Quantcast

വിലക്കില്ല, പോയിന്റ് വെട്ടിക്കുറക്കില്ല; കേരളബ്ലാസ്റ്റേഴ്‌സിന് ഏഴ് കോടി പിഴയെന്ന് റിപ്പോർട്ട്‌

വിലക്കുള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതാണിപ്പോൾ പിഴയിലൊതുങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    29 March 2023 6:34 AM GMT

ISL, Kerala Blasters, AIFF
X

ഐ.എസ്.എല്ലില്‍ ബംഗളൂരു എഫ്.സിയുമായുള്ള നോക്കൗട്ട് മത്സരത്തിനിടെ

പനാജി: ഐ.എസ്.എല്ലിൽ മത്സരം പൂർത്തിയാക്കാതെ കളംവിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് അഞ്ച് മുതൽ ഏഴ് കോടി വരെ പിഴ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്)അച്ചടക്ക സമിതിയാണ് പിഴയിടുക. പോയിന്റുകൾ വെട്ടിക്കുറക്കുകയോ ബ്ലാസ്റ്റേഴ്‌സിനെ അടുത്ത സീസണിൽ വിലക്കുകയോ ചെയ്യില്ല.

വിലക്കുള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതാണിപ്പോൾ പിഴയിലൊതുങ്ങുന്നത്. ബംഗളൂരു എഫ്.സിയുമായുള്ള ഐ.എസ്.എൽ നോക്കൗട്ട് സ്റ്റേജിൽ സുനിൽഛേത്രി എടുത്ത ക്വിക്ക് ഫ്രീകിക്കിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം ഉപേക്ഷിച്ച് കളംവിട്ടത്. സുനിൽഛേത്രി എടുത്ത ഫ്രീകിക്കിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഒരുങ്ങിയില്ലെന്നും ഗോൾ അനുവദിക്കാനുള്ള റഫറിയുടെ തീരുമാനം അംഗീകരിക്കില്ലെന്നുമായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമിനോവിച്ചിന്റെ നിലപാട്. എഐഎഫ്എഫ് ‍ഡിസിപ്ലിനറി കോഡിലെ ആർട്ടിക്കിൾ 5‌8 പ്രകാരമാണു ബ്ലാസ്റ്റേഴ്സിനെതിരെ നടപടി വരിക.

നിയമപ്രകാരം മത്സരം ബഹിഷ്കരിച്ചതിനു ഏറ്റവും കുറഞ്ഞത് ആറു ലക്ഷം രൂപയാണു പിഴ. കൂടാതെ ടൂര്‍ണമെന്റിൽനിന്നു വിലക്കുകയോ, ഭാവി മത്സരങ്ങൾ കളിപ്പിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇത്തരം നടപടികൾ എടുക്കാൻ സാധ്യതയില്ല. എങ്കിലും വലിയ പിഴത്തുക തന്നെ ബ്ലാസ്റ്റേഴ്സിനെതിരെ ചുമത്തണമെന്നതാണ് എഐഎഫ്എഫിന്റെ നിലപാട്. ബ്ലാസ്റ്റേഴ്സ് കളി ബഹിഷ്കരിച്ചത് യാതൊരു തരത്തിലും നീതികരിക്കാനാകില്ലെന്നാണ് എഐഎഫ്എഫിന്റെ അഭിപ്രായം. താരങ്ങൾ ഗ്രൗണ്ട് വിട്ടശേഷം 20 മിനിറ്റോളം കാത്തിരുന്ന ശേഷമാണ് റഫറി മത്സരം അവസാനിച്ചതായി പ്രഖ്യാപിച്ചത്.

അതേസമയം പിഴയുടെ തീരുമാനവുമായി ബന്ധപ്പെട്ട് എ.ഐ.എഫ്.എഫ് ഒരുഭാഗത്ത് നിലയുറപ്പിക്കവെ സൂപ്പർകപ്പിന് തയ്യാറെടുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലിലെ അടിക്ക് സൂപ്പർകപ്പിലൂടെ തിരിച്ചടിക്കാനൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്. സ്വന്തം നാട്ടിലാണ് മത്സരം എന്നത് വുകമിനോവിച്ചിനും സംഘത്തിനും ആശ്വാസമേറ്റുന്നു. ഫുൾടീമിനെ തന്നെ ഇറക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് പദ്ധതിയിടുന്നത്. ഐലീഗും ഐഎസ്എൽ ടീമും മാറ്റുരക്കുന്നതാണ് സൂപ്പർകപ്പ്.

TAGS :

Next Story