ബ്രസീൽ കിങ്‌സ് ലീഗിൽ, സൂപ്പർ ലീഗ് കേരള താരങ്ങളും
ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകന്റെ വേഷത്തിൽ എത്തുന്നത് ഫോഴ്സ കൊച്ചി എഫ് സി യുടെ മുഖ്യ പരിശീലകനും കൂടിയായ സനൂഷ് രാജാണ്

കൊച്ചി :ബ്രസീലിൽ നടക്കുന്ന കിംഗ്സ് ലീഗ് വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സൂപ്പർ ലീഗ് കേരള താരങ്ങളും. സൂപ്പർ ലീഗ് കേരളയിലെ ക്ലബ്ബുകളായ ഫോഴ്സ കൊച്ചി എഫ്‌സിയിലെ ഏഴ് താരങ്ങളും കാലിക്കറ്റ് എഫ് സി യിലെ മൂന്ന് താരങ്ങളുമാണ്, പതിമൂന്ന് അംഗ ഇന്ത്യൻ ടീമിൽ ഇടം നേടിയത്.
നിജോ ഗിൽബെർട്ട്, ജെയ്‌മി ജോയ്, അലക്സാണ്ടർ റൊമാരിയോ, മുഷ്‌റഫ് മുഹമ്മദ്, ജിഷ്ണു കെ.എസ്, റിജോൺ ജോസ്, അജിൻ ആന്റണി, മുഹമ്മദ് റോഷൽ, ആസിഫ് ഖാൻ, പ്രശാന്ത് കെ , എന്നിവരടങ്ങുന്ന എട്ട് താരങ്ങളാണ് സൂപ്പർ ലീഗ് കേരളയിൽ നിന്ന്
ജനുവരി 2 മുതൽ ബ്രസീലിലെ സാവോ പോളോയിൽ നടക്കാനിരിക്കുന്ന കിംഗ്സ് ലീഗ് വേൾഡിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുക. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകന്റെ വേഷത്തിൽ എത്തുന്നത് ഫോഴ്സ കൊച്ചി എഫ് സി യുടെ മുഖ്യ പരിശീലകനും കൂടിയായ സനൂഷ് രാജാണ്. സഹ പരിശീലകന്റെ റോളിൽ ഡെയ്‌സൺ ചെറിയാൻ കൂടെ വരുന്നതോടെ, സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ 12 പേരാണ് കിംഗ്സ് ലീഗ് വേൾഡിൽ മത്സരിക്കുന്ന ഇന്ത്യൻ ടീമിലുള്ളത്.
ലോകമെമ്പാടുമുള്ള എലൈറ്റ് താരങ്ങളെയും, പരിശീലകരെയും, ഫുട്ബോൾ പ്രൊഫഷണലുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ഫുട്ബോൾ ലീഗാണ്, കിംഗ്സ് ലീഗ് വേൾഡ്. "ഒരു അന്താരാഷ്ട്ര ലീഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമിൽ പത്ത് സൂപ്പർ ലീഗ് കേരള താരങ്ങൾ പങ്കെടുക്കുന്നു എന്നത് സൂപ്പർ ലീഗ് കേരളയ്ക്ക് ഏറെ അഭിമാനകരമായ നേട്ടമാണ്, ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ടീമിൽ പരിശീലകർ ഉൾപ്പടെ 12 മലയാളികളാണ് ഇടം നേടിയിരിക്കുന്നത്, ഇത് കേരള ഫുട്ബാളിന്റെ വളർച്ചയും കൂടിയാണ് സൂചിപ്പിക്കുന്നത്." സൂപ്പർ ലീഗ് കേരള മാനേജിങ് ഡയറക്ടർ, ഫിറോസ് മീരാൻ പറഞ്ഞു.
ഇതുപോലെയുള്ള അന്താരാഷ്ട്ര വേദികളിൽ നമ്മുടെ താരങ്ങൾ പങ്കെടുക്കുന്നതിലൂടെ മികച്ച അനുഭവങ്ങൾ നേടാനും, അതിലൂടെ അവരുടെ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള അവസരം കൂടിയാണിത്. കിംഗ്സ് ലീഗ് വേൾഡിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് സൂപ്പർ ലീഗ് കേരളയുടെ പേരിൽ ആശംസകൾ നേരുന്നു." സൂപ്പർ ലീഗ് കേരളം സി ഇ ഓ & ഡയറക്ടർ , മാത്യു ജോസഫ് പറഞ്ഞു.
Adjust Story Font
16

