മലപ്പുറത്തെ തോൽപ്പിച്ച് തൃശൂർ ഒന്നാം സ്ഥാനത്ത്
ഇത് മലപ്പുറം എഫ്സിയുടെ സീസണിലെ ആദ്യ തോൽവി

തൃശൂർ: മലപ്പുറം എഫ്സിക്ക് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച തൃശൂർ മാജിക് എഫ്സി അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയുടെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ 2-1 നാണ് തൃശൂരിന്റെ വിജയം. ഇവാൻ മാർക്കോവിച്ച്, എസ് കെ ഫയാസ് എന്നിവർ തൃശൂരിനായും ജോൺ കെന്നഡി മലപ്പുറത്തിനായും സ്കോർ ചെയ്തു. മൂന്ന് ഗോളുകളും പിറന്നത് ഒന്നാം പകുതിയിൽ. ആറ് റൗണ്ട് മത്സരം പൂർത്തിയാവുമ്പോൾ 13 പോയന്റുമായി തൃശൂർ ഒന്നാം സ്ഥാനത്താണ്. ഒൻപത് പോയന്റുള്ള മലപ്പുറം മൂന്നാമത്.
മത്സരം തുടങ്ങി ആറാം മിനുട്ടിൽ തന്നെ ബിബിൻ അജയന്റെ അസിസ്റ്റിൽ ഇവാൻ മാർക്കോവിച്ച് തൃശൂരിന് ലീഡ് നേടിക്കൊടുത്തു. വെറും രണ്ടു മിനുട്ടുകൾക്കുള്ളിൽ തന്നെ ജോൺ കെന്നഡിയിലൂടെ മലപ്പുറം തിരിച്ചടിച്ചു. സൂപ്പർ ലീഗിൽ ബ്രസീലുകാരന്റെ അഞ്ചാം ഗോളാണിത്. ഇരുപത്തിയേഴാം മിനുട്ടിൽ വീണ്ടും തൃശൂരിന്റെ ഗോൾ. ബിബിൻ അജയന്റെ വലതു വിങിൽ നിന്നുള്ള ക്രോസ് ഹെഡ്ഡ് ചെയ്ത് മലപ്പുറത്തിന്റെ വലകുലുക്കിയത് എസ് കെ ഫയാസ്. ആദ്യപകുതി അവസാനിക്കാനിരിക്കെ തൃശൂർ നായകൻ ലെനി റോഡ്രിഗസിനെ ഫൗൾ ചെയ്ത മലപ്പുറത്തിന്റെ ഇർഷാദിന് മഞ്ഞക്കാർഡ് ലഭിച്ചു. തൊട്ടുപിന്നാലെ തൃശൂരിന് ലഭിച്ച ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി.
മൂന്ന് മാറ്റങ്ങളുമായാണ് മലപ്പുറം രണ്ടാം പകുതി തുടങ്ങിയത്. അഖിൽ പ്രവീൺ, ഇഷാൻ പണ്ഡിത, അബ്ദുൽ ഹക്കു എന്നിവർ കളത്തിലിറങ്ങി. 60-ാം മിനുട്ടിൽ മലപ്പുറം ക്യാപ്റ്റൻ എയ്റ്റർ ആൽഡലിർ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് സ്പാനിഷ് താരം ഫക്കുണ്ടോ ബല്ലാർഡോ. കോർണർ കിക്കിൽ ഹക്കുവിന്റെ ഹെഡ്ഡർ തൃശൂർ ഗോൾകീപ്പർ കട്ടിമണി തടുത്തിട്ടതിന് പിന്നാലെ ആതിഥേയർക്കായി ഫ്രാൻസിസ് അഡോ പകരക്കാരനായി വന്നു. രണ്ടാം പകുതിയിൽ ആധിപത്യം നേടാൻ മലപ്പുറത്തിന് കഴിഞ്ഞെങ്കിലും സമനില ഗോൾ നേടാൻ കഴിഞ്ഞില്ല. സീസണിലെ ആദ്യ മത്സരത്തിൽ മലപ്പുറത്തോനോട് നേരിട്ട തോൽവിക്ക് തൃശൂർ സ്വന്തം ഗ്രൗണ്ടിൽ പകരം വീട്ടുന്നത് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് കോർപറേഷൻ സ്റ്റേഡിയത്തിലെത്തിയത്.
നവംബർ 15 ന് നടക്കുന്ന ഏഴാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഫോഴ്‌സ കൊച്ചി എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച ആറ് മത്സരങ്ങളും പരാജയപ്പെട്ട കൊച്ചിക്ക് സെമി ഫൈനൽ കളിക്കണമെങ്കിൽ തിരുവനന്തപുരത്തിനെതിരെ വൻ മാർജിനിൽ വിജയിക്കണം
Adjust Story Font
16

