Quantcast

പ്രൈം വോളിബോൾ: ഗോവ ഗാർഡിയൻസിനെ തകർത്ത് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്

ഹൈദരാബാദ് താരമായ ബ്രസീലുകാരൻ യുദി യമമോട്ടോയാണ്‌ കളിയിലെ താരം.

MediaOne Logo

Web Desk

  • Published:

    16 Oct 2025 10:27 PM IST

Hyderabad Black Hawks beats Goa Guardians in Prime Volleyball
X

ഹൈദരാബാദ്‌: ആർ.ആർ കാബെൽ പ്രൈം വോളിബോൾ ലീഗ്‌ നാലാം സീസസണിൽ ഗോവ ഗാർഡിയൻസിനെതിരെ മികച്ച ജയവുമായി ഹൈദരാബാദ്‌ ബ്ലാക്ക് ഹോക്‌സ്‌. വ്യാഴാഴ്‌ച ഹൈദരാബാദ്‌ ഗച്ചിബ‍ൗളി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല്‌ സെറ്റ്‌ നീണ്ട പോരിലായിരുന്നു ജയം. സ്‌കോർ: 15–13, 20–18, 15–17, 15–9.

ആദ്യ രണ്ട്‌ സെറ്റ്‌ നേടി ഹൈദരാബാദ്‌ ആധിപത്യം പിടിച്ചപ്പോൾ മൂന്നാം സെറ്റ്‌ പിടിച്ച്‌ ഗോവ തിരിച്ചുവരാൻ ശ്രമിച്ചു. ഹൈദരാബാദ് താരമായ ബ്രസീലുകാരൻ യുദി യമമോട്ടോയാണ്‌ കളിയിലെ താരം. ജയത്തോടെ ഏഴ്‌ പോയിന്റുമായി ഹൈദരാബാദ്‌ ആറാം സ്ഥാനത്തെത്തി.

വീറുറ്റ പോരിൽ ആദ്യ രണ്ട്‌ സെറ്റും നേടിയ ഹൈദരാബാദിന് മൂന്നാം സെറ്റ്‌ നഷ്ടമായെങ്കിലും യമമോട്ടോയുടെയും സഹിലിന്റെയും ആക്രമണത്തിൽ ജയം പിടിച്ചു. ആദ്യ സെറ്റിൽ യമമോട്ടോയും സഹിൽ കുമാറുമാണ്‌ ആക്രമണത്തിന്റെ ചുക്കാൻ പിടിച്ചത്‌. ഇരുവരുടെയും തകർപ്പൻ സ്‌മാഷുകൾക്ക്‌ ഗോവ ഗാർഡിയൻസിന്‌ മറുപടിയുണ്ടായില്ല. നതാനിതേൽ ഡികിൻസണും ചിരാഗ്‌ യാദവും കിടയറ്റ സ്‌പൈക്സുമായി പൊരുതിയെങ്കിലും സഹിലിന്റെ തകർപ്പൻ ഇടിയോടെ ആദ്യ സെറ്റ്‌ ഹൈദരാബാദ്‌ പിടിച്ചു. രണ്ടാം സെറ്റിൽ ഒപ്പത്തിനൊപ്പമായിരുന്നു കളി.

മൂന്നാം സെറ്റ്‌ ആവേശകരമായിരുന്നു. ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. ഗോവയായിരുന്നു തുടക്കം ടോപ്‌ഗിയറിൽ. ദുശ്യന്ത്‌ സിങ്ങിന്റെ തകർപ്പൻ സെർവിലൂടെ അവർ ലീഡ്‌ നേടി. സഹിൽ ഹൈദരാബാദിന്‌ ലീഡ്‌ കുറയ്‌ക്കാൻ സഹായിച്ചു. പ്രിൻസും ഗ‍ൗരവ്‌ യാദവും ഗോവയ്‌ക്കായി വിയർത്തുകളിച്ചു. ഇതോടെ ഗോവ മൂന്നാം സെറ്റ്‌ നേടി.

നാലാം സെറ്റിൽ ശിഖർ സിങ്ങിന്റെ ഉജ്വല ബ്ലോക്കുകളിലൂടെ ഹൈദരാബാദ്‌ കളി പിടിച്ചു. ഗോവയുടെ പിഴവുകളും വന്നതോടെ ഹൈദരാബാദ്‌ മുന്നേറി. ജയവും നേടി. നാളെ (വെള്ളി) വൈകിട്ട് 6.30ന് ആദ്യമത്സരത്തിൽ കാലിക്കറ്റ് ഹീറോസ് കൊൽക്കത്ത തണ്ടർ ബോൾട്ട്സിനെ നേരിടും. 8.30ന് ഡൽഹി തൂഫാൻസും ചെന്നൈ ബ്ലിറ്റ്സും തമ്മിലാണ് രണ്ടാം മത്സരം.

TAGS :

Next Story