Quantcast

ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് തുടക്കം

ഈ അടുത്ത് നടന്ന മത്സരങ്ങളിലെല്ലാം ​ഗോളടി മേളം നടത്തിയാണ് സിറ്റി ബയേണിനെ നേരിടാൻ ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-11 12:59:44.0

Published:

11 April 2023 12:52 PM GMT

ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് തുടക്കം
X

ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്. ക്വാർട്ടർ ഫൈനലിലെ ആവേശകരമായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും ഇന്ന് സിറ്റിയുടെ ​ഗ്രൗണ്ടിൽ പരസ്പരം ഏറ്റുമുട്ടും. രാത്രി 12:30- നാണ് മത്സരം ആരംഭിക്കുക. മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും തമ്മിൽ മാറ്റുരക്കുമ്പോൾ രണ്ടു പരിശീലകരുടെ തന്ത്രങ്ങളും കൂടിയാണ് പരീക്ഷിക്കപ്പെടുന്നത്. ​ഗാർഡിയോളയുടെ സിറ്റിയെ തോൽപ്പിച്ചായിരുന്നു തോമസ് ടുഷേൽ ചെൽസിക്ക് 2021-ൽ ചാമ്പ്യൻസ് ലീ​ഗ് കിരീടം നേടികൊടുത്തത്. ലോക ഫുട്ബോളിലെ തന്ത്രജ്ഞനായ ഗാർഡിയോളയെ പൂട്ടാൻ ടുഷേലിനു അറിയും എന്ന് വ്യക്തം. എന്നാൽ ടുഷേലിനു നേരെ ഗാർഡിയോള എന്ത് മറുതന്ത്രമാണ് പ്രയോ​ഗിക്കുകയെന്ന് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. 2013- മുതൽ 2016- വരെ ബയേൺ മ്യൂണിക്കിനെ ​ഗാർ‍ഡിയോള പരീശിലിപ്പിച്ചിരുന്നു.

ഈ അടുത്ത് നടന്ന മത്സരങ്ങളിലെല്ലാം ​ഗോളടി മേളം നടത്തിയാണ് സിറ്റി ബയേണിനെ നേരിടാൻ ഒരുങ്ങുന്നത്. അവസാന ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിൽ പ്രീ ക്വാർട്ടറിൽ ജർമൻ ടീമായ ആർ.ബി. ലെപ്സി​ഗിനെ ഏഴു ​ഗോളിനാണ് സിറ്റി തകർത്തത്. ഈ മത്സരത്തിൽ ഏർലിം​ഗ് ഹാളണ്ട് അഞ്ചു ​ഗോൾ നേടിയിരുന്നു. ഇന്ന് ബയേണിനെ നേരിടാൻ ഒരുങ്ങുമ്പോഴും സിറ്റിയുടെ പ്രതീക്ഷ മുഴുവനും താരത്തിൽ തന്നെയാണ്. ഹാളണ്ട് കുറച്ചു ദിവസം പരിക്കിന്റെ പിടിയിലായിരുന്നു. എന്നാൽ പരിക്ക് മാറി തിരിച്ചു വന്ന താരം പ്രീമിയർ ലീ​ഗിൽ സതാംപ്ടണിനെതിരെ ഇരട്ട ​ഗോളടിച്ച് വരവറിയിച്ചിട്ടുണ്ട്. ജൂലിയൻ അൽവാരസ്, ജാക്ക് ​ഗ്രീലിഷ്, കെവിൻ ഡി ബ്രൂയിൻ എന്നീ താരങ്ങളും ഫോമിലുളളത് സിറ്റിക്ക് സ്വന്തം മൈതാനത്ത് ആത്മവിശ്വാസം നൽകും.

ബയേൺ മ്യൂണിക്കിന് പുതിയ പരിശീലകനു കീഴിലെ ആദ്യ ചാമ്പ്യൻസ് ലീ​ഗ് മത്സരമാണ് ഇന്ന് നടക്കുന്നത്. ജൂലിയൻ ന​ഗ്ലസ്മാന് ബയേൺ മ്യൂണിക്കിനെ ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനലിലേക്ക് നയിക്കാനായെങ്കിലും ലീ​ഗിലെ മോശം ഫോമിനെ തുടർന്നു പുറത്താക്കപ്പെട്ടു. പുതിയ പരിശീലകന്റെ കീഴിൽ ചാമ്പ്യൻസ് ലീ​ഗിൽ ബയേൺ മ്യൂണിക്കിന് എത്രമാത്രം പ്രകടനം പുറത്തെടുക്കാനുകുമെന്നാണ് ഫുട്ബോൾ ലോകവും ആരാധകരും ഉറ്റു നോക്കുന്നത്. എന്നാൽ ടുഷേലിന്റെ കീഴിലെ ആദ്യ മത്സരത്തിൽ തന്നെ ബദ്ധവൈരികളായ ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിക്കാൻ കഴിഞ്ഞത് ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ജമാൽ മുസ്യാല, ലിറോയ് സനെ, കിം​ഗ്സ്ലി കോമാൻ, സെർജ് ​ഗ്നാബ്രി എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷകൾ.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ബെൻഫിക്ക സ്വന്തം ​മൈതാനത്ത് ഇന്റർ മിലാനെയാണ് നേരിടുന്നത്. ഇന്റർ മിലാൻ ബെൻഫിക്ക മത്സരവും ആവേശകരമാകാനാണ് സാധ്യത. മികച്ച ഒരു സീലണിലൂടെയാണ് ബെൻഫിക്ക ഇത്തവണ കടനനു പോകുന്നത്. ബെൻഫിക്ക ക്വാർട്ടർ ഫൈനൽ വിജയിച്ച് മുന്നേറുകയാണെങ്കിൽ 1990-നു ശേഷം ആദ്യമായി ഒരു പോർച്ചു​ഗൽ ടീം ചാമ്പ്യൻസ് ലീ​ഗ് സെമിഫൈനലിലോക്ക് മുന്നേറും. രാത്രി 12:30- നാണ് ഈ മത്സരവും നടക്കുക.

TAGS :

Next Story