‘സംഭവിച്ചതിന് മാപ്പ്’; എൽക്ലാസികോക്കിടെ സബ് ചെയ്തതിനെതിരെ പ്രതിഷേധിച്ചതിൽ മാപ്പപേക്ഷിച്ച് വിനീഷ്യസ് ജൂനിയർ

മാഡ്രിഡ്: എൽ ക്ലാസികോക്കിടെ പരിശീലകൻ സാബി അലോൺസോക്കെതിരെ പ്രതിഷേധിച്ചതിൽ പരസ്യമായി മാപ്പപേക്ഷിച്ച് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ. സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസ്താവനയിൽ സംഭവിച്ചതിന് ക്ഷമാപണം നടത്താൻ ആഗ്രഹിക്കുന്നുവെന്ന് ബ്രസീലിയൻ താരം പറഞ്ഞു.പരിശീലകനുമായി ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിൽ പേര് പരാമർശിക്കാതെയാണ് വിനീഷ്യസിന്റെ പ്രതികരണം.
വിനീഷ്യസിന്റെ പ്രസ്താവന: "എൽ ക്ലാസികോ'യിൽ പകരക്കാരനായി പിൻവലിച്ചപ്പോഴുള്ള എന്റെ പ്രതികരണത്തിന് എല്ലാ റയൽ മാഡ്രിഡ് ആരാധകരോടും ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു.ഇന്നത്തെ പരിശീലനത്തിനിടെ ഞാൻ നേരിട്ട് ചെയ്തതുപോലെ, എന്റെ സഹതാരങ്ങളോടും ക്ലബ്ബിനോടും പ്രസിഡന്റിനോടും വീണ്ടും ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു."
‘‘ചിലപ്പോൾ പാഷൻ എന്നെ വികാരാധീതനാക്കുന്നു. കാരണം ഞാൻ എപ്പോഴും വിജയിക്കാനും എന്റെ ടീമിനെ സഹായിക്കാനും ആഗ്രഹിക്കുന്നയാളാണ്. ഈ ക്ലബ്ബിനോടും അത് പ്രതിനിധീകരിക്കുന്ന എല്ലാത്തിനോടുമുള്ള സ്നേഹത്തിൽ നിന്നാണ് എനിക്ക് മത്സര സ്വഭാവം കൈവരുന്നത്. ’’
‘‘ റയലിലെത്തിച്ച ആദ്യ ദിവസം മുതൽ ചെയ്തുതുടങ്ങിയപോലെ റയലിന്റെ നന്മയ്ക്കായി ഓരോ സെക്കൻഡിലും പോരാടുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു." -വിനീഷ്യസ് പ്രതികരിച്ചു.
മികച്ച ഫോമിൽ കളിച്ചിരുന്ന വിനീഷ്യസിനെ 72ാം മിനുറ്റിൽ പിൻവലിച്ച് റോഡ്രിഗോയെ കളത്തിലിറക്കിയപ്പോഴായിരുന്നു വിനീഷ്യസിന്റെ വൈകാരിക പ്രതികരണം.
Adjust Story Font
16

