Quantcast

മെസിയുടെ ഹാട്രിക്കും 100ാം ഗോളും: അർജന്റീനക്ക് മുന്നിൽ തരിപ്പണമായി കുറസാവോ

സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം

MediaOne Logo

Web Desk

  • Updated:

    2023-03-29 03:03:06.0

Published:

29 March 2023 2:30 AM GMT

Argentina 7-0 Curacao, Lionel Messi
X

കുറസാവോക്കെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന അര്‍ജന്റീന താരങ്ങള്‍ 

ബ്യൂണസ്‌ഐറിസ്: രാജ്യത്തിനായി ലയണൽ മെസി നൂറാം ഗോൾ കണ്ടെത്തിയ മത്സരത്തിൽ കുറസാവോയെ തരിപ്പണമാക്കി അർജന്റീന. സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. മെസി ഹാട്രിക് നേടിയപ്പോൾ നിക്കോളാസ് ഗോൻസാലെസ്, എൻസോ ഫെർണാണ്ടസ്, എയ്ഞ്ചൽ ഡി മരിയ, ഗോൺസാലോ മോണ്ടിയൽ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ.

ലോകചാമ്പ്യന്മാർക്ക് മുന്നിൽ പെട്ടുപോയ അവസ്ഥയായിരുന്നു കുറസാവോക്ക്. അതും സ്വന്തം ആരാധകർക്ക് മുന്നിൽ അർജന്റീന പന്ത് തട്ടുമ്പോൾ പതിന്മടങ്ങ് വീര്യം വർധിക്കുകയും ചെയ്യും. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ അർജന്റീന എന്താണെന്ന് കുറസാവോക്ക് ബോധ്യമായി. ആദ്യ പകുതിയുടെ വിസിൽ മുഴുങ്ങുമ്പോൾ തന്നെ അർജന്റീന എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് മുന്നിൽ. മെസിയാണ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്, 20ാം മിനുറ്റിൽ. അതോടെ രാജ്യത്തിനായി 100ാം ഗോൾ നേടാനും സൂപ്പർതാരത്തനായി. 23ാം മിനുറ്റിൽ ഗോൺസാലെസ് ഗോൾ ലീഡ് വർധിപ്പിച്ചു.

33, 37 മിനുറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. ആദ്യ 17 മിനിറ്റുകൾക്കുള്ളിൽ തന്നെ മെസിക്ക് ഹാട്രിക്ക് കണ്ടെത്താനായി. മത്സരത്തിന്റെ മുഴുവൻ സമയവും മെസി കളത്തിലുണ്ടായിരുന്നു. 35ാം മിനുറ്റിൽ എൻസോ ഫെർണാണ്ടസ് നേടിയ ഗോളിന് വഴിയൊരുക്കിയതും മെസിയായിരുന്നു. രണ്ടാം പകുതിയിലും അർജന്റീനയുടെ ഗോളടി തുടർന്നു, ഡി മരിയയും ഗോൺസാലോ മോണ്ടിനോയുമാണ് രണ്ടാം പകുതിയിൽ സ്‌കോർ ചെയ്തത്. പെനൽറ്റിയിലൂടെയായിരുന്നു ഡിമരിയയുടെ ഗോൾ. 87ാം മിനുറ്റിൽ ഗോൺസാലോ ലക്ഷ്യം കണ്ടതോടെ അർജന്റീന ഗോളടി അവസാനിപ്പിച്ചു.

അതേസമയം തിരിച്ചടിക്കാൻ കുറസാവോക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും പൂർണതയിലെത്തിയില്ല. പനാമക്കെതിരായ ആദ്യ സൗഹൃദ മത്സരത്തിലും അര്‍ജന്റീന ജയിച്ചിരുന്നു. ഫിഫറാങ്കിൽ 85ാം സ്ഥാനത്താണ് കുറസാവോ. കോൺകാഫ് നാഷണൽ ലീഗ് ചാമ്പ്യൻഷിപ്പിൽ കാനഡക്കും ഹോണ്ടുറാസിനും എതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അർജന്റീനക്കെതിരെ ഇതിന് മുമ്പ് ഒരൊറ്റ മത്സരമെ കുറസാവോ കളിച്ചിട്ടുള്ളൂ. 1955നാണ് ഇതിന് മുമ്പ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്. അന്ന് 2-1ന് അർജന്റീന ജയിച്ചിരുന്നു.


TAGS :

Next Story