Quantcast

ഈ ലോകകപ്പിലെ ആദ്യ ചുവപ്പുകാർഡ് ഹെന്നിസ്സിയുടെ പേരിൽ

ഗോൾ ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന തരേമിയെ ബോക്‌സിന് പുറത്തേക്ക് ഇറങ്ങിച്ചെന്ന് ഹെന്നിസ്സി ഫൗൾ ചെയ്യുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-25 13:58:51.0

Published:

25 Nov 2022 1:39 PM GMT

ഈ ലോകകപ്പിലെ ആദ്യ ചുവപ്പുകാർഡ് ഹെന്നിസ്സിയുടെ പേരിൽ
X

ദോഹ: ഈ ലോകകപ്പിലെ ആദ്യ ചുവപ്പുകാർഡ് വെൽസിന്റെ ഗോൾ കീപ്പർ ഹെന്നിസ്സിക്ക്. ഇറാൻ - വെയിൽസ് മത്സരത്തിന്റെ 86ാം മിനുറ്റിൽ ഇറാൻ താരം മെഹദി തരേമിയെ ഫൗൾ ചെയ്തതിനാണ് ഹെന്നസ്സിക്ക് ചുവപ്പുകാർഡ് കിട്ടിയത്. ഗോൾ ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന തരേമിയെ ബോക്‌സിന് പുറത്തേക്ക് ഇറങ്ങിച്ചെന്ന് ഹെന്നിസ്സി ഫൗൾ ചെയ്യുകയായിരുന്നു. ആദ്യം റഫറി മഞ്ഞകാർഡായിരുന്നു ഹെന്നിസ്സിക്കെതിരെ ഉയർത്തിയതെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ചുവപ്പ് കാർഡ് നൽകുകയായിരുന്നു.



ലോകകപ്പിന്റെ ചരിത്രത്തിൽ ചുവപ്പ് കാർഡ് കിട്ടുന്ന മൂന്നാമത്തെ ഗോൾകീപ്പറാണ് നോട്ടിങ്ങാം ഫോറസ്റ്റിന്റെ ഈ കീപ്പർ. ഇറ്റലിയുടെ ജിയാൻലൂക്ക പഗ്ലിയൂക്കയും ദക്ഷിണാഫ്രിക്കയുടെ ഇറ്റുമെലെങ് ഖുനെയുമാണ് ലോകകപ്പിൽ ചുവപ്പ് കണ്ട് മടങ്ങേണ്ടി വന്ന മറ്റ് രണ്ട് കീപ്പർമാർ. പഗ്ലിയൂക്ക 1998ലും ഖുനെ 2010ലും.

അതേസമയം, ആദ്യ മത്സരത്തിൽ കണ്ട ഇറാനേ ആയിരുന്നില്ല ഇന്ന് അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തുടങ്ങിയ പോരാട്ടവീര്യം ഇഞ്ചുറി ടൈമും കഴിഞ്ഞ് അവസാന വിസിൽ മുഴങ്ങുംവരെയും മരിക്കാതെ നിർത്തി താരങ്ങൾ. ജീവന്മരണ പോരാട്ടം പോലെ മരിച്ചുകളിച്ച ഇറാൻ പട യൂറോപ്യൻ കരുത്തരായ വെയിൽസിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് തകർത്തത്. ഇഞ്ചുറി ടൈമിലായിരുന്നു ഇറാന്റെ രണ്ടു ഗോളും പിറന്നത്. ലോകകപ്പിൽ ഒരു യൂറോപ്യൻ ടീമിനെതിരെ ഇറാൻറെ ആദ്യത്തെ ജയം കൂടിയാണിത്.

ഗ്രൂപ്പ് 'ബി'യിൽ ഇറാന്റെ ജയത്തോടെ വെയിൽസിന്റെ സാധ്യതകൾ ഏറെക്കുറെ മങ്ങുകയാണ്. ആദ്യ മത്സരത്തിൽ അമേരിക്കയ്ക്കെതിരെ സമനിലയിൽ പിരിഞ്ഞതിനാൽ നിലവിൽ ഒരു പോയിന്റ് മാത്രമാണ് വെയിൽസിനുള്ളത്. എന്നാൽ, ഇന്ന് രാത്രി നടക്കുന്ന ഇംഗ്ലണ്ട്-യു.എസ്.എ പോരാട്ടം നിർണായകമാണ്. മത്സരത്തിൽ ഇംഗ്ലണ്ട് ജയിക്കണം. ഒപ്പം അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനോട് വിജയവും നിർബന്ധം.

എന്നാൽ, ഇന്നത്തെ മത്സരത്തിൽ അമേരിക്ക പരാജയപ്പെട്ടാൽ ഇറാന് പ്രീക്വാർട്ടർ പ്രതീക്ഷ കൂടും. അടുത്ത മത്സരത്തിൽ അമേരിക്കയെ സമനിലയിൽ കുരുക്കിയാലും ഇറാന് അടുത്ത ഘട്ടത്തിലേക്ക് കടക്കാം.

TAGS :

Next Story