തട്ടകത്തിൽ അടിതെറ്റി കാലിക്കറ്റ്; സൂപ്പർ ലീഗ് കേരളയിൽ തൃശൂരിന് ആദ്യ ജയം
ഹോം ഗ്രൗണ്ടിൽ കാലിക്കറ്റ് എഫ്‌സിയുടെ ആദ്യ തോൽവിയാണിത്.

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്‌സിക്ക് ആദ്യ ജയം. 36ാ മിനിറ്റിൽ ബ്രസീലിയൻ താരമായ ക്യാപ്റ്റൻ മെയിൽസൺ ആൽവീസ് നേടിയ ഗോളിലാണ് ജയം പിടിച്ചത്. സ്വന്തം തട്ടകമായ കോർപറേഷൻ സ്റ്റേഡിയത്തിൽ എൽഎൽകെയിൽ കാലിക്കറ്റിന്റെ ആദ്യ തോൽവിയാണിത്. രണ്ട് വീതം കളി പൂർത്തിയായപ്പോൾ ഇരു ടീമുകൾക്കും മൂന്ന് പോയന്റാണുള്ളത്.
കോർപറേഷൻ സ്റ്റേഡിയത്തിൽ തുടക്കം മുതൽ അർജന്റീനൻ താരം ഹെർനാൻ ബോസോ മധ്യനിരയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കാലിക്കറ്റിന് ഗോളിലേക്കുള്ള വഴിയൊരുക്കാനായില്ല. ഇരുപത്തിയൊന്നാം മിനിറ്റിൽ ക്യാപ്റ്റൻ പ്രശാന്ത് എടുത്ത കോർണർ കിക്ക് അപകടകരമാംവിധം തൃശൂരിന്റെ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. എന്നാൽ സന്ദർശക ടീമിന്റെ അണ്ടർ 23 ഗോൾ കീപ്പർ കമാലുദ്ധീൻ പന്ത് സേവ് ചെയ്തു.
ഇരുപത്തിയെട്ടാം മിനിറ്റിൽ വലതു വിങിലൂടെ എത്തിയ പന്ത് കൂട്ടപ്പൊരിച്ചിലിനിടെ തൃശൂരിന്റെ വിദേശതാരം മാർക്കസ് ജോസഫ് എടുത്ത ഷോട്ട് ലക്ഷ്യം തെറ്റി പറന്നു. മുപ്പത്തിയാറാം മിനിറ്റിൽ കാലിക്കറ്റ് ആരാധകരുടെ ഹൃദയം ഭേദിച്ച് തൃശൂരിന്റെ ഗോളെത്തി. ഫയാസ് എടുത്ത കോർണർ കിക്കിൽ നിന്ന് വന്ന പന്ത് മെയിൽസൺ ആൽവീസ് രണ്ട് പ്രതിരോധക്കാർക്ക് ഇടയിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു(1-0). തൊട്ടുപിന്നാലെ ഘാനക്കാരൻ ഫ്രാൻസിസ് അഡോയുടെ ബൈസിക്കിൽ കിക്ക് കാലിക്കറ്റ് പോസ്റ്റിലേക്കെത്തിയെങ്കിലും അജ്മൽ ഫുൾലെങ്ത് ഡൈവിലൂടെ തട്ടികയറ്റി.
രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ നിന്ന് റിയാസിനെ പിൻവലിച്ച കാലിക്കറ്റ് ആക്രമണത്തിൽ സഹായിക്കാൻ അനികേത് യാദവിനെ കളത്തിലിറക്കി. 47ാം മിനിറ്റിൽ പ്രശാന്തിന്റെ പാസിൽ കൊളംബിയക്കാരൻ സെബാസ്റ്റ്യൻ റിങ്കണിന്റെ ഗോൾ ശ്രമം തൃശൂരിന്റെ പോസ്റ്റിൽ തട്ടി മടങ്ങി. ഇവാൻ മാർക്കോവിച്ചിന് പകരം ഉമാശങ്കറിനും ഫയാസിന് പകരം ഫൈസൽ അലിക്കും തൃശൂർ അവസരം നൽകി. ഇഞ്ചുറി സമയത്ത് തൃശൂരിന് ഫ്രാൻസിസ് അഡോയിലൂടെ തുറന്ന അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ നാളെ മലപ്പുറം എഫ് സി, കണ്ണൂർ വാരിയേഴ്സിനെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.
Adjust Story Font
16

