Quantcast

സന്തോഷ് ട്രോഫി; മേഘാലയക്ക് വിജയത്തുടക്കം, ഫിഗോ സിന്‍ഡായിക്ക് ഇരട്ട ഗോൾ

രാജസ്ഥാന് വേണ്ടി യുവരാജ് സിംങ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി

MediaOne Logo

Web Desk

  • Updated:

    2022-04-18 12:54:35.0

Published:

18 April 2022 12:47 PM GMT

സന്തോഷ് ട്രോഫി; മേഘാലയക്ക് വിജയത്തുടക്കം, ഫിഗോ സിന്‍ഡായിക്ക് ഇരട്ട ഗോൾ
X

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തിനിറങ്ങിയ മേഘാലയക്ക് വിജയത്തുടക്കം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെട്ടിരുന്നു. മേഘാലയക്ക് വേണ്ടി ഫിഗോ സിന്‍ഡായി ഇരട്ടഗോള്‍ നേടി. ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി ഒരു ഗോള്‍ നേടി. രാജസ്ഥാന് വേണ്ടി യുവരാജ് സിംങ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

കേരളത്തിനെതിരായ ആദ്യ മത്സരത്തിലിറങ്ങിയ ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇന്നിറങ്ങിയത്. രണ്ടാം മിനുട്ടില്‍ തന്നെ രാജസ്ഥാന്‍ ലീഡെടുത്തു. പകരക്കാരനായി ഇറങ്ങിയ ത്രിലോക്ക് ലോഹര്‍ എറിഞ്ഞ ലോങ് ത്രോ രാജസ്ഥാന്‍ സ്‌ട്രൈക്കര്‍ യുവരാജ് സിങ് ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നു കളിച്ച മേഘാലയക്ക് നിരവധി അവസരങ്ങൾ നഷ്ടമായി.

25-ാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് ഫിഗോ സിന്‍ഡായിയുടെ ഇടംകാലന്‍ മഴവില്‍ ഗോളിലൂടെ മേഘാലയ സമനില പിടിച്ചു. ബോക്‌സിന് പുറത്തു നിന്ന് ഇടതു കാലുകൊണ്ട് പോസ്റ്റിന്റെ കോര്‍ണറിലേക്ക് മനോഹരമായി അടിച്ചു ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ന്നും മേഘാലയക്ക് നിരവധി അവസരം ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. 39-ാം മിനുട്ടില്‍ മേഘാലയ ലീഡെടുത്തു. പകരക്കാരനായി എത്തിയ ഷാനോ ടാരിങ്ക് ബോക്‌സിലേക്ക് നീട്ടി നല്‍ക്കിയ പാസില്‍ നിന്ന് ലഭിച്ച പന്ത് ഫിഗോ സിന്‍ഡായി അനായാസം സെകന്റ് പോസ്റ്റിലേക്ക് അടിച്ചിടുകയായിരുന്നു. സിന്‍ഡായിയുടെ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം ഗോള്‍.

56-ാം മിനുട്ടില്‍ രാജസ്ഥാന്‍ സമനില പിടിച്ചു. മേഘാലയന്‍ മധ്യനിരയില്‍ വരുത്തിയ പിഴവില്‍ നിന്ന് വീണു കിട്ടിയ അവസരം ഗൗതം ബിസ്സ ബോക്‌സിന് പുറത്തു നിന്ന് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചു. ഗോള്‍കീപ്പര്‍ തട്ടിഅകറ്റിയെങ്കിലും ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന ഇമ്രാന്‍ ഖാന്‍ ഗോളാക്കി മാറ്റുകയായിരുന്നു. മേഘാലയന്‍ താരം ഫിഗോ സിന്‍ഡായിക്ക് ഹാട്രിക് നേടാന്‍ അവസരം ലഭിച്ചെങ്കിലും രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി. 62-ാം മിനുട്ടില്‍ പകരക്കാരനായി എത്തിയ മേഘാലയന്‍ താരം സ്റ്റീഫന്‍സണ്‍ പെലെയെ ബോക്‌സിനകത്തു നിന്ന് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്‍ഗബ്രി അനായാസം ഗോളാക്കി മാറ്റി.

TAGS :

Next Story