17 വർഷങ്ങൾ, അറുനൂറിലേറെ മത്സരങ്ങൾ; ഒടുവിൽ ബുസ്ക്വറ്റ്സ് ബൂട്ടഴിക്കുന്നു

Photo| BBC
ന്യൂയോർക്: സ്പാനിഷ് ഇതിഹാസ ഫുട്ബോളർ സെർജിയോ ബുസ്ക്വറ്റസ് ബൂട്ടഴിക്കുന്നു. നിലവിൽ അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമി താരമായ ബുസ്‌ക്വെറ്റ്‌സ് സീസൺ അവസാനിക്കുന്നതോടെ ബൂട്ടഴിക്കും. ലയണൽ മെസ്സി, സാവി ഹെർണാണ്ടസ്, ആന്ദ്രേസ് ഇനിയേസ്റ്റ എന്നിവർക്കൊപ്പം ബാഴ്‌സലോണ ടീമിലെ ശക്തമായ സാന്നിധ്യമായ ബുസ്ക്വറ്റ്സിനെ എക്കാലത്തെയും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.
2008ൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ ബാഴ്‌സലോണയ്ക്കായി അരങ്ങേറ്റം കുറിച്ച ബുസ്‌ക്വെറ്റ്‌സ് കറ്റാലൻ ക്ലബിനായി 722 മത്സരങ്ങൾ കളിച്ചു. സാവി, മെസ്സി എന്നിവർ കഴിഞ്ഞാാൽ ബാഴ്‌സയ്ക്കായി ഏറ്റവുമധികംമത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും ബുസ്‌ക്വെറ്റ്‌സിനാണ്. ബാഴ്‌സലോണയോടൊപ്പം ഒമ്പത് സ്പാനിഷ് ലീഗ് കിരീടങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലും പങ്കാളിയായി.
സ്‌പെയിനിനായി 143 മത്സരങ്ങൾ കളിച്ച താരം 2010ൽ ലോകകപ്പും 2012 യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടിയ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു. 2022 ലോകകപ്പിലെ സ്പെയിനിന്റെ തോൽവിക്ക് പിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
2023ലാണ് ബുസ്‌ക്വെറ്റ്‌സ് ഇന്റർ മയാമിയിൽ ചേരുന്നത്. മെസ്സി , ലൂയിസ് സുവാരസ്, ജോർഡി ആൽബ എന്നിവരടക്കമുള്ള മുൻ ബാഴ്സ താരങ്ങളോടൊപ്പമുള്ള ഒരുമിക്കൽ കൂടിയായി അത് മാറി.
Adjust Story Font
16

