Quantcast

പഴങ്കഥയായത് 14 വര്‍ഷത്തെ റെക്കോര്‍ഡ്; ചരിത്ര വിജയത്തിന് സാക്ഷിയായത് ആളൊഴിഞ്ഞ ഗ്യാലറി

ഏത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും സ്വപ്‌നം കാണുന്ന മഹാവിജയത്തിന് കാര്യവട്ടം ഗ്രീൻഫീൽഡിലെ ആളൊഴിഞ്ഞ ഗാലറിയാണ് സാക്ഷിയായത്

MediaOne Logo

Web Desk

  • Updated:

    2023-01-15 18:04:17.0

Published:

15 Jan 2023 3:38 PM GMT

പഴങ്കഥയായത് 14 വര്‍ഷത്തെ റെക്കോര്‍ഡ്; ചരിത്ര വിജയത്തിന് സാക്ഷിയായത് ആളൊഴിഞ്ഞ ഗ്യാലറി
X

തിരുവനന്തപുരം: ഇന്ത്യ ഉയര്‍ത്തിയ റണ്‍മലക്ക് മുന്നില്‍ മൂന്നക്കം കടക്കാനാവാതെ ശ്രീലങ്ക തകര്‍ന്നടിയുമ്പോള്‍ തിരുത്തപ്പെട്ടത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന്‍റെ റെക്കോര്‍ഡ്. 2008 ല്‍ ന്യൂസിലന്‍റ് അയര്‍ലന്‍റിനെതിരെ നേടിയ 290 റണ്‍സിന്‍റെ വിജയമായിരുന്നു ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം. ആ റെക്കോര്‍ഡാണ് ശ്രീലങ്കക്കെതിരെ നേടിയ 317 റണ്‍സ് വിജയത്തോടെ ഇന്ത്യ പഴങ്കഥയാക്കിയത്.ഏത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും സ്വപ്‌നം കാണുന്ന മഹാവിജയത്തിനു പക്ഷെ കാര്യവട്ടം ഗ്രീൻഫീൽഡിലെ ആളൊഴിഞ്ഞ ഗാലറിയാണ് സാക്ഷിയായത് എന്ന് മാത്രം.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ വന്‍വിജയങ്ങള്‍

2023 -ഇന്ത്യ-ശ്രീലങ്കക്കെതിരെ നേടിയ 317 റണ്‍സിന്‍റെ വിജയം

2008 -ന്യൂസിലന്‍റ് അയര്‍ലന്‍റിനെതിരെ നേടിയ 290 റണ്‍സിന്‍റെ വിജയം

2015 -ആസ്ത്രേലിയ അഫ്‍ഗാനിസ്ഥാനെതിരെ നേടിയ 275 റണ്‍സിന്‍റെ വിജയം

2010 -ദക്ഷിണാഫ്രിക്ക സിംബാബ്‍വേക്കെതിരെ നേടി 272 റണ്‍സിന്‍റെ വിജയം

2007 -ഇന്ത്യ ബെര്‍മുഡക്കെതിരെ നേടിയ 257 റണ്‍സിന്‍റെ വിജയം

ശ്രീലങ്കൻ ബൗളർമാർക്കുമേൽ ആദ്യം വിരാട് കോഹ്ലിയുടെ സംഹാരതാണ്ഡവം. പിന്നീട്, ലങ്കൻ ബാറ്റിങ്‌നിരയ്ക്കു മുന്നിൽ തീതുപ്പി മുഹമ്മദ് സിറാജ്. . 317 റൺസെന്ന ഏകദിന ക്രിക്കറ്റിലെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തം പേരിലാക്കിയത്. ഏകദിന പരമ്പര 3-0ത്തിന് തൂത്തുവാരുകയും ചെയ്തു.

കോഹ്ലിയുടെയുടെയും ശുഭ്മൻ ഗില്ലിന്റെയും സെഞ്ച്വറിക്കരുത്തിൽ ഇന്ത്യ ഉയർത്തിയ 391 എന്ന് കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലങ്കയെ സിറാജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളർമാർ വെറും 22 ഓവറിൽ 73 റൺസിന് എറിഞ്ഞിട്ടു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം ഇന്ത്യ ഏകപക്ഷീയമായി അടിച്ചെടുക്കുകയും ചെയ്തു.

സൂപ്പർ സിറാജ്; മറുപടിയില്ലാതെ ലങ്ക

മറുപടി ബാറ്റിങ്ങിൽ പവർപ്ലേയിൽ ലങ്കയുടെ മുൻനിരക്കാരടക്കം നാല് ബാറ്റർമാരെയാണ് സിറാജ് തീതുപ്പും ബൗളിങ്ങിൽ കൂടാരം കയറ്റിയത്. ഇന്നിങ്‌സിലെ രണ്ടാം ഓവറിൽതന്നെ ഓപണർ ആവിഷ്‌ക ഫെർനാൻഡോയെ(ഒന്ന്) ശുഭ്മൻ ഗില്ലിന്റെ കൈയിലെത്തിച്ചാണ് സിറാജ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ ലങ്കൻ നിരയിലെ മൂന്നാമൻ കുശാൽ മെൻഡിസിനെ(നാല്) വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിലുമെത്തിച്ചു സിറാജ്. തൊട്ടുപിന്നാലെ ചരിത് അസലങ്ക(ഒന്ന്) മുഹമ്മദ് ഷമിയും പുറത്താക്കി. അക്‌സർ പട്ടേൽ പിടിച്ചാണ് താരം പുറത്തായത്. ഒരറ്റത്ത് ബാറ്റർമാർ ഓരോന്നായി കടപുഴകിയപ്പോഴും തന്റെ ഭാഗം ഭദ്രമാക്കിക്കളിച്ച ഓപണർ നുവാനിദു ഫെർനാൻഡോയുടെ പോരാട്ടവും അധികം നീണ്ടില്ല. എട്ടാം ഓവറിൽ സിറാജിന് കീഴടങ്ങി നുവാനിദുവും പുറത്ത്. 27 പന്തിൽ 19 റൺസെടുത്ത് സിറാജിന്റെ ആക്രമണത്തിനു മുന്നിൽ പ്രതിരോധം തകർന്നാണ് താരം പുറത്തായത്.

അടുത്ത ഓവറിൽ ലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്ക(ഒന്ന്)യെയും സിറാജ് തിരിച്ചയച്ചു. മനോഹരമായൊരു ഇൻസ്വിങ്ങറിൽ ബൗൾഡായായിരുന്നു മടക്കം. സിറാജിന്റെ അടുത്ത ഇര ചാമിക കരുണരത്‌ന(ഒന്ന്)യായിരുന്നു. ഇത്തവണ റൺഔട്ടിലൂടെയായിരുന്നു വിക്കറ്റ്.

വിക്കറ്റുകൾ തുരുതുരാ വീണുകൊണ്ടിരുന്നപ്പോൾ ഒരിക്കൽകൂടി ടീമിനെ നാണക്കേടിൽനിന്ന് കരകയറ്റാനായിരുന്നു നായകൻ ദാസുൻ ഷനകയുടെ ശ്രമം. എന്നാൽ, കുൽദീപ് യാദവ് ലങ്കൻ നായകൻ ഷനകയുടെ പോരാട്ടം അതിമനോഹരമായൊരു പന്തിലൂടെ അവസാനിപ്പിച്ചു. 26 പന്തിൽ 11 റൺസെടുത്താണ് ഷനക മടങ്ങിയത്. ദുനിത് വെല്ലലാഗെയെ(മൂന്ന്) കുൽദീപ് യാദവിന്റെ കൈയിലെത്തിച്ച് ഷമി രണ്ടാം വിക്കറ്റ് സ്വന്തമാക്കി.

പിന്നീടങ്ങോട്ട് ലങ്കൻ വാലറ്റത്തെ അനായാസം കൂടാരം കയറ്റാമെന്നായിരുന്നു ഇന്ത്യൻ മോഹം. എന്നാൽ, ഒൻപതാം വിക്കറ്റിൽ ഒന്നിച്ച കാസുൻ രജിതയും ലഹിരു കുമാരെയും ലങ്കൻ ആയുസ് അൽപംകൂടി നീട്ടിക്കൊണ്ടുപോയി. 21 ഓവറിനകം 10 ഓവറും എറിഞ്ഞുതീർത്തിട്ടും കൂട്ടുകെട്ട് പൊളിക്കാൻ സിറാജിനായില്ല. ഒടുവിൽ കുൽദീപ് ആണ് ആ പോരാട്ടം അവസാനിപ്പിച്ചത്. ലഹിരു കുമാരയുടെ വിക്കറ്റ് തെറിക്കുമ്പോൾ 19 പന്ത് നേരിട്ട് ഒൻപത് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ആഷൻ ബന്ദാരയ്ക്ക് മത്സരത്തിനിടക്ക് പരിക്കേറ്റതിനാൽ കളിക്കാനായില്ല. ഇതോടെ ഇന്ത്യയുടെ റെക്കോർഡ് വിജയം സമ്പൂർണമായി. 19 പന്തിൽ 13 റൺസെടുത്ത് രജിത പുറത്താകാതെ നിന്നു. നിശ്ചിത ഓവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് പിഴുത സിറാജ് തന്നെയാണ് ലങ്കയുടെ നടുവൊടിച്ചത്. ഷമിയും കുൽദീപും രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.

TAGS :

Next Story