Quantcast

പോളിഷ് മതില്‍ പൊളിക്കാന്‍ ലോക ചാമ്പ്യന്മാര്‍

എംബാപ്പെയും ഗ്രീസ്മാനും ഡെംബലെയും ജിറൂദും ഒരുപോലെ തിളങ്ങിയാൽ ഫ്രാൻസിന് പേടിക്കാനില്ല

MediaOne Logo

Web Desk

  • Published:

    4 Dec 2022 2:35 PM GMT

പോളിഷ് മതില്‍ പൊളിക്കാന്‍ ലോക ചാമ്പ്യന്മാര്‍
X

ലോകകപ്പ് പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഇന്ന് പോളണ്ടിനെ നേരിടും. രാത്രി എട്ടരയ്ക്ക് അൽതുമാമ സ്റ്റോഡിയത്തിലാണ് മത്സരം നടക്കുന്നത്. കിരീടം കൈവിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്ന് അടിവരയിട്ട് തെളിയിച്ച ആദ്യ രണ്ട് മത്സരങ്ങളും രണ്ടാം നിരയെ പരീക്ഷിച്ച് പാളിയ അവസാന പോരും കടന്നാണ് ഫ്രഞ്ച് പട ഗ്രൂപ്പ് ഘട്ടം കഴിച്ചത്.

പരീക്ഷണങ്ങൾക്കിടമില്ലാത്ത ഇന്നത്തെ നോക്കൗട്ട് ഘട്ടത്തിൽ ഗോളടിച്ചുകൂട്ടാൻ തന്നെയാകും ദഷാംസ് ശിഷ്യന്മാരോട് പറയുക. എംബാപ്പെയും ഗ്രീസ്മാനും ഡെംബലെയും ജിറൂദും ഒരുപോലെ തിളങ്ങിയാൽ ഫ്രാൻസിന് പേടിക്കാനില്ല. രണ്ട് ഗോളുകളാണ് ഇതുവരെ പ്രതിരോധനിര വഴങ്ങിയത്. ഇതിന് തടയിടാനും ശ്രദ്ധിക്കും.

ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ പ്രീക്വാർട്ടറിലെത്തിയ പോളണ്ട് ഇതുവരെയും ഫോമിലെത്തിയിട്ടില്ല. ലെവൻഡോവ്‌സ്‌ക്കിയെ മാത്രം ആശ്രയിച്ചുള്ള നീക്കങ്ങൾ പാതിവഴിയിൽമുറിയുന്നു. പ്രതിരോധിച്ച് നിന്ന് തക്കം കിട്ടുമ്പോൾ ഗോളടിക്കുക എന്നതാകും പോളണ്ടിന്റെ കണക്കുകൂട്ടൽ. ഗോൾകീപ്പർ ചെസ്‌നിയുടെ കരങ്ങളിലാകും അവർ ഏറ്റവും പ്രതീക്ഷവെയ്ക്കുക.

അതേസമയം, മറ്റൊരു പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട് ഇന്ന് സെനഗലിനെ നേരിടും. യൂറോപ്യൻ കരുത്ത് തെളിയിക്കാൻ ഇംഗ്ലണ്ടും അട്ടിമറി ലക്ഷ്യമിട്ട് സെനഗലും എത്തുമ്പോൾ മത്സരത്തിൽ തീപാറും. രാത്രി 12.30നാണ് മത്സരം നടക്കുക.

തോൽവി അറിയാതെയാണ് ഇംഗ്ലണ്ട് എത്തുന്നത്, സെനഗൽ തോറ്റിടത്ത് നിന്നും. പ്രീക്വാർട്ടറിൽ ഇരുടീമുകളും ഇന്ന് നേർക്കുനേർ വരുമ്പോൾ അൽ ബൈത്ത് സ്റ്റേഡിയത്തിൽ എന്തും പ്രതീക്ഷിക്കാം. സൗത്ത്‌ഗേറ്റിന്റെ കീഴിൽ മിന്നും ഫോമിലാണ് ഇംഗ്ലീഷ് ടീം. ഗോൾ അടിക്കാനും അടിപ്പിക്കാനും മടിയില്ലാത്ത മധ്യനിരയും മുന്നേറ്റവുമാണ് ടീമിന്റെ കരുത്ത്. മൂന്ന് കളികളിൽ നിന്ന് ഒമ്പത് ഗോളുകളാണ് ഇംഗ്ലണ്ട് നേടിയത്. സ്റ്റർലിങും റാഷ്‌ഫോഡും ഗ്രിലിഷും ഫോഡനും ഗോളുകൾ നേടി കഴിഞ്ഞിട്ടുണ്ട്. പന്തടക്കവും ഒഴുക്കുമുണ്ട് മധ്യനിരയ്ക്ക്. കെയ്‌നും റെയിസും ഹെൻഡേഴസനും കളി മെനയുന്നുണ്ട്. പ്രതിരോധം പരീക്ഷിക്കപ്പെട്ടിട്ടില്ല. അത് മാത്രമാണ് ആശങ്ക.

അട്ടിമറിക്ക് കെൽപുള്ള സംഘമാണ് സെനഗൽ. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന ഒരു പിടി താരങ്ങളാണ് ടീമിന്റെ കരുത്ത്. പ്രതിരോധത്തിൽ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടാനുള്ള കെൽപ്പ് ടീമിനുണ്ട്. കൌലി ബാലിയും ഡിയാലോയും സാബിളിയും മെൻഡിയും ഗുയിയും ഇസ്മായിൽ സറും ഫോമിലുണ്ട്. മുന്നേറ്റനിരയിൽ അവസരങ്ങൾ മുതലാക്കാൻ സെനഗലിനായാൽ ഇംഗ്ലിഷ് ടീം വിയർക്കും. കണക്കിന്റെ കളികളിൽ ഇംഗ്ലണ്ടിന് മുൻതൂക്കമുണ്ടങ്കിലും ഏകപക്ഷീയമായ മത്സരം പ്രതീക്ഷിക്കേണ്ടതില്ല.

TAGS :

Next Story