Quantcast

നാപോളിയുടെ കുതിപ്പിന് തടയിട്ട് ലിവർപൂൾ; അപരാജിതരായി ബയേൺ

ഗ്രൂപ്പിൽ ആറിൽ ആറും ജയിച്ച് 18 പോയിന്റുമായാണ് ബയേൺ യോഗ്യത നേടിയത്

MediaOne Logo

Web Desk

  • Published:

    2 Nov 2022 5:18 AM GMT

നാപോളിയുടെ കുതിപ്പിന് തടയിട്ട് ലിവർപൂൾ; അപരാജിതരായി ബയേൺ
X

ലണ്ടൻ: തുടർച്ചയായ 21 കളികളിൽ തോൽവിയില്ലാതെ കുതിച്ച നാപോളി ആൻഫീൽഡിൽ ലിവർപൂളിന് മുന്നിൽ മുട്ടുമടക്കി. ലിവർപൂൾ ചാമ്പ്യൻസ് ലീഗ് അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ഇറ്റാലിയൻ കരുത്തരായ നാപോളിയെ 2 ഗോളുകൾക്കാണ് വീഴ്ത്തിയത്. ജയത്തോടെ ഗ്രൂപ്പ് എ പോയിന്റ് പട്ടികയിൽ ഇരു ടീമുകൾക്കും 15 പോയിന്റായെങ്കിലും ഗോൾശരാശരിയിൽ നാപോളിയാണ് ഒന്നാമത്. ഇരുവരും നേരത്തെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഗോളടിക്കാതെ അവസാനം വരെ രണ്ടുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ കളിയുടെ 85ാം മിനിറ്റിൽ മുഹമ്മദ് സലാഹും ഇഞ്ച്വറി സമയത്ത് നൂനസുമാണ് ജയത്തിലേക്ക് ഗോളടിച്ചുകയറ്റിയത്.

മറ്റു മത്സരങ്ങളിൽ അയാക്‌സ് റേഞ്ചേഴ്‌സിനെ 3-1നും ബയേൺ എതിരില്ലാത്ത രണ്ടു ഗോളിന് ഇന്റർമിലാനെയും തോൽപിച്ചു. ഗ്രൂപ്പിൽ ആറിൽ ആറും ജയിച്ച് 18 പോയിന്റുമായാണ് ബയേൺ യോഗ്യത നേടിയത്. നേരത്തെ പുറത്തായ ബാഴ്‌സലോണ 4-2ന് വിക്ടോറിയ പ്ലസനെയും പോർട്ടോ 2-1ന് അത്‌ലറ്റികോ മാഡ്രിഡിനെയും തോൽപിച്ചു. പട്ടികയിൽ നാലാമതായ അത്‌ലറ്റികോ മാഡ്രിഡിന് യൂറോപ ലീഗ് യോഗ്യതയും പ്രയാസത്തിലായി.

അതേസമയം, ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിലെത്തി. അവസാന മിനുറ്റിൽ ഗോളും യോഗ്യതയും ഉറപ്പാക്കിയായിരുന്നു ടോട്ടൻഹാം ജയം. ആദ്യ പകുതിയുടെ അധിക സമയത്ത് എംബെംബ ഗോളിൽ മാഴ്‌സെയാണ് മുന്നിലെത്തിയത്. ഇതോടെ മൂന്നാം സ്ഥാനത്തേക്കിറങ്ങിയ ടോട്ടൻഹാം നോക്കൗട്ട് ഘട്ടം കാണാതെ പുറത്താകുമെന്ന് തോന്നിച്ചെങ്കിലും രണ്ടാം പകുതി 10 മിനിറ്റ് പിന്നിടുംമുമ്പ് ലെങ്‌ലെറ്റ് ഗോൾമടക്കി.

ഇഞ്ച്വറി സമയത്ത് ഹെജ്‌ബെർഗ് മാഴ്‌സെ വലയിൽ പന്തെത്തിച്ചതോടെ ഇംഗ്ലീഷുകാർ വിജയം ഉറപ്പിച്ചു. മറുവശത്ത്, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഫ്രാങ്ക്ഫർട്ടിന് മുന്നിൽ സ്‌പോർടിങ് തോൽവിയറിഞ്ഞത് ടോട്ടൻഹാമിന് കാര്യങ്ങൾ എളുപ്പമാക്കി. 2-1നായിരുന്നു ജയം. ഇതോടെ, മാഴ്‌സെ ഗ്രൂപ്പിൽ അവസാനക്കാരായി യൂറോപ ലീഗും കാണാതെ പുറത്തായി.

TAGS :

Next Story