Quantcast

'ആന്റണിയെ വിട്ടൊരു കളിക്കില്ല'; ലോണിലെത്തിച്ച ബ്രസീലിയനുമായി കരാറിലെത്താൻ സ്പാനിഷ് ക്ലബ്

റയൽ ബെറ്റീസിലെ അരങ്ങേറ്റ മത്സരത്തിൽ അസിസ്റ്റുമായി ആന്റണി വരവറിയിച്ചിരുന്നു

MediaOne Logo

Sports Desk

  • Published:

    11 Feb 2025 9:07 PM IST

Not a game without Anthony; Spanish club to reach an agreement with the Brazilian on loan
X

മാഡ്രിഡ്: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിലെത്തിച്ച ബ്രസീലിയൻ വിംഗർ ആന്റണിയുമായി കരാറിലെത്താൻ റയൽ ബെറ്റീസ്. ലോണിലെത്തിയ ശേഷമുള്ള രണ്ടു മത്സരങ്ങളിലും ബെറ്റീസിനായി മികച്ച പ്രകടനമാണ് താരം നടത്തിയത്. രണ്ടിലും കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് ആന്റണിയെ അടുത്ത സീസണിൽ ക്ലബിനൊപ്പം നിർത്താൻ സ്പാനിഷ് ക്ലബ് കരുക്കൾ നീക്കിയത്.

2022ൽ 85 മില്യൺ പൗണ്ടിന് (ഏകദേശം 914 കോടി) അയാക്‌സിൽ നിന്ന് യുണൈറ്റഡിലെത്തിയ ആന്റണിക്ക് ഫോമിലേക്കുയരാനായിരുന്നില്ല. എറിക് ടെൻ ഹാഗിന് കീഴിൽ ഇറങ്ങിയ വലതുവിങർ പലപ്പോഴും മോശം ഫോമിന്റെ പേരിൽ നിരന്തര ട്രോളുകൾക്കും വിധേയനായി. 96 മത്സരങ്ങളിൽ നിന്നായി 12ഗോളുകളാണ് എല്ലാ ചാമ്പ്യൻഷിപ്പുകളിൽ നിന്നുമായി 24 കാരൻ യുണൈറ്റഡിനായി സ്വന്തമാക്കിയത്. ടെൻഹാഗിന് ശേഷം റൂബൻ അമോറിം ഇംഗ്ലീഷ് ക്ലബിന്റെ പരിശീലക സ്ഥാനമേറ്റെടുത്തതോടെ ബ്രസീലിയന്റെ സ്ഥിതി കൂടുതൽ പരുങ്ങലിലായി.സബ്‌സ്റ്റിറ്റിയൂട്ടായി പോലും പലപ്പോഴും അവസരം ലഭിച്ചില്ല.

ഇതോടെ ജനുവരി ട്രാൻസ്ഫറിൽ റയൽ ബെറ്റീസിലേക്ക് ലോണിൽ വിടാൻ യുണൈറ്റഡ് തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇംഗ്ലണ്ടിൽ കിതച്ച ആന്റണി സ്‌പെയിനിൽ തകർപ്പൻ കളിയാണ് പുറത്തെടുത്തത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ അസിസ്റ്റുമായി തിളങ്ങിയ യുവതാരം രണ്ടാം മാച്ചിൽ ഗോളും നേടി ആരാധകരുടെ പ്രതീക്ഷകാത്തു. ഇതോടെ അടുത്ത സീസണിലും താരത്തെ നിലനിർത്താനുള്ള ശ്രമങ്ങളിലാണ് റയൽ ബെറ്റീസ്. കഴിഞ്ഞ ദിവസം സെവിയ്യയിലെ റേഡിയോ അഭിമുഖത്തിൽ ബെറ്റീസ് സിഇഒ റമോൻ അൽകറോണാണ് താരത്തെ ടീം നിലനിർത്തുമെന്ന സൂചന നൽകിയത്.

TAGS :

Next Story