Quantcast

വംശീയതയുടെ നെഞ്ചു പിളർന്ന ആ മൂന്ന് ഗോളുകൾ

സാക അവസാനിപ്പിച്ചേടത്ത് നിന്ന് റഷ്‌ഫോർഡ് തുടങ്ങുകയായിരുന്നു, ഒരു ഗോൾദാഹിയെ പോലെ അയാൾ സൈഡ് ലൈനിൽ നിന്ന് പാഞ്ഞു

MediaOne Logo

ഹാരിസ് നെന്മാറ

  • Updated:

    2022-11-22 14:53:22.0

Published:

22 Nov 2022 2:48 PM GMT

വംശീയതയുടെ നെഞ്ചു പിളർന്ന ആ മൂന്ന് ഗോളുകൾ
X

ഇറാനിയൻ ഗോൾ കീപ്പർ ഹുസൈൻ ഹുസൈനിക്ക് തടുത്തിടാൻ ആകുന്നതിനും എത്രയോ വേഗതയിലായിരുന്നു ആ പന്ത് പാഞ്ഞത്. പെനാൽട്ടി ബോക്‌സിൽ ഉയർന്നു പൊങ്ങിയ ഹാരി മഗ്വെയറിൻറെ തലയിൽ നിന്നാണ് ബുകായോ സാകയുടെ കാലിലേക്ക് ആ പന്ത് പാഞ്ഞെത്തിയത്. ഇടംകാൽ കൊണ്ട് ഗോൾ പോസ്റ്റിൻറെ വലതുമൂലയിലേക്ക് സാക വെടിയുതിർത്തു. ആ വെടിയുണ്ട ഇറാന്‍റെ നെഞ്ചിൽ തുളഞ്ഞു കയറും മുമ്പേ ഇംഗ്ലണ്ടിലെ വംശീയവാദികളായ ഒരു പറ്റം ഹൂളിഗൻസിന്റെ തലയിൽ തുളച്ചു കയറിയിരുന്നു.

2021 ജൂലൈ 12. ഫുട്‌ബോളിൻറെ ചരിത്രത്തിൽ ഇംഗ്ലീഷ് ആരാധകർ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസമാണത്. ഇംഗ്ലണ്ടുകാരുടെ ഹൃദയങ്ങളിൽ ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻ ലൂയി ജി ഡൊണ്ണറുമ്മ കനൽ കോരിയിട്ടത് അന്നാണ്. വെംബ്ലിയിൽ തിങ്ങിനിറഞ്ഞ ഇംഗ്ലീഷ് ആരാധകരെ നിശബ്ദതയിലേക്ക് തള്ളിയിട്ട് ഷൂട്ടൌട്ടിൽ സാക്കയും മാർക്കസ് റാഷ്ഫോർഡും ജേഡൺ സാഞ്ചോയും പെനാൽറ്റികൾ പാഴാക്കുന്നത് അവിശ്വസനീയതയോടെയാണ് അന്നവർ നോക്കി നിന്നത്. തങ്ങളുടെ അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പ് നീളുകയാണെന്ന ബോധ്യത്തിലേക്ക് അവർ നിരാശയോടെ നടന്നടുക്കുകയായിരുന്നു. തങ്ങളുടെ തട്ടകത്തിൽ വച്ച് അസൂറികൾ യൂറോ കപ്പിൽ മുത്തമിടുന്നത് നോക്കി നിൽക്കാനായിരുന്നു അവരുടെ വിധി.

''ആ കറുത്തവർഗക്കാരെ നമുക്കെന്തിനാണ്.. അവരെ പുറത്താക്കൂ..'' മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ഇംഗ്ലീഷ് ആരാധകർ വംശീയത തുപ്പി. സാക്കക്കും റാഷ്‌ഫോർഡിനും താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു അത്. പെനാൽറ്റി നഷ്ടമാക്കിയപ്പോഴെ തന്നെ കാത്തിരിക്കുന്ന വിധിയെക്കുറിച്ച് തനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു എന്നാണ് അന്ന് സാക പ്രതികരിച്ചത്. ടീം വിജയിക്കുമ്പോഴൊന്നും തങ്ങളെ കുറിച്ച് മിണ്ടാത്തവർ ടീം പരാജയപ്പെടുമ്പോഴൊക്കെ തോൽവികളുടെ പാപഭാരം മുഴുവൻ തങ്ങളുടെ തലയിൽ കെട്ടിവക്കുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യം യൂറോപ്പിലെ കുടിയേറ്റക്കാരായ കളിക്കാരുടെ മനസ്സിൽ എക്കാലവും മുഴങ്ങിയിരുന്നു.

ഇറാനെതിരെ സാകയുടെ ആ ഗോൾ പിറന്ന് അര മണിക്കൂർ കഴിയും മുമ്പേ ഒരിക്കൽ കൂടി അയാൾ വലകുലുക്കി. ഇത്തവണ ആദ്യത്തേതിനേക്കാളും സുന്ദരമായൊരു ഗോൾ. അഞ്ച് പേരെ നിരത്തി ഇറാൻ പണിത പ്രതിരോധക്കോട്ടയിൽ അതിനോടകം തന്നെ മൂന്ന് തവണ വിള്ളൽ വീണ് കഴിഞ്ഞിരുന്നു. വലതു വിങ്ങിൽ നിന്ന് പന്തുപിടിച്ചെടുത്ത സാക പെനാൽട്ടി ബോക്‌സിലെത്തുമ്പോൾ ആറ് ഇറാനിയൻ താരങ്ങൾക്ക് അയാൾക്ക് മുന്നിലുണ്ടായിരുന്നു. രണ്ടു പേരെ വെട്ടിയൊഴിഞ്ഞ് നാലു പേരെ കാഴ്ച്ചക്കാരാക്കി നിർത്തി സാക നിറയൊഴിച്ചു. തൻറെ ആദ്യ ലോകകപ്പിലെ ആദ്യ മത്സരം തന്നെ അയാൾ അവിസ്മരണീയമാക്കുകയായിരുന്നു. 2021 ൽ തന്നെ പുറത്താക്കാൻ ഗാലറിയിലിരുന്ന് കൂവി വിളിച്ച വെള്ളക്കാരൻറെ വംശീയ ഹുങ്കിന് അതിലും മനോഹരമായൊരു മറുപടി അയാളുടെ പക്കലുണ്ടായിരുന്നില്ല.

അടുത്തത് റാഷ്‌ഫോർഡിൻറെ ഊഴമായിരുന്നു. മത്സരം അവസാനിക്കാൻ 20 മിനിറ്റ് ബാക്കി നിൽക്കേ സാകയുടെ പകരക്കാരനായി അയാൾ മൈതാനത്തിറങ്ങി. സാക അവസാനിപ്പിച്ചേടത്ത് നിന്ന് റഷ്‌ഫോർഡ് തുടങ്ങുകയായിരുന്നു. ഒരു ഗോൾദാഹിയെ പോലെ അയാൾ സൈഡ് ലൈനിൽ നിന്ന് പാഞ്ഞു. മൈതാനത്തിറങ്ങി വെറും മൂന്ന് ടച്ചിനുള്ളിൽ റാഷ്‌ഫോർഡ് വലകുലുക്കുന്ന കാഴ്ചയാണ് പിന്നീട് ആരാധകർ കണ്ടത്. പകരക്കാരനായിറങ്ങിയതിന് ശേഷം ഗോൾ കണ്ടെത്താൻ അയാളെടുത്തത് വെറും 49 സെക്കൻറ്. രണ്ടാം ഗോൾ കണ്ടെത്താൻ സാക പാഞ്ഞ അതേ വലതുവിങ്ങിലൂടെ കുതിച്ചു പാഞ്ഞ് മൂന്ന് ഇറാനിയൻ താരങ്ങളെ കാഴ്ചക്കാരനാക്കി നിർത്തിയാണ് റാഷ്‌ഫോർഡ് നിറയൊഴിച്ചത്.

ഞാൻ മാർക്കസ് റാഷ്ഫോർഡ്. 23 വയസ്സ്, വിതിങ്ടണിൽ നിന്നുള്ള കറുത്ത വർഗക്കാരൻ. എൻറെ ടീമിന് വേണ്ടി എന്നോട് ആവശ്യപ്പെട്ടത് ഒരു പെനാൽറ്റി മാത്രമാണ്. ഒരു പക്ഷേ ഉറക്കത്തിൽ പോലും എനിക്കത് ചെയ്യാനാവുമായിരുന്നു... പക്ഷെ അന്ന് എനിക്കെന്താണ് സംഭവിച്ചത് എന്നറിയില്ല. 55 വർഷത്തെ കാത്തിരിപ്പാണ്.. ഒരു പെനാൽറ്റി.. എല്ലാവരോടും മാപ്പ്.. എന്നാൽ ഞാൻ ആരാണ്, എവിടെ നിന്ന് വരുന്നു എന്നതിൻറെ പേരിൽ എനിക്കൊരു ഖേദവുമില്ല..ഒരാളോടും ഞാൻ മാപ്പ് പറയാനും പോവുന്നില്ല'.

യൂറോ കപ്പിന്റെ കലാശപ്പോരിൽ ഇറ്റലിക്കെതിരെ പെനാൽട്ടി പാഴാക്കിയതിന് ശേഷം തന്നെ പുറത്താക്കാൻ അലറി വിളിച്ച വംശീയ വാദികൾക്ക് റാഷ്‌ഫോർഡ് നൽകിയ ധീരമായ മറുപടിയിൽ എല്ലാമുണ്ടായിരുന്നു. ആ മത്സരത്തിന് ശേഷം അയാൾ ആദ്യമായാണ് തൻറെ രാജ്യത്തിനായി ഒരു അന്താരാഷ്ട്ര മത്സരത്തിൽ കളിക്കാനിറങ്ങുന്നത്. അതും കാൽപ്പന്തുകളിയുടെ വിശ്വമേളയിൽ. 71 ആം മിനിറ്റിൽ പിറന്ന ആ ഗോളിനു ശേഷം അയാളുടെ മുഖത്ത് ശാന്തമായൊരു ചിരിയാണാരാധകർ കണ്ടത്. യൂറോപ്പിൻറെ ഗാലറികളിൽ ഒരു മഹാമാരിയെന്നോണം പടർന്നു പിടിച്ച വംശീയതയുടെ തീച്ചൂടിൽ വാടിക്കരിയാത്ത ഒരു പറ്റം പോരാളികൾ എക്കാലവും ഈ മൈതാനങ്ങളിൽ തന്നെയുണ്ടാവുമെന്ന് പറയാതെ പറഞ്ഞു വക്കുകയായിരുന്നു അയാൾ.

TAGS :

Next Story