളും ഈ സീസണിലെ 48-ാം ​ഗോളുമാണിത്. ഈ ​ഗോൾ നേടിയതോടെ വളരെ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റർ സിറ്റി ബാക്കിയുളള സമയം കളിച്ചത്. 83-ാം മിനുറ്റിൽ ജോഷ്വ കിമ്മിച്ചാണ് പെനാൽറ്റി ​ഗോളിലൂടെ ബയേൺ മ്യൂണിക്കിനെ ഒപ്പമെത്തിച്ചത്. ​ഗോൾ നേടിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചു വരാനുളള സമയം ബയേൺ മ്യൂണിക്കിന് അപ്പോഴത്തേക്കും കഴിഞ്ഞിരുന്നു.

ഇന്ന് വിജയിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് റയൽ മാ‍ഡ്രിഡാണ് സെമിഫൈനലിൽ എതിരാളികൾ. മെയ് 9-ന് ആദ്യ പാദ സെമിഫൈനൽ മത്സരം ന‍ടക്കും. ഇന്ന് നടന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരവും ആവേശകരമായ സമനിലയിലാണ് കലാശിച്ചത്. ഇന്റർ മിലാനും ബെൻഫിക്കയും മത്സരത്തിൽ മൂന്നു ​ഗോളുകൾ വീതം നേടി. ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ​ഗോളിനു ബെൻഫിക്കയെ തോൽപ്പിക്കാനായത് ഈ മത്സരത്തിൽ ഇന്റർ മിലാനു നേട്ടമായി. മെയ് 9-ന് നടക്കുന്ന ആദ്യ പാദ സെമിഫൈനൽ മത്സരത്തിൽ ബദ്ധവൈരികളായ എ.സി മിലാനെയാണ് ഇന്ററിനു നേരിടേണ്ടത്.


TAGS :

Next Story