Quantcast

'ഒരജ്ഞാത സ്ത്രീക്കൊപ്പമാണ് ഞാൻ ബ്രിട്ടനിലെത്തിയത്, നിങ്ങൾ വിചാരിക്കുന്ന ആളല്ല ഞാൻ'; വെളിപ്പെടുത്തി മോ ഫറ

2021ലെ ലണ്ടൻ ഒളിംപിക്‌സിലും 2016ലെ റിയോ ഒളിംപിക്‌സിലും 5000, 1000 മീറ്ററിൽ സ്വർണം നേടിയ താരമാണ് ഫറ

MediaOne Logo

Web Desk

  • Published:

    12 July 2022 6:41 AM GMT

ഒരജ്ഞാത സ്ത്രീക്കൊപ്പമാണ് ഞാൻ ബ്രിട്ടനിലെത്തിയത്, നിങ്ങൾ വിചാരിക്കുന്ന ആളല്ല ഞാൻ; വെളിപ്പെടുത്തി മോ ഫറ
X

ലണ്ടൻ: ജിബൂതിയിൽനിന്ന് ഒമ്പതാം വയസ്സിൽ അജ്ഞാത സ്ത്രീക്കൊപ്പം ബ്രിട്ടനിലേക്ക് കുടിയേറിയ ആളാണ് താനെന്ന വെളിപ്പെടുത്തലുമായി ഒളിംപിക് ഇതിഹാസം മുഹമ്മദ് ഫറ. തന്റെ പേര് ഹുസൈൻ അബ്ദി കാഹിൻ എന്നാണെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഫറ പറഞ്ഞു. ബിബിസി തയ്യാറാക്കിയ ദി റിയൽ മോ ഫറ എന്ന ഡോക്യുമെന്ററിയിലാണ് വെളിപ്പെടുത്തലുകൾ. ഡോക്യുമെന്ററി ബുധനാഴ്ച സംപ്രേഷണം ചെയ്യും.

2021ലെ ലണ്ടൻ ഒളിംപിക്‌സിലും 2016ലെ റിയോ ഒളിംപിക്‌സിലും 5000, 1000 മീറ്ററിൽ സ്വർണം നേടിയ താരമാണ് ഫറ. സൊമാലിയയിൽനിന്ന് അഭയാർത്ഥി ആയാണ് താൻ ബ്രിട്ടനിലെത്തിയത് എന്നാണ് നേരത്തേ 39കാരൻ പറഞ്ഞിരുന്നത്.

തന്റെ മാതാപിതാക്കൾ ബ്രട്ടിനിലേക്ക് വന്നിട്ടില്ല. നാലു വയസ്സായിരിക്കെ സൊമാലിയയിലെ കലാപത്തിൽ അച്ഛൻ കൊല്ലപ്പെട്ടു. അമ്മയും രണ്ടു സഹോദരങ്ങളും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത സൊമാലിലാൻഡിലാണ് താമസം.- അദ്ദേഹം പറഞ്ഞു.

'നിങ്ങൾ ഞാൻ വിചാരിക്കുന്നയാളല്ല. മോ ഫറ എന്ന പേരിലാണ് മിക്കയാളുകളും എന്നെ അറിയുന്നത്. എന്റെ പേര് അതല്ല. അതല്ല യാഥാർത്ഥ്യം. യുകെയിലേക്ക് ബന്ധുക്കളുടെ കൂടെ താമസിക്കാനായി വരുന്ന സ്ത്രീയാണ് വ്യാജ യാത്രാരേഖയിൽ മുഹമ്മദ് ഫറ എന്ന പേരു നൽകിയത്. ഇക്കാര്യം ഞാൻ ദീർഘകാലം മറച്ചുവച്ചു. എങ്ങനെയാണ് ഇതുവന്നത് എന്ന് മക്കൾ വരെ ചോദിച്ചു തുടങ്ങി. അതു കൊണ്ടാണ് ഞാനിതു തുറന്നു പറയുന്നത്' - ഫറ പറഞ്ഞു.

'യുകെയിൽ എത്തിയ വേളയിൽ എന്റെ ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്ന പേപ്പർ കൂടെയുണ്ടായിരുന്ന സ്ത്രീ മാലിന്യക്കുട്ടയിലിട്ടു. ആ നിമിഷമാണ് പ്രശ്‌നത്തിൽ അകപ്പെട്ടതായി എനിക്കു തോന്നിയത്. ബാല്യത്തിൽ വീട്ടുജോലികൾ ചെയ്യാൻ നിർബന്ധിക്കപ്പെട്ടിരുന്നു. കുളിമുറിയിൽ അടച്ചിട്ട് കരയുന്ന ദിവസങ്ങള്‍ വരെയുണ്ടായിരുന്നു' - അദ്ദേഹം കൂട്ടിച്ചേർത്തു.

കോച്ചായ അലൻ വാട്കിൻസണാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചതെന്നും ഫറ പറഞ്ഞു. എല്ലാ കാര്യങ്ങളും ഒടുവിൽ കോച്ചിനോട് തുറന്നു പറയുകയായിരുന്നു. വാട്കിൻസണാണ് ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിച്ചത്. അതൊരു നീണ്ട പ്രക്രിയയാരുന്നു. 2000 ജൂലൈ 25നാണ് ബ്രിട്ടീഷ് പൗരത്വം കിട്ടിയത്- ഫറ വ്യക്തമാക്കി.

TAGS :

Next Story