അരങ്ങൊഴിയുന്നത് വെറുമൊരു കളിക്കാരനല്ല, ഫുട്‍ബോൾ മൈതാനത്തെ ഒരു അതുല്യ കലാകാരൻ കൂടിയാണ്.

- Published:
28 Sept 2025 12:43 AM IST

കാല് കൊണ്ട് മൈതാനത്ത് ചിത്രം വരക്കുന്നവരെ കണ്ടിട്ടുണ്ടോ, പാസുകൾ കൊണ്ട് കളിയിടങ്ങളിൽ കവിത രചിക്കുന്നവരെ പറ്റി കേട്ടിട്ടുണ്ടോ, പ്രസ് ചെയ്യാനെത്തുന്നവർക്ക് മുന്നിൽ പന്തടക്കം കൊണ്ട് മായാജാലം തീർക്കുന്നവരെ പറ്റി വായിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ നിങ്ങൾ സെർജിയോ ബുസ്കറ്റ്‌സ് പന്തുതട്ടുന്നത് ഇത് വരെ കണ്ടിട്ടില്ലെന്നതാണ് സത്യം.
'വംശനാശം നേരിടുന്ന പ്രൊഫൈലിലുള്ള ഒരു താരത്തെ ഞാനിന്ന് നേരിൽ കണ്ടു, ഒരു അസാമാന്യ പ്രതിഭയാണയാൾ', സെർജിയോ ബുസ്കറ്റ്‌സിന്റെ മത്സരം ആദ്യമായി നേരിൽ കണ്ട ശേഷം അർജന്റൈൻ ഇതിഹാസ പരിശീലകൻ സീസർ ലൂയിസ് മെനോട്ടി തന്റെ സുഹൃത്തിനെ വിളിച്ചു പറഞ്ഞു. മുന്നിൽ ലയണൽ മെസ്സി, തിയറി ഹെൻറി, സാമുവൽ എറ്റു, തൊട്ടു പുറകിൽ സാവിയും ഇനിയസ്റ്റയും യായ ടൂറയും, ഗോളുകളും അസിസ്റ്റുകളുമായി സ്‌കോർ ഷീറ്റുകളിൽ ഇടം പിടിക്കാൻ താരങ്ങൾ പരസ്പരം മത്സരിക്കുന്ന ബാഴ്സലോണ സംഘത്തിലേക്കാണ് ഇരുപതുകാരൻ സെർജിയോ ബുസ്കറ്റ്‌സ് 2008 ൽ കടന്നു വരുന്നത്. ഏഴാം വയസിലാണ് ബുസ്കറ്റ്‌സ് ആദ്യമായി ഫുട്‍ബോൾ മൈതാനത്തേക്കിറങ്ങുന്നത്. ലോക്കൽ ക്ലബുകളായ ബാർബറ അന്തലൂസിയയിലും എസ്‌പോർട്ടീവാ ലെയ്ഡയിലും എല്ലാം പന്തുതട്ടിയ ബുസ്ക്കറ്റിസിന്റെ കരിയറിൽ നിർണായകമായത് 2005 ൽ ലാ മാസിയയിലേക്കുള്ള ചേക്കേറലാണ്, അവിടുന്നങ്ങോട്ട് അയാൾക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 2007 ൽ ബാഴ്സ ബി ടീമിൽ, തൊട്ടടുത്ത വർഷം തന്നെ സീനിയർ ടീമിലേക്കുള്ള പെപ് ഗാർഡിയോളയുടെ വിളിയുമെത്തി.
മിഡ്ഫീൽഡർമാരുടെ മഹാസമുദ്രത്തിൽ നിന്ന് സ്പെയ്നിന് ലഭിച്ച അപൂർവമായ ഒരു പ്രൊഫൈൽ ആയിരുന്നു ബുസ്കറ്റ്സിന്റേത്. സെൻട്രൽ മിഡ്ഫീൽഡർ റോളിന് പുതിയ അർത്ഥങ്ങൾ എഴുതിച്ചേർത്ത പ്രതിഭ. ഓരോ മത്സരത്തിലും ഡിഫൻസിനും മിഡ് ഫീൽഡിനുമിടയിൽ അയാൾ തന്റെ സയൻസ് ലാബ് തുറക്കും. പിന്നീട് അങ്ങോട്ട് പാസിങ്ങിലും ബിൽഡപ്പിലുമെല്ലാം അയാളുടെ പരീക്ഷങ്ങൾ ആണ്, കൃത്യമായ കണക്കുക്കൂട്ടലുകളുടെ കിറുകൃത്യമായ എക്സിക്യൂഷൻ. സാവിയും ഇനിയസ്റ്റയും ബാഴ്സയുടെയും സ്പെയ്നിന്റ്റെയും എഞ്ചിനുകളായ കാലത്ത് ബുസ്കറ്റ്സിന്റെ കളിയഴകിനെ വർണിക്കാൻ മാധ്യമങ്ങൾ പലപ്പോഴും മറന്നുപോയിട്ടുണ്ട്. നാല് മത്സരം നന്നായി കളിച്ചാൽ ബാലൻ ഡി ഓർ പട്ടികയിൽ ഇടം പിടിക്കുന്ന കാലത്ത് നാന്നൂറിലേറെ മത്സരം കളിച്ചിട്ടും ഒരിക്കൽ പോലും അയാൾ അവസാന പത്തിൽ ഇടം പിടിക്കാത്തതും അത് കൊണ്ടാണ്.
'കളി കണ്ടിരുന്നാൽ നിങ്ങളയാളെ കാണില്ല, പക്ഷെ അയാളെ നോക്കിയാൽ നിങ്ങൾക്ക് മത്സരം മുഴുവൻ കാണാം', ബുസ്കറ്റ്സിനെ പറ്റിയുള്ള വിസെന്റ് ഡെൽ ബോസ്‌ക്കെയുടെ ഈ വാക്കുകൾക്ക് മേൽ അയാളെ വർണിക്കാൻ മറ്റൊന്നുമില്ല. മധ്യനിരയിലെ ഒരു അദൃശ്യ ശക്തിയാണയാൾ, 2008 ലെ ബാഴ്സയുടെ ആദ്യ ട്രെബിൾ മുതൽ കഴിഞ്ഞ ദിവസത്തെ ഇന്റർ മയാമിയുടെ അവസാന മത്സരം വരെ അയാൾ നടത്തിയ പോരാട്ടങ്ങൾ പലപ്പോഴും ഓർമ്മിക്കപ്പെടാറില്ലെന്നതാണ് സത്യം. കളി മൈതാനം അയാൾക്കൊരു ഓർകെസ്ട്രയാണ്, അയാളതിലെ കണ്ടക്ടറും. സംഗീത വിരുന്നൊരുക്കുന്നത് മറ്റുള്ളവരാണെങ്കിലും അതിന്റെ ഒഴുക്കും താളവും അയാളുടെ കൈകളിലാണ്. അയാളുടെ ഓരോ നീക്കത്തിനും അതിന്റെതായ ആർഥമുണ്ട്, നടത്തുന്ന ഓരോ റണ്ണിനും കൃത്യമായ ലക്ഷ്യമുണ്ട്. താൻ വീണ്ടുമൊരു ഫുട്‍ബോളറാവുകയാണെങ്കിൽ അത് ബുസ്കറ്റ്സിനെ പോലെയൊരു താരമാവാനായിരിക്കുമെന്ന് ഡെൽ ബോസ്‌ക്കെ പറഞ്ഞതും ഇത് കൊണ്ട് തന്നെയാണ്.
ക്ലബിലും ദേശീയ കുപ്പായത്തിലും, പരിശീലകരും താരങ്ങളും അനവധി മാറി വന്നെങ്കിലും ടീമിലെ അയാളുടെ റോളിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല, ഒപ്പം കളിച്ചവരേറെയും യൂറോപ്പിന്റെ അതിർത്തി കടന്നു പോയിട്ടും തന്റെ 35ാം വയസിൽ അയാൾ ബാഴ്സയുടെയും സ്പെയ്നിന്റെയും മധ്യനിരയിലെ ഇളകാക്കല്ലായിരുന്നു. അടുത്ത മെസ്സിക്കും സാവിക്കും ഇനിയസ്റ്റക്കുമെല്ലാം ജന്മം നൽകിയ ലാ മാസിയക്ക് പോലും ബുസ്കറ്റ്സിനൊരു പകരക്കാരനെ കണ്ടെത്താനായില്ലെന്നതാണ് അതിന് കാരണം. ക്ലബിൽ കസാഡോയും , ഡിയോങ്ങും, ബെർണാളും ശ്രമിച്ചു നോക്കി, ദേശീയ കുപ്പായത്തിൽ റോഡ്രിയും സുബിമെന്റിയുമടക്കം പലരും അതേറ്റെടുത്തു, ഒരു നീരാളിയെ പോലെ മൈതാനത്തിന്റെ ഒത്തനടുവിൽ നിന്ന് എട്ട് ദിക്കിലേക്ക് പന്ത് പായിക്കാൻ അവരൊക്കെയും പലതും ചെയ്ത് നോക്കി. പക്ഷെ അയാളോളം സുന്ദരമായി ആ റോളിൽ പകർന്നാടാൻ മറ്റാരാലുമായില്ല, കാരണം ഏതെങ്കിലും ഒരു പരിശീലകന്റെ കളരിയിൽ പെട്ടൊന്നൊരുന്നാൾ പൊട്ടിമുളച്ച പ്രതിഭാസമല്ലയാൾ, വർഷാവർഷം സ്വയം രാകി മിനുക്കി എടുത്ത ഒരു കളി ശൈലി അയാൾക്ക് സ്വന്തമായുണ്ട്, അയാളുടേതെന്ന് മാത്രം അവകാശപ്പെടാവുന്ന ഒരു മാസ്റ്റർ പ്ലാൻ.
9 ലാ ലീഗ് കിരീടങ്ങൾ, 7 വീതം കോപ്പ ഡെൽ റേയും സൂപ്പർ കോപ്പയും, 3 വീതം ചാമ്പ്യൻസ് ലീഗും, ക്ലബ് ലോകകപ്പും യുവേഫ സൂപ്പർ കപ്പും, ഒരാൾക്ക് തന്റെ ക്ലബ് കരിയറിൽ നേടാവുന്നതൊക്കെയും അയാളുടെ ഷെൽഫിലുണ്ട്, 2010 ലെ ലോകകപ്പും 2012 ലെ യൂറോകപ്പും നേടിയ ഡെൽ ബോസ്‌ക്കെയുടെ സ്പാനിഷ് സംഘത്തിലും അയാളുണ്ടായിരുന്നു. പ്രായം 37 കഴിഞ്ഞിരിക്കുന്നു. ഒന്നര പതിറ്റാണ്ടിലേറെയായി അയാൾ മൈതാനത്ത് പന്തുതട്ടി തുടങ്ങിയിട്ട്, അമേരിക്കൻ മണ്ണിൽ ഇനിയുമായാൾക്കൊരു അങ്കത്തിന് ബാല്യമുണ്ടെങ്കിലും ഫുൾ ടൈം വിസിൽ മുഴക്കാനാണ് തീരുമാനം. അരങ്ങൊഴിയുന്നത് വെറുമൊരു കളിക്കാരനല്ല, ഫുട്‍ബോൾ മൈതാനത്തെ ഒരു അതുല്യ കലാകാരൻ കൂടിയാണ്.
Adjust Story Font
16
