ബെല്ലിങ്ഹാമിന് റെഡ്കാർഡ്, വിവാദം; റയലിനെ സമനിലയിൽ കുരുക്കി ഒസാസുന,1-1
- റഫറിയുടെ തീരുമാനത്തെ ചോദ്യംചെയ്തതിനാണ് റയൽ മധ്യനിരതാരത്തിന് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചത്

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പ്ലേഓഫിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നേടിയ തകർപ്പൻ ജയവുമായി ലാലീഗയിൽ ഇറങ്ങിയ റയൽമാഡ്രിഡിന് തിരിച്ചടി. ഒസാസുന ചാമ്പ്യൻ ക്ലബിനെ സമനിലയിൽ കുരുക്കി. ഇരുടീമുകളും ഓരോ ഗോൾവീതം നേടി. 15ാം മിനിറ്റിൽ കിലിയൻ എംബാപ്പെയിലൂടെ റയൽ മുന്നിലെത്തി. എന്നാൽ 39ാം മിനിറ്റിൽ റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തതിന് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിന് ചുവപ്പ് കാർഡ് ലഭിച്ചത് മത്സരത്തിൽ വഴിത്തിരിവായി. ഡയറക്ട് റെഡ്കാർഡ് നൽകിയ സ്പാനിഷ് റഫറി ജോസ് മുനേറയുടെ തീരുമാനം ഇതോടെ വിവാദമാകുകയും ചെയ്തു. ആദ്യ പകുതിയിൽ പത്തുപേരായി ചുരുങ്ങിയ റലയിനെതിരെ ഒസാസുന വൈകാതെ സമനില പിടിച്ചു.
58ാം മിനിറ്റിൽ ഒസാസുന താരത്തെ കമവിംഗ് ബോക്‌സിൽ വീഴ്ത്തിയതിന് പെനാൽറ്റി. കിക്കെടുത്ത ആന്റെ ബുധിമീർ പന്ത് വലയിലാക്കി(1-1). പത്തുപേരായി ചുരുങ്ങിയ റയലിനെ കൃത്യമായി പ്രതിരോധിച്ച ഒസാസുന സമനിലയുമായി വിലപ്പെട്ട ഒരു പോയന്റ് സ്വന്തമാക്കി. റയൽ താരങ്ങളെ ബോക്‌സിൽ വീഴ്ത്തിയതിന് പെനാൽറ്റി നിഷേധിച്ചുവെന്നതടക്കം മത്സരത്തിലുടനീളം നിരവധി വിവാദ സംഭവങ്ങളാണുണ്ടായത്. റയൽ പരിശീലകൻ കാർലോ അൻസലോട്ടിയും റഫറിയുടെ മഞ്ഞകാർഡ് ഏറ്റുവാങ്ങി
Adjust Story Font
16

