Quantcast

ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്ക് വൻ തോൽവി; ആശ്വസിക്കാന്‍ രാഹുലിന്‍റെ ഒരേയൊരു ഗോള്‍

ആതിഥേയരായ ചൈന ഇന്ത്യയെ (5-1)ന് തകര്‍‌ക്കുകയായിരുന്നു. ഇന്ത്യക്ക് ആശ്വസിക്കാന്‍ കെ.പി രാഹുലിന്‍റെ അതിമനോഹരമായ ഒരു ഗോള്‍ മാത്രമാണ് കളിയില്‍ ബാക്കിയായത്.

MediaOne Logo

Web Desk

  • Updated:

    2023-09-19 15:21:00.0

Published:

19 Sep 2023 2:16 PM GMT

ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്ക് വൻ തോൽവി; ആശ്വസിക്കാന്‍ രാഹുലിന്‍റെ ഒരേയൊരു ഗോള്‍
X

ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ആതിഥേയരായ ചൈന ഇന്ത്യയെ (5-1)ന് തകര്‍‌ക്കുകയായിരുന്നു. ഇന്ത്യക്ക് ആശ്വസിക്കാന്‍ കെ.പി രാഹുലിന്‍റെ അതിമനോഹരമായ ഒരു ഗോള്‍ മാത്രമാണ് കളിയില്‍ ബാക്കിയായത്.

പതിനേഴാം മിനുട്ടില്‍ ഗാവോ ടിയാനൈയിലൂടെയാണ് ചൈന ആദ്യം സ്കോര്‍ ചെയ്യുന്നത്. കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രതിരോധനിരക്ക് പറ്റിയ പിഴവില്‍ നിന്നായിരുന്നു ചൈനയുടെ ഗോള്‍ വന്നത്. പിന്നീട് 23-ാം മിനിറ്റില്‍ ചൈനീസ് താരം ടാന്‍ ലോങിനെ ബോക്സില്‍ വീഴ്ത്തിയതിന് ചൈനക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. പെനാല്‍റ്റി കിക്ക് തടുത്തിട്ട് ഗുര്‍മീത് ഇന്ത്യയുടെ രക്ഷകനാകുകയായിരുന്നു. ഇന്ത്യയുടെ പ്രതിരോധ പിഴവില്‍ നിന്ന് പിന്നീട് നിരവധി തവണ ചൈന ഗോളിനടുത്തെത്തിയെങ്കിലും ഗോള്‍ വഴങ്ങാതെ രക്ഷപ്പെടുകയായിരുന്നു.

രാഹുലിന്‍റെ ഗോള്‍...

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഇന്ത്യക്ക് മത്സരത്തില്‍ ആശ്വസിക്കാനുള്ള ഏക ഗോള്‍ പിറന്നത്. സോളോ റണ്ണിലൂടെ മലയാളി താരം രാഹുല്‍ നടത്തിയ കിടിലന്‍ മൂവ് ആണ് ഗോളായത്. ഒറ്റക്ക് ഓടിയെത്തിയ കെ.പി രാഹുല്‍ വെടിയുണ്ട കണക്കെ പായിച്ച ഷോട്ട് ചൈനീസ് ഗോളിയെ മറികടന്ന് വല തുളയ്ക്കുകയായിരുന്നു. സ്കോര്‍(1-1). ഏഷ്യന്‍ ഗെയിംസില്‍ 13 വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായാണ് ഇന്ത്യ ഒരു ഗോള്‍ നേടുന്നത്.

രണ്ടാം പകുതിയില്‍ പക്ഷേ കാര്യങ്ങള്‍ ഇന്ത്യയുടെ കൈയ്യില്‍ നിന്നില്ല. 51-ാം മിനിറ്റില്‍ ഡായി വൈജുന്‍ ചൈനക്ക് ലീഡ് നല്‍കി. 72-ാം മിനിറ്റില്‍ ടാവോ ക്വിയാഗ്ലോ‌ങ് ചൈനയുടെ ലീഡ് രണ്ടായുയര്‍ത്തി. മൂന്ന് മിനുട്ടിനകം ടാവോയുടെ രണ്ടാം ഗോളും വന്നു. ഇതോടെ മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വി ഉറപ്പായി. 81-ാം മിനിറ്റില്‍ ടാവോ ഹാട്രിക്കിന് അടുത്തെത്തിയെങ്കിലും തലനാരിഴക്ക് പന്ത് ക്രോസ് ബാറിന് പുറത്തേക്ക് പോയി. ഇഞ്ച്വറി ടൈമില്‍ ഹാവോ ഫാങ് ചൈനയുടെ അഞ്ചാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.

TAGS :

Next Story