ഗോളടിച്ച് എംബാപ്പെയും ബെല്ലിങ്ഹാമും; ബാഴ്‌സക്കെതിരെ റയലിന് തകർപ്പൻ ജയം, 2-1
പോയന്റ് ടേബിളിൽ ഒന്നാമത് തുടരുന്ന റയലിന്റെ സീസണിലെ ഒൻപതാം ജയമാണിത്.

മാഡ്രിഡ്: സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് ജയം. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സലോണയെ തകർത്തുവിട്ടത്. കിലിയൻ എംബാപ്പെ(22), ജൂഡ് ബെല്ലിങ്ഹാം(43) ലോസ് ബ്ലാങ്കോസിനായി ഗോൾ നേടി. ഫെർമിൻ ലോപ്പസിലൂടെയാണ്(38) ബാഴ്‌സ ആശ്വാസ ഗോൾ കണ്ടെത്തിയത്. കളിയുടെ അവസാന മിനിറ്റിൽ പെഡ്രി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി.
കഴിഞ്ഞ സീസണിൽ എൽക്ലാസികോയിൽ സമ്പൂർണ്ണ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ബാഴ്‌സ റയൽ തട്ടകത്തിലേക്കെത്തിയത്. എന്നാൽ തുടക്കം മുതൽ കറ്റാലൻ സംഘത്തിന് മുന്നിൽ ഭീഷണി തീർത്ത ആതിഥേയർ എംബാപ്പെയിലൂടെ തുടരെ ഇരമ്പിയെത്തി. 5ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിനെ ബോക്‌സിൽ വീഴ്ത്തിയതിന് റയലിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ ഫൗൾ അല്ലെന്ന് കണ്ടെത്തി. 14ാം മിനമിറ്റിൽ കിലിയൻ എംബാപ്പെയിലൂടെ റയൽ ഗോൾ നേടിയെങ്കിലും വാറിൽ ഓഫ് സൈഡാണെന്ന് വ്യക്തമായി. എന്നാൽ 22ാം മിനിറ്റിൽ മികച്ചൊരു പാസിംഗ് ഗെയിമിലൂടെ റയൽ ആദ്യ ഗോൾ നേടി. മധ്യത്തിൽ നിന്ന് ജൂഡ് ബെല്ലിങ്ഹാം നൽകിയ ത്രൂബോൾ കൃത്യമായി സ്വീകരിച്ച എംബാപ്പെ ഗോൾകീപ്പർ ഷെസ്‌നിയെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. സീസണിലെ 11ാം ഗോളാണ് ഫ്രഞ്ച് സ്‌ട്രൈക്കർ കുറിച്ചത്. ഇതിന് മറുപടിയായി 38ാം മിനിറ്റിൽ ബാഴ്‌സ ഗോൾ മടക്കി. ആർദ ഗുള്ളറിന്റെ മിസ്‌റ്റേക്കിൽ ലഭിച്ച പന്ത് റാഷ്‌ഫോഡ് ഫെർമിൻ ലോപ്പസിന് തളികയിലെന്നപോലെ നൽകി. മികച്ച ഫിനിഷിലൂടെ ഫെർമിൻ ബാഴ്‌സക്കായി സമനില പിടിച്ചു(1-1).
എന്നാൽ 43ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിലൂടെ റയൽ രണ്ടാം ഗോൾ നേടി. എഡർമിനിറ്റാവോയായിരുന്നു അസിസ്റ്റ് നൽകിയത്. രണ്ടാം പകുതിയിൽ ഗോൾ മടക്കാനായി ബാഴ്‌സ നിരന്തരം റയൽ ബോക്‌സിലേക്ക് ഇരമ്പിയെത്തിയെങ്കിലും എഡർ മിലിറ്റാവോ ഡ്യീൻ ഹ്യൂസൻ നേതൃത്വം നൽകിയ പ്രതിരോധ കോട്ട പൊളിക്കാനായില്ല. ലമീൻ യമാലിനെ കൃത്യമായി മാർച്ച് ചെയ്ത് ആൽവാരോ കരാറെസും റയൽ വിജയത്തിൽ നിർണായക റോൾ വഹിച്ചു.
Adjust Story Font
16

