Quantcast

''എത്ര പിഴവുകളാണ്, അവനൊരു മാറ്റവുമില്ല''; ബാബറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് ഇതിഹാസം

''ഓരോ വർഷം കടന്നുപോകും തോറും അവൻ മെച്ചപ്പെട്ടു വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു, അവൻ സ്വയം പരുവപ്പെടണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. എന്നാൽ അത് സംഭവിച്ചില്ല''

MediaOne Logo

Web Desk

  • Published:

    14 Nov 2023 1:17 PM GMT

Babar Azam
X

ലോകകപ്പിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ പാക് ക്രിക്കറ്റ് ടീമിനും നായകന്‍ ബാബര്‍ അസമിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍ നാല് മത്സരങ്ങളിലാണ് ബാബറും സംഘവും ജയിച്ചത്. അഫ്ഗാന് മുന്നില്‍ വരെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ പാക് പട അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോടും പരാജയപ്പെട്ട് മടക്ക ടിക്കറ്റെടുത്തു. ഇപ്പോഴിതാ ബാബറിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. നാല് വര്‍ഷത്തിനിടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാബറിന്‍റെ പ്രകടനത്തില്‍ ഒരു പുരോഗമനവുമുണ്ടായിട്ടില്ലെന്ന് അഫ്രീദി പറഞ്ഞു.

''ഞാൻ ബാബറിന്റെ ഒരു കടുത്ത ആരാധകനാണ്. അദ്ദേഹമൊരു മികച്ച കളിക്കാരനാണ്. ലോകത്തെ മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയിലാണ് ഞാൻ ബാബറിനെ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ നാല് വർഷമായി അവനാണ് പാക് ടീമിന്റെ തലപ്പത്ത്. ഇതുവരെ അവനെ ഞങ്ങളാരും കുറ്റപ്പെടുത്തിയിട്ടില്ല. എല്ലാ ഘട്ടത്തിലും ഞങ്ങൾ അവനെ പിന്തുണച്ചു. ഓരോ വർഷം കടന്നു പോകും തോറും അവൻ മെച്ചപ്പെട്ടു വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. അവൻ സ്വയം പരുവപ്പെടണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു.

എന്നാൽ അത് സംഭവിച്ചില്ല. ഈ കാലത്ത് അവന് ക്യാപ്റ്റനെന്ന നിലയിൽ പ്രകടനം മെച്ചപ്പെടുത്താൻ ആയിട്ടില്ല. ലോകപ്പിൽ അവന്റെ ഭാഗത്ത് നിന്ന് എത്ര പിഴവുകളാണ് സംഭവിച്ചത്. ഒരു ലീഡറെന്നാൽ എല്ലാ കളിക്കാരേയും ഒരുമിച്ച് കൊണ്ടു പോവാൻ കഴിയുന്നവനാകണം. നന്നായി കളിക്കുന്ന ഒന്നോ രണ്ടോ കളിക്കാർ പോര, മികച്ച 11 കളിക്കാരുണ്ടാവണം. അവരോട് എപ്പോഴും നിർദേശം തേടാനുമാവണം''- അഫ്രീദി പറഞ്ഞു

അതേ സമയം മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് ബാബറിന് പിന്തുണയുമായെത്തി. സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ബാബറിന്‍റെ ക്യാപ്റ്റന്‍സിയെ വിലയിരുത്തരുത് എന്ന് കപില്‍ പറഞ്ഞു.

''നിലവിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകൾ ബാബറിനെ വിമർശിക്കുന്നത്. ആറ് മാസങ്ങൾക്ക് മുമ്പ് പാകിസ്താനെ ഒന്നാം റാങ്കിലെത്തിച്ചത് ഇതേ ബാബറാണെന്ന കാര്യം മറന്ന് പോവരുത്. സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ താരങ്ങളെ വിലയിരുത്തുന്നത് ആരാധകരുടെ ഒരു സ്ഥിരം സ്വഭാവമാണ്.

ആദ്യ മത്സരത്തിൽ ഒരു താരം സെഞ്ച്വറിയടിച്ചാൽ ആളുകൾക്കയാൾ സൂപ്പർ സ്റ്റാറാണ്. എന്നാൽ ഒരാൾ ആദ്യ മത്സരത്തിൽ സംപൂജ്യനായി മടങ്ങിയാൽ അയാളെ പുറത്താക്കാൻ മുറവിളികൂട്ടും. ഇത് ശരിയല്ല. നിലവിലെ പ്രകടനം വച്ച് ഒരു താരത്തേയും വിലയിരുത്തതരുത്. അയാൾ കളിയെ എങ്ങനെ സമീപിക്കുന്നു എന്നത് മാത്രം നോക്കൂ. എത്ര മാത്രം പ്രതിഭ അയാളിലുണ്ട് എന്ന് നോക്കൂ''- കപില്‍ പറഞ്ഞു.

TAGS :

Next Story