റഫറിയുടെ മോശം തീരുമാനം ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെടുത്തി; പരാതിയുമായി ആസ്റ്റൺ വില്ല
യുണൈറ്റഡിനോട് തോൽവി നേരിട്ടതോടെ വില്ല ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

മാഞ്ചസ്റ്റർ: യുണൈറ്റഡിനെതിരായ അവസാന പ്രീമിയർ ലീഗ് മത്സരത്തിലെ തോൽവിക്ക് പിന്നാലെ റഫറിക്കെതിരെ രൂക്ഷവിമർശനവുമായി ആസ്റ്റൺവില്ല പരിശീലകൻ ഉനായി എമറി. റഫറിയുടെ തെറ്റായ തീരുമാനം തങ്ങളുടെ യുസിഎൽ സ്വപ്‌നങ്ങൾ ഇല്ലാതാക്കിയെന്നും ഇതിനെതിരെ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
യുണൈറ്റഡ് തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ തോമസ് ബ്രമാലായിരുന്നു കളി നിയന്ത്രിച്ചത്. മത്സരത്തിന്റെ 73ാം മിനിറ്റിൽ വില്ലയുടെ മോർഗൻ റോജേഴ്‌സ് നേടിയ ഗോൾ റഫറി അനുവദിച്ചില്ല. യുണൈറ്റഡ് ഗോൾകീപ്പറെ റോജേഴ്‌സ് ഫൗൾചെയ്തതായി വിധിക്കുകയായിരുന്നു. പന്ത് ഗോളാകും മുൻപ് റഫറിയുടെ വിസിൽ എത്തിയതോടെ വാർ പരിശോധനയും സാധ്യമായില്ല. ഈ ഗോൾ അനുവദിച്ചിരുന്നെങ്കിൽ വില്ല 1-0 മുന്നിലെത്തുമായിരുന്നു. അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഉറപ്പിക്കാമായിരുന്നു- ഉനായി എമറി പറഞ്ഞു
പിന്നീട് യുണൈറ്റഡ് രണ്ട് ഗോളടിച്ച് ജയിച്ചതോടെ ആസ്റ്റൺ വില്ല ആറാമതാണ് ഫിനിഷ് ചെയ്തത്. ഗോൾകീപ്പർ എമിലിനാനോ മാർട്ടിനസ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതും തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല പരാതി നൽകുന്നതെന്നും സീസണിൽ നേരത്തെയും നാലോ അഞ്ചോ മൽസരങ്ങളിൽ പരിചയക്കുറവുള്ള റഫറിമാരെയായിരുന്നു നിയമിച്ചതെന്നും വില്ല ഡയറക്ടർ കുറ്റപ്പെടുത്തി.
Adjust Story Font
16

