Quantcast

മണിക്കൂറുകൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ; ഭൂചലനത്തിന് ഇരയായ ​ഘാന സൂപ്പർ താരത്തിന് പുതുജീവൻ

ആറ്റ്സു തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്റെ ടീമിനായി വിജയ ​ഗോൾ നേടിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-02-07 13:00:46.0

Published:

7 Feb 2023 12:54 PM GMT

Ghana National Player Christian Atsu, Rescued, Rubble in Turkey after Earthquake,
X

അങ്കാറ: തുർക്കിയിലും സിറിയയിലും കനത്ത നാശനഷ്ടമുണ്ടാക്കുകയും ആയിരങ്ങളുടെ ജീവനെടുക്കുകയും ചെയ്ത ഭൂകമ്പത്തിൽ കാണാതായ ഘാന ദേശീയ ഫുട്ബോൾ താരത്തിന് മണിക്കൂറുകൾക്ക് ശേഷം പുതുജീവൻ. മുൻ ചെൽസി-ന്യൂകാസിൽ മിഡ് ഫീൽഡറായ ക്രിസ്റ്റ്യൻ ആറ്റ്സുവിനെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തിയതും ജീവനോടെ പുറത്തെടുത്തതും.

ആറ്റ്സുവിനെ ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ ജീവനോടെ പുറത്തെടുത്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. 31കാരനായ ക്രിസ്റ്റ്യൻ ആറ്റ്‌സു, നിലവിൽ തുർക്കി സൂപ്പർ ലീഗ് ക്ലബ്ബായ ഹതായ്‌സ്‌പോറിന്റെ താരമാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള തെക്കൻ പ്രവിശ്യയായ ഹതായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹതായ്സ്പോർ.

"ഞാനൊരു സന്തോഷ വാർത്ത കേട്ടു. ക്രിസ്റ്റ്യൻ ആറ്റ്‌സുവിനെ ഹതായിയിൽ ജീവനോടെ കണ്ടെത്തിയതായി ഘാന അസോസിയേഷന്റെ പ്രസിഡന്റിൽ നിന്ന് എനിക്ക് വിവരം ലഭിച്ചു"- കെനിയയിലെ ഘാന ഹൈകമ്മീഷണർ ഫ്രാൻസിസ്ക അഷിറ്റി-ഒഡുന്റൺ അക്ര ആസ്ഥാനമായുള്ള അസാസ് റേഡിയോയോട് പറഞ്ഞു.

ഏറെ നേരം കുടുങ്ങിക്കിടന്ന അദ്ദേഹത്തെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും രക്ഷപെടുത്തിയെന്ന വിവരം ഹതായ്സ്പോർ വൈസ് പ്രസിഡന്റ് മുസ്തഫ ഒസത് സ്ഥിരീകരിച്ചു. ഘാന താരം ക്രിസ്റ്റ്യൻ ആറ്റ്സുവിനും ഭൂകമ്പത്തിന് ഇരയായ ആളുകൾക്കും വേണ്ടി ‍ഞങ്ങൾ പ്രാർഥിക്കുന്നു- ഘാന ഫുട്ബോൾ അസോസിയേഷൻ ട്വിറ്ററിലൂടെ അറിയിച്ചു.

ആറ്റ്സു തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്റെ ടീമിനായി വിജയ ​ഗോൾ നേടിയിരുന്നു. തുർക്കി സൂപ്പർ ലീഗ് മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഗോൾ നേടിയാണ് താരം ടീമിന്റെ വിജയനായകനായത്. ഞായറാഴ്ച രാത്രി കാസംപാസയ്‌ക്കെതിരായ മത്സരത്തിൽ 97-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ ആറ്റ്‌സു നേടിയ ഒരേയൊരു ഗോളിനായിരുന്നു ഹതായ് സ്‌പോറിന്റെ ജയം.

തുടർന്നുണ്ടായ ഭൂകമ്പത്തിൽ അദ്ദേഹവും അകപ്പെടുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ടീം ഡയറക്ടറായ താനർ സവൂതിനെയും കാണാതായതായി ഹതായ് സ്‌പോർ വക്താവ് മുസ്തഫ ആസാത് അറിയിച്ചിരുന്നു. ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ന്യൂകാസിൽ, ചെൽസി മധ്യനിര താരമായിരുന്ന ആറ്റ്‌സു കഴിഞ്ഞ സെപ്തംബറിലാണ് തുർക്കി ക്ലബ്ബിനൊപ്പം ചേരുന്നത്. അഞ്ചു സീസൺ ന്യൂകാസിലിനു വേണ്ടി പന്തു തട്ടിയ താരം 2021ൽ സൗദി ക്ലബായ അൽറാഇദിനൊപ്പം ചേർന്നു. സൗദിയിൽ നിന്ന് കഴിഞ്ഞ വർഷമാണ് തുർക്കി ലീഗിലെത്തുന്നത്.

തിങ്കളാഴ്ച രാത്രി രാജ്യം ഉറങ്ങിക്കിടക്കവെയാണ് ലോകത്തെ തന്നെ നടുക്കി തുർക്കിയിൽ റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ വൻ ഭൂചലനം ഉണ്ടായത്. ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന തുർക്കിക്ക് സഹായവാ​ഗ്ദാനവുമായി നിരവധി രാജ്യങ്ങൾ രം​ഗത്തെത്തിയിട്ടുണ്ട്.

ഇതിനോടകം 5000ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഭൂകമ്പ പരമ്പരയിൽ പതിനായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപൊത്തുകയും ചെയ്തിരുന്നു. ഭൂകമ്പത്തിൽ അകപ്പെട്ട കുഞ്ഞുങ്ങളെയടക്കം രക്ഷപെടുത്തുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു.





TAGS :

Next Story