ഗോളടിച്ച് റോയ് കൃഷ്ണ; സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിന് ജയത്തുടക്കം, 1-0
72ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് മത്സരത്തിലെ ഏക ഗോൾവന്നത്.

മഞ്ചേരി: സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‌സിക്ക് ജയത്തുടക്കം. സ്വന്തം തട്ടകമായ പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. 72ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റോയ് കൃഷ്ണയാണ് ടീമിന്റെ വിജയഗോൾ നേടിയത്. മൂന്നാം മിനിറ്റിൽ തൃശൂർ എഫ്‌സിയുടെ മികച്ച നീക്കത്തിലൂടെയാണ് മത്സരം തുടങ്ങിയത്. എന്നാൽ സെർബിയക്കാരൻ ഇവാൻ മാർക്കോവിച്ച് അടിച്ച പന്ത് മലപ്പുറം ഗോളി അസ്ഹറിന്റെ കൈകളിൽ സുരക്ഷിതമായി. പതിനൊന്നാം മിനിറ്റിൽ തൃശൂരിന്റെ ബിബിൻ അജയൻ പറത്തിയ തകർപ്പൻ ഷോട്ട് അസ്ഹർ ഡൈവ് ചെയ്തു രക്ഷപ്പെടുത്തി.
ഫിജിതാരം റോയ് കൃഷ്ണയെ ആക്രമണത്തിന് നിയോഗിച്ച് സ്വന്തം ഗ്രൗണ്ടിൽ പോരാട്ടത്തിന് ഇറങ്ങിയ മലപ്പുറം എഫ്‌സിക്ക് ആദ്യ 15 മിനിറ്റിൽ ഗോൾ നീക്കമൊന്നും നടത്താനായില്ല. പത്തൊൻപതാം മിനിറ്റിൽ മലപ്പുറത്തിന്റെ ഫക്കുണ്ടോ ബല്ലാഡോയെ ഫൗൾ ചെയ്തതിന് തൃശൂരിന്റെ ഇന്ത്യൻ ഇന്റർനാഷണൽ ലെനി റോഡ്രിഗസിന് റഫറി മഞ്ഞക്കാർഡ് നൽകി.
ഗനിയും ഫസലുവും ഉൾപ്പടെയുള്ള മലപ്പുറത്തിന്റെ പേരുകേട്ട മുന്നേറ്റനിര ആദ്യ പകുതിയിൽ നിറം മങ്ങിയപ്പോൾ മൊറൊക്കോക്കാരൻ ബദർ ബൊൽറൂദ് മൈതാനം മുഴുവൻ നിറഞ്ഞു കളിച്ചു. മുപ്പത്തിയേഴാം മിനിറ്റിൽ തൃശൂരിന്റെ മാർക്കസ് ജോസഫ് ഒറ്റയ്ക്ക് മുന്നേറി തൊടുത്തുവിട്ട ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു. തൊട്ടു പിന്നാലെ മലപ്പുറത്തിനായി റോയ് കൃഷ്ണ നടത്തിയ ശ്രമവും വിഫലമായി. പരിക്കേറ്റ സൽമാനുൽ ഫാരിസിന് പകരം തൃശൂർ അഫ്‌സലിനെയും നായകൻ ഫസലുറഹ്‌മാന് പകരം മലപ്പുറം റിഷാദിനെയും കൊണ്ടുവന്നതിന് പിന്നാലെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.
ഒന്നാം പകുതിയിൽ നിറം മങ്ങിയ മലപ്പുറം താരങ്ങൾ രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമണത്തിന് ഇറങ്ങി. നാൽപ്പത്തിയെട്ടാം മിനിറ്റിൽ യുവതാരം അഭിജിത്തിന്റെ കാലിൽ നിന്ന് പറന്ന ഷോട്ടിന് തൃശൂർ ഗോളിയെ പരീക്ഷിക്കാൻ കരുത്തുണ്ടായിരുന്നില്ല.അറുപത്തിയൊന്നാം മിനിറ്റിൽ തൃശൂർ സെന്തമിഴ്, എസ് കെ ഫയാസ് എന്നിവരെ കളത്തിലിറക്കി. പിന്നാലെ മലപ്പുറം ബ്രസീലുകാരൻ ജോൺ കെന്നഡി, അഖിൽ പ്രവീൺ എന്നിവർക്കും അവസരം നൽകി. വന്നയുടനെ ഇടതു വിങിലൂടെ ഒറ്റയ്ക്ക് മുന്നേറി കെന്നഡി ഓട്ടത്തിനിടെ അടിച്ച പന്ത് തൃശൂർ ഗോളി കമാലുദ്ധീൻ ബാറിന് മുകളിലൂടെ തട്ടിത്തെറിപ്പിച്ചു.
എഴുപത്തിരണ്ടാം മിനിറ്റിൽ മലപ്പുറം ഗോൾ നേടി. കോർണർ കിക്കിനിടെ ഹക്കുവിനെ സെന്തമിഴ് ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിക്കുകയായായിരുന്നു. കിക്കെടുത്ത റോയ് കൃഷ്ണ ലക്ഷ്യം കണ്ടു (10). ഗോൾ നേടിയതിന് പിന്നാലെ മലപ്പുറം അഭിജിത്തിന് പകരം അക്ബർ സിദ്ധീഖിനെ കൊണ്ടുവന്നു. മുഹമ്മദ് ജിയാദ്, സാവിയോ സുനിൽ എന്നിവരെ കളത്തിക്കിറക്കി ഗോൾ തിരിച്ചടിക്കാനുള്ള തൃശൂരിന്റെ ശ്രമങ്ങൾ ഫലം കാണാതെ പോയതോടെ മലപ്പുറം എഫ്‌സി സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ ആദ്യ ജയം കുറിച്ചു. 14,236 പേരാണ് മത്സരം കാണാൻ പയ്യനാട് സ്റ്റേഡിയത്തിലെത്തിയത്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി കണ്ണൂർ വാരിയേഴ്സ് എഫ്‌സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്
Adjust Story Font
16

