Quantcast

സെർജിയോ റാമോസിന് മുപ്പത്തിയേഴാം പിറന്നാൾ

റയൽ മാ‍ഡ്രി‍ഡ് വിട്ട റാമോസ് പഴയ എതിരാളിയായ മെസ്സിക്കൊപ്പം പി.എസ്.ജി യിലാണ് നിലവിൽ കളിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-30 12:47:56.0

Published:

30 March 2023 12:40 PM GMT

സെർജിയോ റാമോസിന് മുപ്പത്തിയേഴാം പിറന്നാൾ
X

ലോകകപ്പ് ജേതാവ് മുൻ സ്പാനിഷ് പ്രതിരോധ നിരക്കാരൻ സെർജിയോ റാമോസിന് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ. പന്തുമായി എതിർ താരം കുതിക്കുകയാണെങ്കിൽ ആ പരുന്ത് പറന്നെത്തി പന്തിനെ റാഞ്ചിയിരിക്കും. കാള കൂറ്റൻമാരുടെ നാട്ടിലെ കരുത്തുറ്റ പോരാളി സെർജിയോ റാമോസ് ഗാർസിയ. കളി ജയിക്കാൻ അയാൾക്ക് കളി നിയമങ്ങൾ പ്രശ്നമായിരുന്നില്ല. വിജയത്തിനായി ഏതറ്റവും വരെ പോകുന്ന പോരാട്ട വീര്യമായിരുന്നു അയാളുടെ കൈകമുതൽ.

2014- ൽ ചാമ്പ്യൻസ് നേടി കൊടുക്കാൻ റാമോസ് നേടിയ ഗോൾ മതി അയാളിലെ പോരാളിയെ തിരിച്ചറിയാൻ. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തിൽ 90 മിനുറ്റ് വരേയും റയൽ മാഡ്രിഡ് ഒരു ഗോളിന് പുറകിലാണ്. 90 മിനുറ്റ് 48- സെക്കൻ്റിൽ അയാൾ റയൽ മാഡ്രിഡിനെ ഒപ്പമെത്തിക്കുന്നു. പിന്നീട് അധിക സമയത്തേക്ക് നീണ്ട മത്സരം റയൽ മാഡ്രിഡ് ജയിക്കുന്നത് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ്. റയൽ മാഡ്രിഡിൻ്റെ വർഷങ്ങളായുള്ള ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സഹായിച്ച ഗോളിൻ്റെ സമയം (92:48) ചരിത്ര നിമിഷമായാണ് പിന്നീട് രേഖപ്പെടുതുന്നത്.


സെവിയ്യയിലൂടെയാണ് റാമോസ് കരിയർ ആരംഭിക്കുന്നതെങ്കിലും തൻ്റെ നേട്ടങ്ങളെല്ലാം നേടിയെടുത്തത് സ്പാനിഷ് ഭീമന്മരായ റയൽ മാഡ്രിഡിലൂടെയാണ്. 2014- നു ശേഷം റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം മൂന്നു തവണ (2016,2017,2018) തുടർച്ചയായി നേടുമ്പോൾ നായകത്വം വഹിച്ചതും റാമോസ് ആയിരുന്നു. നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾക്ക് പുറമേ 5 - തവണ ലാലീഗ കിരീടം, രണ്ടു കോപ്പ ഡെൽ റേ, നാല് ഫിഫ ക്ലബ് ലോകകപ്പ്, മൂന്ന് യുവേഫ സൂപ്പർ കപ്പ് എന്നിങ്ങനെ പോകുന്നു അയാൾ റയലിനായി നേടിയ കിരീട നേട്ടങ്ങൾ.

ക്ലബിനായി കിരീടങ്ങൾ നേടിയ അയാൾ രാജ്യത്തിനായും തികഞ്ഞ പോരാളിയായിരുന്നു. 2008 - ലെയും 2012 - ലെയും യൂറോപ്യൻ കിരീടം വിജയിച്ച റാമോസ് 2010- ൽ ലോക കിരീടം സ്പെയിനിനായി നേടി കൊടുക്കുകയും ചെയ്തു. കളിക്കളത്തിലെ പരുക്കൻ കളിയുടെ പേരിലായിരിക്കും റാമോസിനെ എല്ലാ കാലവും അറിയപ്പെടുക. എന്നാൽ ടീമിൻ്റെ വിജയത്തിനായി ഏതറ്റവും വരെ പോകുന്ന പോരാളിയാണ് റാമോസ്. റയൽ മാ‍ഡ്രി‍ഡ് വിട്ട റാമോസ് പഴയ എതിരാളിയായ മെസ്സിക്കൊപ്പം പി.എസ്.ജി യിലാണ് നിലവി കളിക്കുന്നത്. താരം ഈ വർഷം ഫെബ്രുവരി 23-ന് സ്പെയിൻ അന്താരാഷ്ട്ര ടീമിൽ നിന്നു വിരമിച്ചിരുന്നു.

TAGS :

Next Story