കണ്ണൂരിന് ആദ്യ തോൽവി; സൂപ്പർ ലീഗ് കേരളയിൽ കൊമ്പൻസിന്റെ കൊലവിളി, 3-1
ഓട്ടിമർ ബിസ്‌പോ തിരുവനന്തപുരം കൊമ്പൻസിനായി ഇരട്ടഗോൾ നേടി

കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സിന് സീസണിലെ ആദ്യ തോൽവി. സ്വന്തം തട്ടകമായ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തിരുവനന്തപുരം കൊമ്പൻസാണ് തകർത്തുവിട്ടത്. വിജയികൾക്കായി ഓട്ടിമർ ബിസ്പൊ ഇരട്ടഗോൾ നേടി. മുഹമ്മദ് ജാസിമും ലക്ഷ്യംകണ്ടു. ഇഞ്ചുറി ടൈമിൽ ഗോൾ എസിയർ ഗോമസിന്റെ ബൂട്ടിൽ നിന്നായിരുന്നു കണ്ണൂരിന്റെ ആശ്വാസ ഗോൾ. ആറ് കളികളിൽ ഏഴ് പോയന്റുള്ള തിരുവനന്തപുരം പട്ടികയിൽ അഞ്ചാമതാണ്. ഇത്രയും കളികളിൽ ഒൻപത് പോയന്റുമായി കണ്ണൂർ നാലാമത് തുടരുന്നു.
ആദ്യ മിനിറ്റിൽ തന്നെ എതിരാളികളെ ഞെട്ടിച്ചുകൊണ്ടാണ് കണ്ണൂർ സ്വന്തം കാണികൾക്ക് മുന്നിൽ കളി ആരംഭിച്ചത്. കോർണർ കിക്കിൽ നിന്ന് പന്ത് സ്വീകരിച്ച മനോജ് ഇടത് വിങിൽ നിന്ന് ബോക്‌സിലേക്ക് ക്രോസ് ചെയ്തു. കാത്തിരുന്ന ലവ്‌സാംബയുടെ ഹെഡ്ഡർ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. 12ാം മിനിറ്റിൽ തിരുവനന്തപുരത്തിന് ബോക്‌സിന് തൊട്ടുപുറത്തു നിന്ന് ഫ്രീകിക്ക് ലഭിച്ചു. ഓട്ടിമർ ബിസ്പൊ കരുത്തോടെ കിക്കെടുത്തെങ്കിലും പ്രതിരോധമതിലിൽ തട്ടി പുറത്തേക്ക് പോയി. ആദ്യപകുതിയിൽ കണ്ണൂരിന്റെ അണ്ടർ 23 താരം എബിൻ ദാസിനും തിരുവനന്തപുരത്തിന്റെ ബാദിഷിനും ലഭിച്ച അവസരങ്ങൾ ഗോളാവാതെ പോയി. അതിനിടെ കണ്ണൂരിന്റെ വിങ് ബാക്ക് മനോജിനും മിഡ്ഫീൽഡർമാരായ സൈദ് മുഹമ്മദ് നിദാൽ, ലവ്‌സാംബ എന്നിവർക്കും മഞ്ഞക്കാർഡ് ലഭിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കണ്ണൂർ അണ്ടർ 23 താരം മുഹമ്മദ് സിനാൻ, ഷിബിൻ എന്നിവരെ കളത്തിലിറക്കി.
47ാം മിനിറ്റിൽ തിരുവനന്തപുരം നിർണായക ലീഡെടുത്തു. ബിസ്പൊയുടെ ഷോട്ട് കണ്ണൂർ ഗോൾകീപ്പർ സി കെ ഉബൈദ് തടുത്തിട്ടത് യുവതാരം മുഹമ്മദ് ജാസിം ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലെത്തിച്ചു (1-0). അറുപത്തിയൊൻപതാം മിനിറ്റിൽ തിരുവനന്തപുരം ലീഡ് രണ്ടാക്കി ഉയർത്തി. ഇടതു വിങിലൂടെ മൂന്ന് എതിരാളികളെ മറികടന്ന് കുതിച്ചെത്തിയ ബ്രസീലുകാരൻ റൊണാൾഡ് മെലോ തളികയിലെന്നപോലെ നൽകിയ പന്ത് ഓട്ടിമർ ബിസ്പൊ അനായാസം പോസ്റ്റിലേക്ക് തട്ടിയിട്ടു (2-0). അവസാന മിനിറ്റുകളിൽ ഗോൾ തിരിച്ചടിക്കാൻ കണ്ണൂർ നിരന്തരശ്രമങ്ങൾ നടത്തുന്നതിനിടെ തിരുവനന്തപുരം മൂന്നാം ഗോളും നേടി. ഷാഫിയുടെ പാസിൽ സ്‌കോർ ചെയ്തതും ഓട്ടിമർ ബിസ്പൊ തന്നെയായിരുന്നു. ലീഗിൽ ബ്രസീൽ താരത്തിന്റെ നാലാം ഗോളാണിത്. എതിർ താരങ്ങളുമായി കൈയ്യാങ്കളിക്ക് ഇറങ്ങിയ കണ്ണൂർ നായകൻ അഡ്രിയാൻ സെർദിനേറോ ചുവപ്പ് കാർഡ് വാങ്ങി കളംവിട്ടു. ഇഞ്ചുറി സമയത്ത് ഫ്രീകിക്കിലൂടെ എസിയർ ഗോമസ് കണ്ണൂരിന്റെ ആശ്വാസ ഗോൾ കുറിച്ചു. വെള്ളിയാഴ്ച്ച നടക്കുന്ന ആറാം റൗണ്ടിലെ അവസാന മത്സരത്തിൽ തൃശൂർ മാജിക് എഫ്‌സി, മലപ്പുറം എഫ്‌സിയെ നേരിടും. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ തൃശൂർ കോർപറേഷൻ സ്റ്റേഡിയമാണ് വേദിയാവുക. തൃശൂരിന്റെ ആദ്യ ഹോം മത്സരമാണിത്.
Adjust Story Font
16

