പരിക്കിൽ പണികിട്ടി; ജനുവരി ട്രാൻസ്ഫറിൽ കണ്ണുംനട്ട് യൂറോപ്യൻ ടീമുകൾ
പരിക്കേറ്റ ക്രിസ്റ്റ്യൻസന് പകരം പോർച്ചുഗീസ് താരം ജാവോ കാൻസലോയെ എത്തിക്കാനാണ് ബാഴ്‌സലോണ തയാറെടുക്കുന്നത്.

ജാവോ കാൻസലോയെ ലോണിൽ തിരികെയെത്തിക്കാൻ ബാഴ്സലോണ... പരിക്കേറ്റ ജോസ്‌കോ ഗ്വാർഡിയോളിന് പകരക്കാരനെ തേടി മാഞ്ചസ്റ്റർ സിറ്റി... പരിശീലകൻ റൂബൻ അമോറിമിന്റെ പിൻഗാമിയെ കണ്ടെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. മിഡ്സീസൺ ട്രാൻസ്ഫർ വിൻഡോ ട്രാക്കിലായതോടെ യൂറോപ്പിലെങ്ങും തിരക്കിട്ട നീക്കങ്ങളിലാണ് ക്ലബുകൾ. ക്രിസ്മസിന് ശേഷം കിരീടപ്പോരാട്ടം ചൂടുപിടിച്ചതോടെ ചടുല നീക്കങ്ങളോടെ കളംപിടിക്കാനുള്ള തയാറെടുപ്പ്.
ജാവോ കാൻസലോ ബാക് ടു ബാഴ്സലോണ. പോയ ദിവസത്തെ ഏറ്റവും പ്രധാന ട്രാൻസ്ഫർ വാർത്തകളിലൊന്ന് പോർച്ചുഗീസ് ഫുൾബാക്കിന്റേതാണ്. നിലവിൽ സൗദി ക്ലബ് അൽ ഹിലാലിനായി കളിക്കുന്ന 31 കാരനെ ലോണിൽ ക്യാമ്പ് നൗവിൽ എത്തിക്കാനാണ് കറ്റാലൻ ക്ലബ് തയാറെടുക്കുന്നത്. ഇതിനായി നാല് മില്യൺ യൂറോ സ്പാനിഷ് ക്ലബ് ചെലവിടാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. എസിഎൽ ഇഞ്ചുറിയെ തുടർന്ന് ആന്ദ്രെസ് ക്രിസ്റ്റ്യൻസൻ ദീർഘകാലത്തേക്ക് കളത്തിന് പുറത്തായതോടെ പകരം ഡിഫൻഡറെയെത്തിക്കണമെന്ന ആവശ്യം കോച്ച് ഹാൻസി ഫ്ളികിനുമുണ്ട്. ഫിനാൻഷ്യൽ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടൊരു ലോൺ നീക്കത്തിനാണ് സ്പാനിഷ് ടീം തയാറെടുക്കുന്നത്. നേരത്തെ 2023-24 സീസണിൽ കാൻസലോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലോണിൽ ബാഴ്സലയിൽ കളിച്ചിരുന്നു. 42 തവണ കറ്റാലൻ ജഴ്സിയണിഞ്ഞ താരം നാല് ഗോളുകളും സ്‌കോർ ചെയ്തു. 2024 സമ്മറിൽ സിറ്റി വിട്ട് സൗദി ക്ലബ് അൽ ഹിലാലിലേക്ക് ചേക്കേറിയ പോർച്ചുഗീസ് പ്ലെയർ ഫിഫ ലോകകപ്പിന് മുൻപായി മികച്ചൊരു കംബാകിനാണ് ഒരുങ്ങുന്നത്. ഇന്റർമിലാനും താരത്തിനായി താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ബാഴ്സയിലേക്ക് തിരിച്ചുപോകാനാണ് കാൻസലോക്ക് താൽപര്യം.
നിലവിൽ പൗ കുബാർസിയും എറിക് ഗാർഷ്യയും മാത്രമാണ് ഫ്ളികിന്റെ കൈവശമുള്ള പ്രോപ്പർ സെൻട്രൽ ബാക്കുകൾ. റൊണാൾഡ് അറോഹോ വിശ്രമം കഴിഞ്ഞ് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ലെഫ്റ്റ് ബാക്കായ ജെറാഡ് മാർട്ടിനെ സെൻട്രൽ ബാക് പൊസിഷനിൽ കളിപ്പിച്ചാണ് ഫ്ളിക് പോയ മത്സരങ്ങളിൽ ജോലിഭാരം കുറച്ചത്. എന്നാൽ സ്ഥിരമായി ഇങ്ങനെയൊരു റിസ്‌കെടുക്കാൻ കോച്ചും താൽപര്യപ്പെടില്ല. കാൻസെലോയുടെ വരവോടെ ഡിഫൻസ് സ്ട്രോങാക്കി നിർത്താമെന്നാണ് സ്പാനിഷ് ക്ലബിന്റെ പ്രതീക്ഷ. റൈറ്റ് ബാക്ക് പൊസിഷനിൽ മുൻ മാഞ്ചസ്റ്റർ സിറ്റി താരം എത്തുമ്പോൾ ഈ റോളിൽ കളിക്കുന്ന ജൂൾസ് കുൻഡയെ സെൻട്രൽ ഡിഫൻസിൽ വിന്യസിക്കാനാകും. ബാഴ്സ കരിയറിൽ ഭൂരിഭാഗം സമയത്തും റൈറ്റ് ബാക്കായാണ് കളിച്ചതെങ്കിലും സെൻട്രൽ ഡിഫൻസിലും ഇംപാക്ടുണ്ടാക്കിയ താരമാണ് കുൻഡെ. പ്രതിരോധത്തിന് പുറമെ അറ്റാക്കിങ് നിരയിലും കാൻസലോയെ ഉപയോഗപ്പെടുത്താമെന്നത് ഫ്ളികിന് അഡ്വാന്റേജാകും ഡിഫൻസാണ് മാഞ്ചസ്റ്റർ സിറ്റി നേരിടുന്ന പ്രധാന വെല്ലുവിളി.
ചെൽസിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ജോസ്‌കോ ഗ്വാർഡിയോളിന്റെ തിരിച്ചുവരവിന് നാല് മുതൽ അഞ്ച് മാസത്തോളമെടുക്കും. മറ്റൊരു ഡിഫൻഡറായ റൂബൻ ഡയസും പരിക്കിന്റെ പിടിയിലാണ്. ഇംഗ്ലീഷ് പ്രതിരോധതാരം ജോൺ സ്റ്റോൺസും ദീർഘനാളായി കളത്തിന് പുറത്താണ്. ഇതോടെ യുവതാരം അബ്ദുൽകോദിർ കുസനോവ്, നഥാൻ ആകെ എന്നിവരാണ് പെപ് ഗ്വാർഡിയോളക്ക് മുന്നുലുള്ള പ്രധാന ഓപ്ഷനുകൾ. ഇതോടൊപ്പം ലോണിൽ പറഞ്ഞയച്ച അക്കാദമി ഡിഫൻഡർ മാക്‌സ് അലെയിനെയെ മടക്കികൊണ്ടുവന്നു. എന്നാൽ യൂറോപ്പിൽ മത്സരചൂട് കടനത്തതോടെ എതിരാളികളെ തടഞ്ഞുനിർത്താൻ ഈ ഡിഫൻസ് നിര മതിയാകില്ലെന്ന ബോധ്യം ക്ലബിനും കോച്ചിനുമുണ്ട്. അവസാന മത്സരത്തിൽ ബ്രൈട്ടനെതിരെയും ക്ലബ് സമനില വഴങ്ങിയിരുന്നു.
പ്രതിരോധം വലിയ ചോദ്യചിഹ്നമായതോടെ ജനുവരി ട്രാൻസ്ഫറിൽ പുതിയ താരത്തെയെത്തിക്കാനുള്ള ശ്രമങ്ങൾ പെപ്പും സിറ്റിയും ആരംഭിച്ചു കഴിഞ്ഞു. ക്രിസ്റ്റൽ പാലസ് സെൻട്രൽ ബാക് മാർക് ഗുയിയാണ് ക്ലബ് റഡാറിലുള്ള പ്രധാന താരം. പ്രീമിയർലീഗ് എക്സ്പീരിയൻസുള്ള 25 കാരനെ എത്തിക്കുന്നതിലൂടെ ബാക് ലൈൻ സേഫാക്കിനിർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീസൺ അവസാനത്തോടെ പാലസുമായുള്ള കരാർ അവസാനിക്കുന്ന ഗുയിയ്ക്കായി ലിവർപൂളും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ സമ്മറിൽ 35 മില്യണ് താരം ആൻഫീൽഡിലെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അവസാന നിമിഷം നീക്കം പാളുകയായിരുന്നു. സിറ്റിക്ക് പുറമെ ബയേൺ മ്യൂണികും താരത്തിനായി രംഗത്തുണ്ട്.
ബോൺമൗത്ത് താരം ആന്റോയിൻ സെമന്യയോയെ എത്തിച്ച് അറ്റാക്കിങ് നിര ശക്തമാക്കാനും പെപ്പ് ഗ്വാർഡിയോളക്കായി. നിലവിൽ പ്രീമിയർ ലീഗിൽമാത്രമായി ഒൻപത് ഗോളുകൾ നേടിയ ഘാന ഫോർവേഡ് ടോപ് ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ മൂന്നാമതാണ്. 65 മില്യണിന്റെ റിലീസ് ക്ലോസാണ് 25 കാരനായി ബോൺമൗത്ത് മുന്നോട്ട് വെച്ചത്. താരങ്ങളുടെ കൂടുമാറ്റത്തിനൊപ്പം പരിശീലക സ്ലോട്ടും ഈ മിഡ്സീസണിൽ ഫിൽ ചെയ്യേണ്ടതുണ്ട്. റൂബൻ അമോറിന് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക റോളിലേക്ക് നിരവധി പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. ഇന്ററിം കോച്ചായി ഡാരൻ ഫ്ളെച്ചറെ തീരുമാനിച്ചെങ്കിലും പുതിയ പരിശീലകൻ ഉടനെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ
Adjust Story Font
16

