Quantcast

രണ്ടിൽ രണ്ട്; വെസ്റ്റ് ബംഗാളിനെയും മറികടന്ന് കേരളം

കരുത്തരായ വെസ്റ്റ് ബംഗാളിനെ കേരളം തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്.

MediaOne Logo

Web Desk

  • Updated:

    2022-04-18 19:28:59.0

Published:

18 April 2022 4:50 PM GMT

രണ്ടിൽ രണ്ട്; വെസ്റ്റ് ബംഗാളിനെയും മറികടന്ന് കേരളം
X

സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തിന് മിന്നും ജയം. കരുത്തരായ വെസ്റ്റ് ബംഗാളിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്. ബംഗാള്‍ ഒരുക്കിയ കരുത്തുറ്റ പ്രതിരോധത്തെ കീഴടക്കി രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ നൗഫലാണ് കേരളത്തിന് ആദ്യ ഗോള്‍ നേടിയത്. 84 ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്‍കിയ പാസില്‍ ബംഗാളിന്റെ ഒരു പ്രതിരോധ താരത്തെയും മികച്ച ഫോമിലുള്ള ഗോള്‍കീപ്പറെയും കബളിപ്പിച്ചാണ് നൗഫല്‍ ഗോള്‍ നേടിയത്. മത്സരം രണ്ടാം പകുതിയുടെ അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് പകരക്കാരനായി എത്തിയ ജെസിന്‍ കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ആദ്യ പകുതിയിൽ നന്നായി കളിച്ച കേരളം സമാനമായി തന്നെയാണ് രണ്ടാം പകുതിയും തുടങ്ങിയത്. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കേരളത്തിനു ലഭിച്ച അവസരം പക്ഷെ ബംഗാൾ ഗോൾ കീപ്പർ രക്ഷിച്ചു.

ഒപ്പത്തിനൊപ്പം പോയ മത്സരത്തിൽ പലപ്പോഴും ഇരു ടീമുകളും അവസരങ്ങൾ തുറന്നു. 85 -ാം മിനിറ്റിൽ കേരളം കാത്തിരുന്ന ഗോൾ പിറന്നു. ക്യാപ്റ്റൻ ജിജോ ജോസഫ്‌ നൽകിയ പാസിൽ പകരക്കാനായി ഇറങ്ങിയ നൗഫൽ ഗോൾ കണ്ടെത്തി. ഇഞ്ച്വറി സമയത്ത് ബംഗാളിന് ലഭിച്ച ഫ്രീകിക്കിൽ നിന്നു ബംഗാൾ താരം ഉതിർത്ത ഷോട്ട് അവിശ്വസനീയമായാണ് കേരള ഗോൾ കീപ്പർ മിഥുൻ രക്ഷിച്ചത്. തൊട്ടടുത്ത മിനിറ്റിൽ തന്നെ കേരളം രണ്ടാം ഗോൾ നേടി. പ്രത്യാക്രമണത്തിൽ ബംഗാൾ താരത്തിൽ നിന്നു ബോൾ പിടിച്ചെടുത്ത കേരളം ജെസിനിലൂടെ ഗോൾ കണ്ടത്തുകയായിരുന്നു. കേരളാ പ്രതിരോധ താരം മുഹമ്മദ് ഷഹീഫ് സ്വന്തം ഹാഫില്‍ നിന്ന് തുടക്കമിട്ട മുന്നേറ്റം വലതു വിങ്ങില്‍ മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ജെസിന് നല്‍ക്കി. ജെസിന്‍ ഗോളാക്കി മാറ്റി. തുടർച്ചയായ രണ്ടാം ജയത്തോടെ കേരളം നിലവിൽ ഗ്രൂപ്പിൽ ഒന്നാമതാണ്.

ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചിരുന്നെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മധ്യനിരയിൽ ഇരു ടീമുകളും തമ്മിൽ കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ പലപ്പോഴും മുൻതൂക്കം കേരളത്തിനായിരുന്നു. എന്നാൽ ഗോളിനുള്ള അവസരം ഉണ്ടാക്കിയെടുക്കാൻ കേരളത്തിനായില്ല. ഇടക്ക് അർജുൻ ജയരാജ് എടുത്ത ഫ്രീകിക്ക് ബംഗാൾ ബോക്സിൽ അപകടം വിതച്ചുങ്കിലും ഗോൾ എന്നത് അപ്പോഴും അകലെയായി. മികച്ച ത്രൂ ബോൾ നൽകാനുള്ള സോയൽ ജോഷിയുടെ ശ്രമം ബംഗാൾ പ്രതിരോധവും തടഞ്ഞു. മറു വശത്ത് ശുബം ബോവ്ശിക്കിന്റെ വേഗത കേരളത്തിനു പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ഫർദിൻ അലി മുല്ലയും ബംഗാളിനായി അവസരങ്ങൾ ഉണ്ടാക്കി.

അതേസമയം നേരത്തെ നടന്ന മത്സരത്തില് മേഘാലയ ജയിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെട്ടിരുന്നു. മേഘാലയക്ക് വേണ്ടി ഫിഗോ സിന്‍ഡായി ഇരട്ടഗോള്‍ നേടി. ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി ഒരു ഗോള്‍ നേടി. രാജസ്ഥാന് വേണ്ടി യുവരാജ് സിംങ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

TAGS :

Next Story