റോഡ്രി എന്തുകൊണ്ട് റയലിലെത്തിയില്ല? കാരണം വെളിപ്പെടുത്തി മൗറീഞ്ഞോ
ലോകോത്തര നിലവാരമുള്ള താരമാണ് എംബാപ്പെയെന്നും, കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽ പരിശീലകരെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും പരാജയത്തിന് പിന്നിൽ പല ഘടകങ്ങളുമുണ്ടെന്നും മൗറീഞ്ഞോ കൂട്ടിച്ചേർത്തു

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം റോഡ്രി എന്തുകൊണ്ട് റയൽ മാഡ്രിഡിലെത്തിയില്ല എന്ന ചോദ്യത്തിന് മറുപടിയുമായി പരിശീലകനായി വീണ്ടും ചുമതലയേറ്റ ഹൊസെ മൗറീഞ്ഞോ. മാഡ്രിഡിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന റോഡ്രി ചിരവൈരികളായ ബാഴ്സലോണയുമായാണ് കരാർ ഒപ്പിട്ടത്. റോഡ്രിയുടെ മനസ്സിലുണ്ടായിരുന്ന സംശയങ്ങളാണ് ഇതിന് കാരണമായതെന്ന് മൗറീഞ്ഞോ വ്യക്തമാക്കി.
റോഡ്രിക്ക് നിറയെ സംശയങ്ങൾ
ചൊവ്വാഴ്ചയാണ് ക്ലബ്ബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനൊപ്പം മൂന്ന് വർഷത്തെ കരാറിൽ മൗറീഞ്ഞോ റയൽ മാഡ്രിഡിൽ ഔദ്യോഗികമായി ചുമതലയേറ്റത്. ഇതിന് ശേഷം സ്പാനിഷ് ടിവി ഷോയായ 'എൽ ചിരിൻഗ്വിറ്റോ'യ്ക്ക് (El Chiringuito) നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം റോഡ്രിയെക്കുറിച്ച് സംസാരിച്ചത്.
"ഞാൻ റോഡ്രിയുമായി രണ്ട് തവണ സംസാരിച്ചിരുന്നു. റയൽ മികച്ചൊരു ഓഫറാണ് അവന് നൽകിയത്. എന്നാൽ അവന് ചില സംശയങ്ങൾ ഉണ്ടായിരുന്നു. അവന്റെ സംശയം എന്നിലും സംശയങ്ങളുണ്ടാക്കി. അവനൊരു മികച്ച കളിക്കാരനാണ്, പക്ഷേ രണ്ട് തവണ ചിന്തിച്ചുമാത്രം തീരുമാനമെടുക്കുന്ന ഒരു കളിക്കാരനെ ഉൾക്കൊള്ളാൻ കഴിയുന്നതിലും എത്രയോ വലുതാണ് റയൽ മാഡ്രിഡ്. എങ്കിലും അവൻ ഞങ്ങളോട് മാന്യമായാണ് പെരുമാറിയത്, അവന് ഞാൻ നല്ലത് മാത്രം നേരുന്നു," മൗറീഞ്ഞോ പറഞ്ഞു.
ഡ്രസ്സിംഗ് റൂമും എംബാപ്പെയും
2010 മുതൽ 2013 വരെ റയലിനെ പരിശീലിപ്പിച്ച മൗറീഞ്ഞോ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സാന്തിയാഗോ ബെർണാബ്യുവിലേക്ക് മടങ്ങിയെത്തുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിൽ പ്രധാന കിരീടങ്ങളൊന്നും നേടാൻ കഴിയാതിരുന്ന റയൽ മാഡ്രിഡ്, ഡ്രസ്സിംഗ് റൂം പ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ സീസണിൽ മാത്രം സാബി അലോൺസോ, അൽവാരോ അർബെലോവ എന്നീ രണ്ട് പരിശീലകരെയാണ് പുറത്താക്കിയത്.
എന്നാൽ മികച്ചൊരു ഡ്രസ്സിംഗ് റൂമാണ് തനിക്ക് ലഭിച്ചതെന്ന് മൗറീഞ്ഞോ പറഞ്ഞു. "വിജയിക്കണമെന്ന വലിയ ആഗ്രഹമുള്ള, തുറന്ന മനസ്സുള്ള ഒരു ഡ്രസ്സിംഗ് റൂമാണ് ഞാൻ കണ്ടത്. എന്നിലെ അഗ്രസ്സീവായ ലീഡറെ പുറത്തെടുക്കേണ്ട യാതൊരു സാഹചര്യവും ഇതുവരെയുണ്ടായിട്ടില്ല."
സൂപ്പർ താരം കിലിയൻ എംബാപ്പെയെ അദ്ദേഹം വാനോളം പുകഴ്ത്തി. ലോകോത്തര നിലവാരമുള്ള താരമാണ് എംബാപ്പെയെന്നും, കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽ പരിശീലകരെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും പരാജയത്തിന് പിന്നിൽ പല ഘടകങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സീസണും പുതിയ താരങ്ങളും
ഈ സീസണിൽ മാർക് കുക്കുറെല്ല, ബെർണാഡോ സിൽവ, യാൻ ഡിയോമാൻഡെ, ഇബ്രാഹിമ കൊനാറ്റെ, ഡെൻസൽ ഡംഫ്രിസ്, കാർലോസ് എസ്പി എന്നീ ആറ് പുതിയ താരങ്ങളെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുണ്ട്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് ഇനി കൂടുതൽ താരങ്ങളെ ടീമിലെത്തിക്കാൻ സാധ്യതയില്ലെന്നും നിലവിലെ സ്ക്വാഡിൽ താൻ പൂർണ്ണ തൃപ്തനാണെന്നും മൗറീഞ്ഞോ വ്യക്തമാക്കി.
തുടർച്ചയായ രണ്ട് സീസണുകളിൽ ലാ ലിഗ കിരീടം നേടിയ ബാഴ്സലോണയിൽ നിന്ന് ആ കിരീടം തിരികെപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ റയൽ മാഡ്രിഡ് ശനിയാഴ്ച എസ്പന്യോളിനെതിരെ കളിച്ചുകൊണ്ട് തങ്ങളുടെ 2026/27 സീസണിന് തുടക്കം കുറിക്കും.
Adjust Story Font
16

