Quantcast

'അവൻ നമ്മുടെ ടീമല്ല, അറിയാതെ പാസ് കൊടുക്കല്ലേ...' മുള്ളറോട് സാദിയോ മാനെ

ഇന്ത്യൻ സമയം 12.30 നാണ് ബയേണും ബാഴ്‌സയും തമ്മിലുള്ള മത്സരത്തിന്റെ കിക്കോഫ്.

MediaOne Logo

Web Desk

  • Published:

    13 Sep 2022 9:32 AM GMT

അവൻ നമ്മുടെ ടീമല്ല, അറിയാതെ പാസ് കൊടുക്കല്ലേ... മുള്ളറോട് സാദിയോ മാനെ
X

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കും ബാഴ്‌സലോണയും തമ്മിൽ ഇന്ന് രാത്രി ഏറ്റുമുട്ടാനിരിക്കെ, ഈ സീസണിൽ ടീമിലെത്തിയ സാദിയോ മാനെയുടെ വേവലാതി വെളിപ്പെടുത്തി ബയേൺ താരം തോമസ് മുള്ളർ. വർഷങ്ങളോളം ബയേണിൽ ഒന്നിച്ചു കളിച്ചശേഷം ഈ വർഷം ബാഴ്‌സയിലേക്ക് കൂടുമാറിയ റോബർട്ട് ലെവൻഡവ്‌സ്‌കിക്ക് ഇന്നത്തെ മത്സരത്തിൽ അറിയാതെ പാസ് കൊടുക്കരുതെന്ന് മാനേ ദിവസങ്ങളായി തന്നോട് പറയുന്നുണ്ടെന്ന് മുള്ളർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലെവൻഡവ്‌സ്‌കിക്ക് എതിരെ കളിക്കുമ്പോഴുള്ള അനുഭവം എങ്ങനെയായിരിക്കും എന്ന ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് മുള്ളറുടെ മറുപടി ഇങ്ങനെയായിരുന്നു:

'പത്ത് ദിവസത്തോളമായി സാദിയോ (മാനെ) എന്നോട് തമാശയായി പറയുന്നത് ഇന്ന് ലെവിക്ക് (ലെവൻഡവ്‌സ്‌കി) അബദ്ധത്തിൽ പന്ത് പാസ് ചെയ്തു പോകരുതെന്നാണ്. ലെവിയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് ഞാൻ. ഞങ്ങളൊന്നിച്ച് ഗോൾഫ് കളിച്ചിട്ടുണ്ട്. അദ്ദേഹം ക്ലബ്ബ് വിട്ടതിനു ശേഷം വാട്ട്‌സാപ്പിലൂടെ ബന്ധപ്പെടുന്നുണ്ട്...'

ലെവൻവ്‌സ്‌കിക്ക് നന്നായി കളിക്കാൻ അവസരം നൽകാതിരിക്കാനായിരിക്കും ബയേൺ ഇന്ന് ശ്രദ്ധിക്കുകയെന്നും മുള്ളർ കൂട്ടിച്ചേർത്തു.

'കളിയിൽ കൂടുതൽ മുഴുകാൻ ലെവൻഡവ്‌സ്‌കി അനുവദിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്ക് എല്ലാവർക്കുമുണ്ട്. ഗോൾ ഏരിയയിലെ തൊട്ടുപുറത്തോ വെച്ച് പന്ത് സ്വീകരിക്കുമ്പോഴാണ് ലെവി അപകടകാരിയാവുന്നത്. അത് സംഭവിക്കാതിരിക്കാൻ ഞങ്ങൾ ബദ്ധശ്രദ്ധ പുലർത്തും. പന്ത് നഷ്ടപ്പെട്ടാൽ കഴിയാവുന്നത്ര പെട്ടെന്നുതന്നെ തിരികെയെടുക്കുക എന്നതാണ് ഞങ്ങളുടെ ശൈലി.' മുള്ളർ വ്യക്തമാക്കി.

ജർമൻ ബുണ്ടസ് ലിഗയിൽ പ്രതീക്ഷിച്ച മികവോടെയുള്ള തുടക്കം സ്വന്തമാക്കാൻ ഈ സീസണിൽ ബയേണിന് കഴിഞ്ഞിട്ടില്ല. ആറ് മത്സരങ്ങൾ പിന്നിട്ടപ്പോൾ മൂന്നുവീതം ജയവും സമനിലയുമായി അവർ മൂന്നാം സ്ഥാനത്താണ്. എന്നാൽ, ചാമ്പ്യൻസ് ലീഗിലെ ആദ്യമത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് അവർ ബാഴ്‌സയെ ഇന്ന് സ്വന്തം തട്ടകത്തിൽ സ്വീകരിക്കുന്നത്.

ബയേൺ വിട്ട് ബാഴ്‌സയിലെത്തിയ ലെവൻഡവ്‌സ്‌കി മിന്നും ഫോമിലാണ്. ആറ് ഗോളുകളുമായി താരം ലീഗിലെ ടോപ് സ്‌കോററാണ്. ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരത്തിൽ ദുർബലരായ വിക്ടോറിയ പിൽസെനെതിരെ ബാഴ്‌സ അഞ്ച് ഗോളിന് തകർത്തപ്പോൾ പോളിഷ് താരം ഹാട്രിക് നേടുകയും ചെയ്തു.

ഇന്ത്യൻ സമയം 12.30 നാണ് ബയേണും ബാഴ്‌സയും തമ്മിലുള്ള മത്സരത്തിന്റെ കിക്കോഫ്. ഇന്റർ കൂടി ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകൾക്കേ മുന്നേറാനാവൂ എന്നതിനാൽ ഇന്നത്തെ മത്സരഫലം ഇരുടീമുകൾക്കും നിർണായകമാവും. ബയേർ ലെവർകുസൻ - അത്‌ലറ്റികോ മാഡ്രിഡ്, ലിവർപൂൾ - അയാക്‌സ്, മാഴ്‌സേ - എയ്ന്താക്ട് ഫ്രാങ്ക്ഫുർട്ട് തുടങ്ങിയ മത്സരങ്ങളും ഇതേസമയം നടക്കുന്നുണ്ട്. വിക്ടോറിയ പിൽസെൻ - ഇന്റർ മിലാൻ, സ്‌പോർട്ടിങ് ലിസ്ബൺ - ടോട്ടനം ഹോട്‌സ്പർ മത്സരങ്ങൾ രാത്രി 10.15 ന് ആരംഭിക്കും.

TAGS :

Next Story