Quantcast

ഇനി യൂറോപ്പ ലീഗില്‍ കാണാം; പ്രീക്വാർട്ടർ കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സ പുറത്ത്

മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബയേണാണ് ബാഴ്സയ്ക്ക് ലീഗില്‍ നിന്ന് മടക്ക ടിക്കറ്റ് നല്‍കിയത്.

MediaOne Logo

Web Desk

  • Published:

    9 Dec 2021 2:47 AM GMT

ഇനി യൂറോപ്പ ലീഗില്‍ കാണാം; പ്രീക്വാർട്ടർ കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സ പുറത്ത്
X

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്ത്. പ്രീക്വാർട്ടര്‍പോലും കാണാതെയാണ് സ്പാനിഷ് കരുത്തന്മാർ ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് മടങ്ങുന്നത്. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബയേണാണ് ബാഴ്സയ്ക്ക് ലീഗില്‍ നിന്ന് മടക്ക ടിക്കറ്റ് നല്‍കിയത്. ആരാധകർ കാത്തിരുന്ന പോരാട്ടത്തില്‍ അത്ഭുതങ്ങളൊന്നും കാണിക്കാന്‍ ബാഴ്സക്കായില്ല. ബയേണിന് മുന്നില്‍ വീണതോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാഴ്സലോണ ഇനി യൂറോപ്പ ലീഗിൽ കളിക്കും. ഇന്ന് ഡൈനാമോ കീവിനെ തോൽപ്പിച്ച ബെൻഫിക ബയേണൊപ്പം ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിലേക്കും മുന്നേറി. ബയേൺ, ചെല്‍സി, യുവന്‍റെസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വമ്പന്‍മാർ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെത്തി.

34ആം മിനുട്ടിൽ ബാഴ്സലോണയുടെ എല്ലാ പ്രതീക്ഷകളേയും തകർത്ത് ബയേണിന്‍റെ ആദ്യ ഗോളെത്തി. ലെവൻഡോസ്കിയുടെ പാസിൽ നിന്ന് തോമസ് മുള്ളർ ആണ് ബാഴ്സയുടെ നെഞ്ച് പിളര്‍ന്നത്. ബാഴ്സക്ക് എതിരായ മുള്ളറുടെ എട്ടാം ഗോളായിരുന്നു ഇത്. താരത്തിന്‍റെ ചാമ്പ്യൻസ് ലീഗിലെ 50ആം ഗോളും. ആദ്യ പകുതി അവസാനിക്കും മുമ്പ് ബാഴ്സലോണക്ക് കാര്യങ്ങൾ കൂടുതൽ ദയനീയമായി. 43ആം മിനുട്ടിൽ ലെറോസ് സാനെ ബയേണിന്‍റെ ലീഡ് ഇരട്ടിയാക്കി. പെനാല്‍റ്റി ബോക്സിനും ഏറെ പുറത്ത് നിന്നായിരുന്നു സാനെയുടെ സ്ട്രൈക്ക്. ഈ ഗോളോടെ തന്നെ ബാഴ്സലോണ യൂറോപ്പയിൽ കളിക്കേണ്ടി വരും എന്ന് ഏറെക്കുറെ ഉറപ്പായി.

62ആം മിനുട്ടിൽ അൽഫോൺസോ ഡേവിസിന്‍റെ മുന്നേറ്റത്തിൽ പിറന്ന അവസരം യുവതാരം മുസിയാല വലയിലെത്തിച്ചതോടെ ബയേണിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ നിന്നായി ബയേണ്‍ ബാഴ്സയുടെ വലയില്‍ അടിച്ചുകൂട്ടിയത് 17 ഗോളുകളാണ്.

ലീഗിലെ മറ്റുകളികള്‍ നോക്കിയാല്‍ നേരത്തെേ പ്രീക്വാട്ടർ ബെർത്തുറപ്പിച്ച ചെല്‍സിയെ സമനിലയില്‍ വരിഞ്ഞ് മുറുക്കി റഷ്യന്‍ പട സെനിത് കരുത്ത് കാട്ടി. മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് സെനിത് ചെല്‍സിയെ ഞെട്ടിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒരുഗോള്‍ സമനിലയില്‍ യങ് ബോയ്സ് തളച്ചപ്പോള്‍ യുവന്‍റസ് ഏകപക്ഷീയമായ ഒരു ഗോളിന് മാല്‍മോയെ പരാജയപ്പെടുത്തി. കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് വിയ്യാറയല്‍ അറ്റ്ലാന്‍റ മത്സരം യുവേഫ നീട്ടി വെച്ചു. ഈ മത്സരം കഴിയുന്ന മുറക്ക് ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ അവസാനിച്ച് പ്രീക്വാട്ടർ ലൈനപ്പാകും.


TAGS :

Next Story