‘ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചത് സൗദി ലീഗ് തന്നെ’; റൊണാൾഡോയെ പിന്തുണച്ച് നെയ്മർ
റിയാദ്: സൗദി പ്രൊ ലീഗ് ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണത്തെ പിന്തുണച്ച് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. സിഎൻഎൻ സ്പോർടുമായുള്ള അഭിമുഖത്തിലാണ് നെയ്മർ റൊണാൾഡോയെ പിന്തുണച്ച് രംഗത്തെത്തിയത്.
‘‘ഞാൻ ക്രിസ്റ്റ്യാനോയെ പിന്തുണക്കുന്നു. ഇന്ന് സൗദി ലീഗ് ഫ്രഞ്ച് ലീഗിന് മുകളിലാണ്. സൗദി പ്രൊലീഗിന്റെ നിലവാരം ഉയർന്നുകൊണ്ടിരിക്കുന്നു. ഫ്രഞ്ച് ലീഗിന് അതിന്റേതായ ഗുണങ്ങളുണ്ട്. കരുത്തുറ്റ ലീഗാണത്. ഞാനവിടെ കളിച്ചതിനാൽ തന്നെ എനിക്ക് അതറിയാം. പക്ഷേ ഇന്ന് സൗദി ലീഗിലെ കളിക്കാരാണ് കൂടുതൽ മികച്ചത്’’ -നെയ്മർ പറഞ്ഞു.
സൗദിയിലേതിന് സമാനമായുള്ള 38-40 ഡിഗ്രി ചൂടിൽ ഒന്നോടി നോക്കിയാൽ സൗദി ലീഗ് ഫ്രഞ്ച് ലീഗിനെക്കാൾ മികച്ചതാണെന്ന് നിങ്ങൾക്ക് മനസ്സിലാകുമെന്ന് റൊണാൾഡോ അടുത്തിടെ പറഞ്ഞിരുന്നുഇത് ഫ്രഞ്ച് ലീഗ് ലീഗ് നടത്തിപ്പുകാരെ ചൊടിപ്പിച്ചിരുന്നു. ഖത്തറിലെ 38 ഡിഗ്രി ചൂടിൽ മെസ്സി കളിച്ചപ്പോൾ എന്ന ക്യാപ്ഷനിൽ ലോകകപ്പുമായി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് അവർ അതിന് മറുപടി നൽകിയത്.
പി.എസ്.ജിക്കായി ആറ് വർഷത്തോളം പന്തുതട്ടിയ നെയ്മർ 117 മത്സരങ്ങളിൽ ഫ്രഞ്ച് ലീഗിൽ കളത്തിലിറങ്ങിയിട്ടുണ്ട്. തുടർന്ന് 2023ലാണ് നെയ്മർ സൗദി ക്ലബായ അൽഹിലാലിൽ ചേർന്നത്. തുടർ പരിക്കുകൾ കാരണം കളത്തിന് പുറത്തായ നെയ്മർ വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് അൽഹിലാലിനായി കളത്തിലിറങ്ങിയത്.
Adjust Story Font
16