ലിവർപൂളിനൊപ്പം മോശം ഫോമിൽ; ആഫ്‌കോണിൽ ഈജിപ്തിന്റെ വിജയശിൽപിയായി സലാഹിന്റെ കംബാക്
ലിവർപൂളിനായി അവസാന 20 മാച്ചിൽ അഞ്ച് ഗോൾമാത്രം നേടിയ സലാഹ് ഈജിപ്തിനായി കഴിഞ്ഞ 15 മത്സരങ്ങളിൽ നിന്നായി 13 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

ലണ്ടൻ: ലിവർപൂളിൽ മുഹമ്മദ് സലാഹിന്റെ ഭാവി അനിശ്ചിതത്വത്തിലായിട്ട് ദിവസങ്ങൾ കുറച്ചായി. പതിവ് ഫോം തുടരാതെ വന്നതോടെ പരിശീലകൻ ആർനെ സ്ലോട്ടിന്റെ പ്ലെയിങ് ഇലവനിൽ നിന്നും പലപ്പോഴും സ്ഥാനം തെറിച്ചു. എന്നാൽ ഇംഗ്ലണ്ട് വിട്ട് മൊറോക്കോയിലെത്തിയ താരം ആഫ്രിക്കൻ നേഷൻസ് കപ്പിൽ തകർപ്പൻ ഫോമിലാണ്. വൻകരാപോരാട്ടത്തിൽ കളിച്ച രണ്ട് മത്സരത്തിലും ഗോളടിച്ച് ഈജിപ്തിന്റെ വിജയശിൽപിയായിരിക്കുകയാണ് സലാഹ്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഈജിപ്തിന്റെ വിജയം. 45ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് സലാഹിന്റെ വിജയമുറപ്പിച്ച ഗോളെത്തിയത്. നേരത്തെ ആഫ്‌കോൺ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിലും ലിവർപൂൾ താരമായിരുന്നു ടീമിന്റെ ഹീറോയായത്.
Mo Salah’s season tells two 𝙫𝙚𝙧𝙮 𝙙𝙞𝙛𝙛𝙚𝙧𝙚𝙣𝙩 stories 🇪🇬📜🔴 pic.twitter.com/MoLIt5m2Ui
— LiveScore (@livescore) December 26, 2025
സിംബാബ്വെക്കെതിരായ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിലാണ് സലാഹ് ഈജിപ്തിന്റെ വിജയ ഗോൾനേടിയത്. ഇരുടീമുകളും ഓരോ ഗോളടിച്ച് നിൽക്കെ മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു ലിവർപൂൾ ഫോർവേഡ് ഹീറോയായി അവതരിച്ചത്. ഇംഗ്ലീഷ് മണ്ണിൽ തുടരുന്ന പ്രതിസന്ധിയും ഗോൾ വരൾച്ചയുമൊന്നും ആഫ്‌കോണിൽ തന്റെ പ്രകടനത്തെ ബാധിച്ചില്ലെന്ന് തെളിയിക്കുന്ന പ്രകടനം. ബാക് ടു ബാക് വിജയം സ്വന്തമാക്കിയതോടെ ഗ്രൂപ്പ് ബിയിൽ തലപ്പത്താണ് ഈജിപ്തിപ്പോൾ. കഴിഞ്ഞ 20 മത്സരങ്ങളിൽ ലിവർപൂളിനായി അഞ്ച് ഗോളുമാത്രമായിരുന്നു സലാഹിന്റെ സമ്പാദ്യം. എന്നാൽ ദേശീയ ടീമിലേക്ക് എത്തുമ്പോൾ അയാളുടെ ബൂട്ടുകൾ ശബ്ദിച്ചുകൊണ്ടേയിരുന്നു.
കഴിഞ്ഞ 15 മാച്ചിൽ അടിച്ചുകൂട്ടിയത് 13 ഗോളുകൾ. മൂന്ന് അസിസ്റ്റ്. ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപ്ഷ്യൻ കിങ് ഇങ്ങനെ നിറഞ്ഞുകളിക്കുമ്പോൾ ലിവർപൂൾ ആരാധകരും ഹാപ്പിയാണ്. ദേശീയഡ്യൂട്ടി കഴിഞ്ഞ് തിരികെയെത്തുമ്പോൾ ഇതേ ഫോമിൽ താരത്തെ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

