Quantcast

സിനിമാക്കഥകളെ വെല്ലുന്ന സാബിയുടെ മാസ് എന്‍ട്രി

MediaOne Logo

Sports Desk

  • Published:

    16 April 2024 3:40 PM GMT

xabi alonso
X

എല്ലാം ഒരു സിനിമാക്കഥ പോലെയാണ്. ഒരിക്കല്‍ പോലും ലീഗ് കിരീടം നേടാനാകാത്ത ഒരു നൂറ്റാണ്ടിലേറെ ചരിത്രമുള്ള ഒരു ഫുട്‌ബോള്‍ ക്ലബ്. ഒരിക്കലും കപ്പെടുക്കാനാകാത്ത അവരെ പരിഹസിക്കാനായി ലെവര്‍ക്യൂസന്‍ എന്ന പേരുമാറ്റി നെവര്‍ക്യൂസന്‍ എന്ന് വരെ വിളിച്ചുതുടങ്ങി. എന്നിട്ടും ആരാധകര്‍ ആ ടീമിനെ കൈവിട്ടില്ല. കടുത്ത പരിഹാസങ്ങളിലും തോല്‍വികളിലും അവര്‍ ആ ടീമിനൊപ്പം ഉറച്ചുനിന്നു. എല്ലാ ശരിയാക്കാന്‍ ഒരാള്‍ വരുമെന്നും എല്ലാം ശരിയാകുന്ന ഒരു കാലം വരാനുണ്ടെന്നും അവര്‍ പ്രതീക്ഷവെച്ചു. ടീമിന്റെ പ്രകടനം അടിക്കടി മോശമായി വരികയാണ്. 2022 എല്ലാം കൊണ്ടും ലെവര്‍ക്യൂസണ് മോശം വര്‍ഷമായിരുന്നു. ചാമ്പ്യന്‍സ് ലീഗിലും ബുണ്ടെസ് ലിഗയിമെല്ലാമുള്ള തോല്‍വികള്‍ ടീമിനെ വല്ലാതെ ഉലച്ചുകളഞ്ഞു. ബുണ്ടെസ് ലിഗയില്‍ എട്ടുമത്സരങ്ങള്‍ കളിച്ചതില്‍ വിജയിച്ചത് ഒരെണ്ണം മാത്രം. ലിഗയിലെ ടേബിളില്‍ അവസാനത്ത് നിന്നും രണ്ടാമതായാണ് ടീമിന്റെ നില്‍പ്പ്. കപ്പൊന്നുമില്ലെങ്കിലും അങ്ങനെ നാണംകെടുന്നവരായിരുന്നില്ല ലെവര്‍ക്യൂസണ്‍. അതോടെ കോച്ച് ജെറാര്‍ഡെ സിയോണെയെ പുറത്താക്കി. പകരക്കാരനെയും തീരുമാനിച്ചു.

സാബി അലോണ്‍സോ...

ആ പേര് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സുപരിചിതമാണ്. ലിവര്‍പൂളിന്റെയും റയലിന്റെയും സ്​പെയിനിന്റെയുമെല്ലാം ജഴ്സ്സിയില്‍ എത്രയോ മികച്ച പ്രകടനങ്ങള്‍ അയാളുടേതായി കണ്ടിരിക്കുന്നു. പക്ഷേ കോച്ചായി അയാള്‍ എന്തുചെയ്യാനാണ്​? ഒരു സീനിയര്‍ ടീമിന്റെ കോച്ചായി ഇന്നേവരെ അയാള്‍ പണിയെടുത്തിട്ടില്ല. എന്നാല്‍ അയാള്‍ ചില്ലറക്കാരനുമല്ല. റയല്‍ മഡ്രിഡിന്റെ യൂത്ത് കോച്ചായും റയല്‍ സോസിഡാഡ് ബി ടീമിന്റെ മാനേജറായും പണിയെടുത്തിട്ടുണ്ട്. വരട്ടെ കാണാമെന്ന നിലയിലായി ആരാധകര്‍.

അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി. സാബി ടീമിന്റെ ചുമതല ഏറ്റെടുത്തു. ആദ്യത്തെ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: ഈ ക്ലബിനെക്കുറിച്ച് ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്റെയൊക്കെ സമയത്ത് നല്ല ക്ലബ്ബായിരുന്നു. ഒരുപാട് ക്വാളിറ്റിയുള്ള കളിക്കാര്‍ ഈ ക്ലബിനൊപ്പമുണ്ടായിരുന്നു. നിലവിലെ സ്‌ക്വാഡിലുമുണ്ട്. ഈ ടാസ്‌കില്‍ ഞാന്‍ വളരെ എക്‌സൈറ്റഡാണ്''.

ഷാക്ക, ഗ്രിമാള്‍ഡോ, ഹോഫ്മാന്‍, ബോണിഫേസ് എന്നീ താരങ്ങളെ ടീമിലെത്തിച്ച് ഓരോ പൊസിഷനിലും യോജിച്ചവരെ അണിനിരത്തുകയായിരുന്നു സാബി ആദ്യം ചെയ്തത്. വലിയ ക്ലബുകള്‍ നോട്ടമിട്ടിരുന്ന ഫ്ലോറിയന്‍ വിയറ്റ്സിനെ ടീമില്‍ ഉറപ്പിച്ചുനിര്‍ത്തി. ഉരുക്കുപോലെ ഉറച്ച അലക്സ് ഗ്രിമാള്‍ഡോയും ജെറിമി ഫ്രിങ്പോങും ചേര്‍ന്ന പ്രതിരോധം, മിഡ്ഫീല്‍ഡ് ജനറലായ ഷാക്കക്കൊപ്പം ആന്‍ഡ്രിച്ചും പലസിയോസും ചേര്‍ന്ന മധ്യനിര, ജൊനാസ് ഹോഫ്മാനും വിക്ടര്‍ ബോണിഫൈസും ഫ്ലോറിയന്‍ വിയറ്റ്സുമുള്ള മുന്നേറ്റം, എല്ലാവരെയും സാബി എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിപ്പിച്ചു. തുടര്‍ വിജയങ്ങളുമായി സാബിയും കുട്ടികളും ജര്‍മനിയില്‍ വസന്തകാലം തീര്‍ത്തു.

അതോടെ ആരാധകര്‍ക്ക് ഒന്നുറപ്പായി. ഞങ്ങള്‍ കേട്ട കഥകളിലെ രക്ഷകന്‍ ഇയാളാണ്. ഒരുപാട് കാലം ഞങ്ങള്‍ കാത്തിരുന്ന സുവര്‍ണകാലം ഇതാ എത്തിയിരിക്കുന്നു. ഒരു തോല്‍വിപോലും അറിയാത്ത അവിസ്മരണീയമായ കുതിപ്പായിരുന്നു ലെവര്‍ക്യൂസണ്‍ നടത്തിയത് സീസണില്‍ മത്സരങ്ങളേറെ ബാക്കിയുള്ളപ്പോള്‍തന്നെ ലെവര്‍ക്യൂസണ്‍ കപ്പുറപ്പിച്ചു. ബുണ്ടെസ് ലിഗ സമം ബയേണ്‍ മ്യൂണികെന്ന സമവാക്യത്തെ ലെവര്‍ക്യൂസണ്‍ പൊട്ടിച്ചെറിഞ്ഞു. അതില്‍ തന്നെ ഫെബ്രുവരി 10ന് നടന്ന മത്സരത്തില്‍ ബയേണിനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ടീം തകര്‍ത്തെറിഞ്ഞത്. ഒടുവില്‍ ലിഗ കിരീടം നെഞ്ചോടടുപ്പിക്കുമ്പോള്‍ ആരാധകര്‍ അടക്കാനാവാത്ത ആഹ്ളാദത്താല്‍ പൊട്ടിക്കരഞ്ഞു.. ചിലര്‍ ആര്‍ത്തുവിളിച്ചു.. ചിലര്‍ നിശബ്ദരായി എല്ലാം നിര്‍വൃതിയോടെ കണ്ടു...

എന്നാല്‍ ഈ വിജയങ്ങളൊന്നും യാദൃശ്ചികമായിരുന്നില്ല. ടീമിന്റെ വിജയത്തില്‍ തന്റേതായ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഓരോ കളിക്കാരനെയും അദ്ദേഹം പ്രേരിപ്പിച്ചിരുന്നു. സീസണില്‍ 16 വ്യത്യസ്ത ഗോള്‍ സ്‌കോറര്‍മാര്‍ ലെവര്‍കൂസണുണ്ടായി എന്നത് തന്നെ ഇതിന് ഉത്തമ സാക്ഷ്യമാണ്. ടീമിലെ ഫോര്‍വേഡും ഗോള്‍സ്‌കോററുമായ ബോണിഫേസ് 4 മാസത്തോളം പരിക്കുമൂലം പുറത്തിരുന്നപ്പോള്‍ പോലും അത് ടീമിനെ ബാധിച്ചിരുന്നില്ല 81ാം മിനിറ്റിന് ശേഷം ടീം നേടിയ 22 ഗോളുകള്‍, അതില്‍ 91ാം മിനിറ്റിന് ശേഷമുള്ള നാലു ഗോളുകള്‍ എല്ലാം തെളിയിക്കുന്നത് സാബി പരിശീലിപ്പിച്ച തോല്‍ക്കാന്‍ മനസ്സില്ലാത്ത ടീമിന്റെ ചങ്കുറപ്പിനെയാണ്.

കളിക്കാരനെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിച്ചപ്പോള്‍ തന്നെ സാബിക്ക് കോച്ചിങ് കരിയര്‍ തുടങ്ങാമായിരുന്നു. എന്നാല്‍ കുറച്ചുകാലം അവധിയെടുത്ത് ഫുട്ബോളിനെക്കുറിച്ച് നന്നായി പഠിച്ചു. റിയല്‍ സോസിഡാഡ് ബി ടീമിനെ പരിശീലിപ്പിക്കുമ്പോഴും നിരവധി ക്ലബുകള്‍ അദ്ദേഹത്തിന്റെ പുറകെയുണ്ടായിരുന്നെങ്കിലും ആ ടീമിനെ മൂന്ന് വര്‍ഷമാണ് അദ്ദേഹം പരിശീലിപ്പിച്ചത്. അവിടെയും ശരിയായ സമയം വരുന്നത് വരെ ക്ഷമയോടെ പരിശീലന പാഠങ്ങള്‍ പഠിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പഠിക്കാനും വളരാനുമുള്ള അദ്ദേഹത്തിന്റെ തീവ്രമായ അഭിനിവേശം പുതിയതായിരുന്നില്ല, 22ാം വയസ്സില്‍ ലിവര്‍പൂളില്‍ ചേരുമ്പോള്‍ അദ്ദേഹത്തിന് ഇംഗ്ലണ്ടിന്റെ ചരിത്രവും സംസ്‌കാരവും ഒട്ടു അറിയില്ലായിരുന്നു ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുമുള്ള അറിവും വളരെ പരിമിതമായിരുന്നു. അതിനായി അദ്ദേഹം സ്ഥിരമായി ലൈബ്രറികളും മ്യൂസിയങ്ങളും സന്ദര്‍ശിച്ചു.

ഫുട്ബാളിന്റെ മര്‍മമറിയുന്നവര്‍ സാബിയുടെ കോച്ചിങ് എബിലിറ്റിയെ മുമ്പേ തിരിച്ചറിഞ്ഞു. 2019ല്‍ ഹോസെ മൗറീഞ്ഞോ പറഞ്ഞ വാക്കുകള്‍ ഇതിനെ അടിവരയിടുന്നു. ‘‘സാബിയുടെ അച്ഛനും ഒരു പരിശീലകനായിരുന്നു. അതുകൊണ്ടുതന്നെ എന്നെപ്പോലെയാണ് അവനും വളര്‍ന്നത്. കളിയെക്കുറിച്ച് അവന് നല്ല ധാരണയുണ്ട്. അവന്‍ സ്‌പെയിനിലും ഇംഗ്ലണ്ടിലും ജര്‍മനിയിലും കളിച്ചിട്ടുമുണ്ട്. ബയേണില്‍ ഗ്വാര്‍ഡിയോള, റയലില്‍ ഞാനും ആന്‍സലോട്ടിയും ലിവര്‍പൂളില്‍ റാഫേല്‍ ബെനിറ്റസ്മാണ് അയാളെ പരിശീലിപ്പിച്ചത്. ഇതെല്ലാം ഒന്നിച്ച് സന്നിവേശിപ്പിച്ചാല്‍ ഒരു മികച്ച കോച്ചായി അവന് മാറാം’’. മൗറീഞ്ഞോ പറഞ്ഞത് അച്ചട്ടായി മാറി.

TAGS :

Next Story