Quantcast

റൺസുമില്ല, വിക്കറ്റുമില്ല, ക്യാച്ചുമില്ല, പക്ഷേ മാൻ ഓഫ് ദ മാച്ച്!!

വിക്കറ്റും റണ്‍സും ക്യാച്ചുമൊന്നുമെടുക്കാതെ മാന്‍ ഓഫ് ദ മാച്ചായ കഫിയെപ്പോലെ ഗ്രൌണ്ട് സ്റ്റാഫിന് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് കിട്ടിയ അത്യപൂര്‍വ സംഭവവും ക്രിക്കറ്റ് ചരിത്രത്തിലുണ്ട്

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2022-07-05 05:45:40.0

Published:

5 July 2022 5:12 AM GMT

റൺസുമില്ല, വിക്കറ്റുമില്ല, ക്യാച്ചുമില്ല, പക്ഷേ മാൻ ഓഫ് ദ മാച്ച്!!
X

ഒരു വിക്കറ്റോ ഒരു റണ്‍സോ എന്തിനേറെ ഒരു ക്യാച്ചോ പോലും എടുക്കാതെ കളിയിലെ മാന്‍ ഓഫ് ദ മാച്ചായ ഒരു താരമുണ്ട് ക്രിക്കറ്റ് ചരിത്രത്തില്‍, കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും അങ്ങനെ ഒരു അത്യപൂര്‍വ സംഭവത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുണ്ട്. ആ നേട്ടത്തിന് അര്‍ഹനായതാകട്ടെ

തന്‍റെ ഉയരം കൊണ്ട് പേരുകേട്ട വിന്‍ഡീസിന്‍റെ പേസ് ബൌളര്‍ കാമറൂൺ യൂസ്റ്റേസ് കഫിയും, ആരേയും അത്ഭുതപ്പെടുത്തുന്ന ആ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരത്തിന് പിന്നിലെ കഥ ഇങ്ങനെയാണ്.

2001 ജൂണ്‍ 23, സിംബാബ്വെയും വിന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം, ആദ്യം ബാറ്റുചെയ്ത വിന്‍ഡീസിന് 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 266 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്നത്തെ സിംബാബ്വേ അല്ല അന്നെന്ന് ഓര്‍ക്കണം, അലിസ്റ്റർ കാംബെല്ലും തതേന്ദ തൈബുവുമെല്ലാം അടങ്ങുന്ന ഗ്രാന്‍ഡ്ഫ്ലവര്‍ നയിക്കുന്ന ആരെയും വീഴ്ത്താന്‍ കെല്‍പ്പുള്ള കരുത്തുറ്റ നിര.

അന്നുപക്ഷേ പേസ് ബൌളിങ്ങിന് പേരുകേട്ട പ്രതാപകാലത്തിന്‍റെ നിഴല്‍ മാത്രമായിരുന്നു കരീബിയന്‍ സംഘം. എങ്കിലും ആ സ്കോര്‍ പ്രതിരോധിക്കാന്‍ അവര്‍ പരമാവധി പൊരുതി. അലിസ്റ്റർ കാംബെലിന്‍റേതുള്‍പ്പടെ മൂന്ന് വിക്കറ്റുകളുമായി മെർവിൻ ഡിലനും മര്‍ലോണ്‍ സാമുവല്‍സും വിന്‍ഡീസ് ബൌളിങ് ഡിപ്പാര്‍ട്മെന്‍റിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ സിംബാബ്വേക്ക് നിശ്ചിത ഓവറില്‍ ലക്ഷ്യത്തിന് 27 റണ്‍സകലെ എത്താനേ കഴിഞ്ഞുള്ളൂ. അതേ, വിന്‍ഡീസ് മത്സരത്തില്‍ ജയിച്ചിരിക്കുന്നു.

കളിയുടെ സ്കോര്‍ കാര്‍ഡെടുത്ത് നോക്കുമ്പോള്‍ അര്‍ധസെഞ്ച്വറി നേടിയ മൂന്ന് വിന്‍ഡീസ് ബാറ്റര്‍മാരെയും മൂന്ന് വിക്കറ്റുകള്‍ വീതമെടുത്ത രണ്ട് വിന്‍ഡീസ് ബൌളര്‍മാരെയും കാണാം. പക്ഷേ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഇവരുടെ ആരുടേയും പേരായിരുന്നില്ല അനൌണ്‍സ് ചെയ്തത്. എല്ലാവരും അമ്പരന്നു...




ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പുരസ്കാരം സ്വന്തമാക്കിയത് വിന്‍ഡീസിന്‍റെ ആറടി എട്ടിഞ്ച് പൊക്കക്കാരനായ ഒരു പേസ് ബൌളറായിരുന്നു. കാമറൂൺ യൂസ്റ്റേസ് കഫി. മത്സരത്തില്‍ ഒരു വിക്കറ്റോ ഒരു റണ്‍സോ എന്തിനേറെ ഒരു ക്യാച്ച് പോലും അയാളുടെ പേരില്‍ സ്കോര്‍കാര്‍ഡില്‍ ഉണ്ടായിരുന്നില്ല. പക്ഷേ ആ കളിയുടെ താരമായി തെരഞ്ഞെടുത്തത് അദ്ദേഹത്തെ ആയിരുന്നു. അതിന് കാരണം ആ മത്സരത്തിലെ കഫിയുടെ ബൗളിംഗ് ഫിഗർ തന്നെയാണ്. പത്തോവറില്‍ രണ്ട് മെയ്ഡനുള്‍പ്പടെ വെറും 20 റണ്‍സ് മാത്രമാണ് കാമറൂൺ കഫി വഴങ്ങിയത്. വിന്‍ഡീസിനെ സംബന്ധിച്ച് ആ മത്സരം തിരിച്ചുപിടിച്ചത് കഫിയുടെ മികച്ച സ്പെല്ലാണ്. വിക്കറ്റെടുക്കുന്നതിനേക്കാള്‍ അയാള്‍ 60 പന്തുകളില്‍ സിംബാബ്വേ ബാറ്റിങ് നിരയെ പ്രതിരോധിച്ച് 20 റണ്‍സ് മാത്രം വിട്ടുകൊടുത്തത് തന്നെയായിരുന്നു ആ മത്സരഫലത്തെ നിര്‍ണയിച്ചത്. വിന്‍ഡീസിന് 27 റണ്‍സിന്‍റെ വിജയമൊരുക്കുന്നതില്‍ വെറും രണ്ട് റണ്‍സ് എക്കോണമയില്‍ അയാളെറിഞ്ഞ 10 ഓവറുകള്‍ അത്രയും നിര്‍ണായകമായിരുന്നു.



94ഇല്‍ ഇന്ത്യക്കെതിരായ ഏകദിനത്തിലൂടെ അരങ്ങേറിയ കാമറൂൺ കഫി ഡെബ്യു മത്സരത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍റെയും വിനോദ് കാംബ്ലിയുടേതുമടക്കം നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയാണ് കാമറൂണ്‍ കഫി ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്. ആറടി എട്ടിഞ്ച് ഉയരത്തിന്‍റെ അഡ്വാന്‍റേജ് ബൌളിങ്ങില്‍ കാട്ടിയിരുന്നത് കാരണം മുൻഗാമികളായ ജോയൽ ഗാർണറുമായും കർട്ട്ലി ആംബ്രോസുമായും ഒരുകാലത്ത് ഏറ്റവുമധികം താരതമ്യപ്പെടുത്തിയ പ്ലെയര്‍ കൂടിയാണ് കഫി. പക്ഷേ പന്തുകൊണ്ട് ചോര വീഴ്ത്തിയിരുന്ന ഇതിഹാസങ്ങളുടെ നിരയിലേക്കൊന്നും കഫിക്ക് എത്തിപ്പെടാനായില്ല.



ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ മൂന്ന് തവണ പുറത്താക്കിയതാണ് താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച അച്ചീവ്മെന്‍റായി ആരാധകര്‍ കണക്കാക്കുന്നത്.




സിംബാബ്വേയുടെ ഇതിഹാസ താരം ആന്‍ഡി ഫ്ലവറിനെതിരെ കഫിയെറിഞ്ഞ സ്പെക്ടാക്കുലര്‍ ഡെലിവറിക്കും ആരാധകരേറെയാണ്. ആന്‍ഡി ഫ്ലവറിന് ജഡ്ജ് ചെയ്യാന്‍ കഴിയുന്നതിലും വേഗത്തിലെത്തിയ കഫിയുടെ പന്തില്‍ ദിശയറിയാതെ ബാറ്റുവെച്ച ഫ്ലവര്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുന്ന കാഴ്ച പേസ് ബൌളിങ് ചരിത്രത്തിലെത്തന്നെ എക്സ്ട്രാ ഓര്‍ഡിനറി സെറ്റ് പീസ് ആയിരുന്നു.

94ഇല്‍ ഇന്ത്യക്കെതിരെ അരങ്ങേറിയ താരത്തിന്‍റെ അവസാന ടെസ്റ്റ് മത്സരവും ഇന്ത്യക്കെതിരെ തന്നെ ആയിരുന്നു എന്നതാണ് മറ്റൊരു അപൂര്‍വത. സച്ചിന്‍റെയും ഗാംഗുലിയുടേതും ഉള്‍പ്പടെ നാല് വിക്കറ്റുകള്‍ അവസാന ടെസ്റ്റില്‍ വീഴ്ത്തിയാണ് കഫി കളി മതിയാക്കിയത്. ബംഗ്ലാദേശിനെതിരായി 2002 ഡിസംബറില്‍ ആയിരുന്നു താരത്തിന്‍റെ അവസാന ഏകദിന മത്സരം. അവസാന ഏകദിനത്തില്‍ പക്ഷേ കഫിക്ക് തന്‍റെ കളിമികവ് പുറത്തെടുക്കാനായില്ല 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 15 ടെസ്റ്റുകളില്‍ നിന്നായി 43 വിക്കറ്റുകളും 41 ഏകദിനങ്ങളില്‍ നിന്നായി 41 വിക്കറ്റുകളും കഫി സ്വന്തമാക്കിയിട്ടുണ്ട്.



വിക്കറ്റും റണ്‍സും ക്യാച്ചുമൊന്നുമെടുക്കാതെ മാന്‍ ഓഫ് ദ മാച്ചായ കഫിയെപ്പോലെ ഗ്രൌണ്ട് സ്റ്റാഫിന് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് കിട്ടിയ അത്യപൂര്‍വ സംഭവവും ക്രിക്കറ്റ് ചരിത്രത്തിലുണ്ട്. 2000 ഡിസംബറിൽ വാണ്ടറേഴ്സില്‍ വെച്ചുനടന്ന ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് ടെസ്റ്റ് മത്സരത്തിലായിരുന്നു സംഭവം.




പരമ്പരയിലെ മൂന്നാം ടെസ്റ്റായിരുന്നു അത്. ആതിഥേയർ പരമ്പര നേരത്തെ തന്നെ പോക്കറ്റിലാക്കിയതിനാൽ അത്ര പ്രാധാന്യമുള്ള മത്സരമൊന്നുമായിരുന്നില്ല അത്. എന്നാൽ ഒരു പന്ത് പോലും എറിയാനാകാതെ ആദ്യ ദിവസത്തെ കളി മുഴുവൻ മഴ കൊണ്ടുപോയി. ഗ്രൗണ്ട്സ്മെൻ ക്രിസ് സ്കോട്ടിന്‍റെയും സംഘത്തിന്‍റെയും കഠിന പരിശ്രമത്തിലൂടെ രണ്ടാം ദിനം ഗ്രൌണ്ട് മത്സരസജ്ജമായി, എന്നാല്‍ മൂന്നാം ദിവസവും നാലാം ദിവസവും മഴ വീണ്ടും വില്ലനായെത്തി. വീണ്ടും ക്രിസ് സ്കോട്ടും സംഘവും മൈതാനത്ത് വിയര്‍പ്പൊഴുക്കി, അവസാന ദിവസം കളിക്കാൻ സ്റ്റേഡിയം സജ്ജമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് അവര്‍ ജോലി നിര്‍ത്തിയത്. ഒടുവില്‍ 190 ഓവർ മാത്രം നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. മൂന്ന് ദിവസവും മഴകൊണ്ടുപോയ മത്സരത്തില്‍ കളിക്കാരേക്കാള്‍ കൂടുതല്‍ സമയം കളത്തില്‍ ചെലവഴിച്ചത് ഗ്രൌണ്ട്സ്റ്റാഫായ ക്രിസ് സ്കോട്ടും ടീമും ആയിരുന്നു. അതുകൊണ്ടു തന്നെ വിരസമായ സമനിലയില്‍ കലാശിച്ച മത്സരത്തെ സ്പോര്‍ട്സ്മെന്‍ സ്പിരിറ്റിലെത്തിക്കാന്‍ അധികൃതര്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ക്രിസ് സ്കോട്ടിന് സമ്മാനിക്കുകയായിരുന്നു

TAGS :

Next Story