അത് പെനാല്‍ട്ടിയാണോ? ലാലിഗയില്‍ വീണ്ടും വിവാദം
മാഡ്രിഡ് ഡെര്‍ബിയില്‍ അത്ലറ്റിക്കോ മാഡ്രിഡിന് അനുകൂലമായി റഫറി വിധിച്ച പെനാല്‍റ്റിയിലാണ് വിവാദം

'ബാഴ്സലോണയാണ് ലാലിഗയിൽ ഈ സീസണിലെ ഏറ്റവും മികച്ച ടീം. അവർ നന്നായി കളിക്കുന്നു. സെവിയ്യക്കെതിരെ ബാഴ്‌സ ജയിച്ചാൽ പോയിന്‍റ് ടേബിൾ ഒന്നു കൂടെ ടൈറ്റാവും.'' സാന്റിയാഗോ ബെർണബ്യൂവിൽ അരങ്ങേറിയ മാഡ്രിഡ് ഡെർബിയിലെ സമനിലക്ക് ശേഷം ഡിയഗോ സിമിയോണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വെറും ഒരേ ഓൺ ടാർജറ്റ് ഷോട്ട്. അതും പെനാൽട്ടി. 39 ശതമാനം ബോൾ പൊസിഷൻ. കളിയിലാകെ ലഭിച്ചത് ഒരേ ഒരു കോർണർ കിക്ക്. രണ്ടാം പകുതിയിൽ റയലിന്റെ കളി കണ്ടവർക്ക് ഡിയഗോ സിമിയോണിയും സംഘവും കഷ്ടിച്ച് രക്ഷപ്പെട്ടതാണെന്നേ പറയാനാവൂ. യാൻ ഒബ്ലാക്ക് നടത്തിയ എട്ട് നിർണായക സേവുകളാണ് അത്ലറ്റിക്കോയെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ചത്. ഇതിന്റെയൊക്കെ ഫ്രസ്ട്രേഷൻ തീർക്കുകയാണ് സിമിയോണി എന്ന് റയൽ ആരാധകർ വാദിച്ചാൽ അവരെ കുറ്റം പറയാനാവില്ല.
ഏതായാലും റഫറിമാരുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ലാലിഗയിൽ ഏറെക്കാലമായി പുകയുന്ന വിവാദം മാഡ്രിഡ് ഡെർബിയിലും തുടർക്കഥയായി. 35ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി വലയിലെത്തിയ അർജന്റീനക്കാരൻ ഹൂലിയൻ അൽവാരസ് ബെർണബ്യൂ ഗാലറിക്ക് മുന്നിൽ ലയണൽ മെസ്സി സ്‌റ്റൈലിലാണ് ഗോൾ നേട്ടം ആഘോഷമാക്കിയത്. എന്നാൽ ആ പെനാൽറ്റിയിൽ റഫറിക്ക് പിഴച്ചോ?.അതൊരു തെറ്റായ തീരുമാനമായിരുന്നു എന്നാണ് കാർലോ ആഞ്ചലോട്ടിയും റയൽ ആരാധകരും ഫുട്ബോൾ പണ്ഡിറ്റുകളിൽ ചിലരും വാദിക്കുന്നത്. പെനാൽട്ടി ബോക്സിലേക്ക് ക്രോസ് സ്വീകരിക്കാനായി പാഞ്ഞെത്തിയ ലിനോ പന്ത് തന്നെ കടന്നു പോയ ശേഷമാണ് ചുവാമെനിയുടെ കാലിൽ തട്ടി വീഴുന്നത്.
പക്ഷെ വാർ പരിശോധനയിൽ റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. മൈതാനത്ത് റഫറിയോട് കലഹിക്കുന്ന ലൂകാസ് വാസ്‌ക്വസിനെയും ജൂഡ് ബെല്ലിങ്ഹാമിനേയും കാണാമായിരുന്നു. അവിശ്വസനീയമായി മുഖത്ത് കയ്യമർത്തി നിൽക്കുന്ന ആഞ്ചലോട്ടി.
ഫ്രോസൺ ഇമേജസ് കാണിച്ച് അത് പെനാൽറ്റിയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നെന്നും വലിയ കൃത്രിമങ്ങളാണ് നടന്നതെന്നും റയൽ മാഡ്രിഡ് ടി.വി മത്സര ശേഷം ആരോപണങ്ങൾ ഉന്നയിച്ചു. വ്യക്തതക്കായി ഫൗളിന്റെ കൂടുതൽ ചിത്രങ്ങൾ ആവശ്യപ്പെട്ട റഫറിയോട് ഇനി ചിത്രങ്ങളിലന്ന് വാർ ഒഫീഷ്യലുകൾ പറയുന്നത് കേൾക്കാമായിരുന്നു. അതായത് റഫറിക്ക് അപ്പോഴും സംശയങ്ങൾ അവശേഷിച്ചിരുന്നു എന്ന് സാരം. എന്നാൽ പെട്ടെന്ന് പെനാൽട്ടി വിധിച്ച് കൊണ്ടുള്ള തീരുമാനമെത്തി. ഫുട്ബോളിന്റെ ബാലപാഠമറിയുന്നവർക്ക് ആ തീരുമാനം ശരിയായിരുന്നോ അല്ലയോ എന്ന് മനസിലാക്കാമെന്നായിരുന്നു മത്സര ശേഷം ആഞ്ചലോട്ടിയുടെ പ്രതികരണം.
അതേ സമയം സെബയ്യോസ് നടത്തിയൊരു ഫൗളിന് ഉറപ്പായും റെഡ് കാർഡ് നൽകേണ്ടതായിരുന്നു എന്നും അതായിരുന്നു റഫറിയുടെ ശരിക്കും തെറ്റായ തീരുമാനം എന്നുമാണ് അത്ലറ്റിക്കോ ആരാധകരുടെ വാദം. എന്നാൽ അക്കാര്യത്തിൽ റഫറിയെ പഴിക്കുന്നില്ലെന്ന് പറഞ്ഞ സിമിയോണി മാഡ്രിഡ് ഡെർബിയിൽ റഫറിക്ക് ഗുഡ് സെർട്ടിഫിക്കറ്റാണ് നൽകിയത്.
കഴിഞ്ഞയാഴ്ച എസ്പാന്യോളിനെതിരായ മത്സരത്തിലെ റഫറിയുടെ പിഴവുകളെ ചൂണ്ടിക്കാണിച്ച് റയൽ മാഡ്രിഡ് നൽകിയ പരാധിയിലാണ് ഇപ്പോൾ മാച്ച് ഒഫീഷ്യലുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും അന്തരീക്ഷത്തിൽ നിറയുന്നത്. എംബാപ്പെക്കെതിരായ ഫൗളിന് റെഡ് കാർഡ് നൽകാത്തതും വിനീഷ്യസിന് ഗോൾ അനുവദിക്കാത്തതുമടക്കം ചർച്ചയായി. തങ്ങൾക്കെതിരെ റഫറിമാർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച റയൽ റഫറിമാർക്കും വാർ ഒഫീഷ്യലുകൾക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
തങ്ങൾ പങ്കാളിയേ അല്ലാത്ത വിവാദത്തിൽ പക്ഷെ പിന്നെ നിറഞ്ഞത് മുഴുവൻ റയലിന്റെ ബദ്ധവൈരികളായ അത്ലറ്റിക്കോ മാഡ്രിഡാണ്. ഡെർബിക്ക് മുമ്പ് റയലിനെ ട്രോളി നിരവധി പോസ്റ്റുകൾ അത്ലറ്റിക്കോയുടെ ഒഫീഷ്യൽ പേജിൽ പ്രത്യക്ഷപ്പെട്ടു. മത്സരത്തിന് മുമ്പ് പൂർത്തികരിക്കേണ്ട നിർദേശങ്ങൾ എന്നെഴുതിയിറക്കിയൊരു പോസ്റ്റിന്റെ അവസാന വരിയിൽ 'യൂസ് യുവർ ടി.വി ചാനൽ ടു പ്രെഷർ ദ റഫറി' എന്നൊരു നിർദേശം കൂടിയുണ്ടായിരുന്നു. രണ്ടും കൽപിച്ചായിരുന്നു സിമിയോണി. വർഷങ്ങളോളം റയൽ റഫറിമാരെ തങ്ങളുടെ വരുതിയിലാക്കി നിർത്തിയിരിക്കുകയായിരുന്നു എന്നായിരുന്നു അടുത്തിടെ സിമിയോണിയുടെ പ്രതികരണം.
'ഡെർബിക്ക് തൊട്ട് മുമ്പ് അത്ലറ്റിക്കോയുടെ ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ടൊരു പോസ്റ്റ് റഫറിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ളതായിരുന്നു. ..മുഴുവൻ റഫറിമാർക്കും അവരുടെ കുടുംബത്തിനും ഐക്യദാർഢ്യം. ഫുട്ബോൾ കമ്മ്യൂണിറ്റി വലിയൊരു പ്രതിസന്ധിക്കാലത്ത് കൂടെയാണ് കടന്നു പോവുന്നത്. കരുത്തോടെയിരിക്കൂ എന്നാണ് പോസ്റ്റിൽ പറയുന്നത്.
റയലിന്റെ പരാധിയിൽ ലാലിഗ പ്രെസിഡന്റ് ജാവിയർ ടെബാസും കടുത്ത ഭാഷയിലാണ് വിമർശനമുന്നയിച്ചത്. റയൽ ഇപ്പോൾ ഇരയുടെ വേഷമെടുത്തണിയുകയാണെന്ന് ടെബാസ് പ്രതികരിച്ചു. 'റയൽ മാഡ്രിഡ് എല്ലാത്തിന്റേയും ശത്രു പക്ഷത്താണ്. കോംപറ്റീഷനെ മുഴുവൻ അലങ്കോലമാക്കലാണ് അവരുടെ ഉദ്യേശം. അത് വകവച്ച് കൊടുക്കാനാവില്ല. ഇപ്പോളവർ ഇരകളായി അഭിനയിക്കുന്നു. ഫുട്ബോൾ കറങ്ങിത്തിരിയുന്നത് റയലിന് ചുറ്റുമാണെന്ന് ആരും കരുതരുത്.' ടെബാസ് പറഞ്ഞു. ഏതായാലും ഈ സംഭവത്തിൽ റയൽ മാഡ്രിഡ് ഒരു വശത്തും ലാലിഗയും മറ്റു ക്ലബ്ബുകളും മറുവശത്താണെന്നും പറയേണ്ടി വരും.
അതേ സമയം അടുത്തയാഴ്ച ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുന്ന റയലിന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ പ്രകടനം വലിയ ഊർജമാണ് നൽകുന്നത്. മത്സര ഫലം സമനിലയായിരുന്നെങ്കിലും ടീമിൻറെ പ്രകടനത്തിൽ ആഞ്ചലോട്ടി ഏറെ സംതൃപ്തനാണ്. പ്രത്യേകിച്ച് പരിക്കുകൾ ഏറെ വലക്കുന്നൊരു ടൂർണമെൻറിൽ പകരക്കാരായെത്തിയ കളിക്കാരുടെ പ്രകടനങ്ങൾ ആരാധകർക്ക് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ഫ്രാങ്ക് ഗാർഷ്യയും അസെൻസിയോയും പ്രതിരോധത്തിൽ കളം നിറഞ്ഞു കളിക്കുന്നു. ഡാനി സെബയ്യോസിൻറെ പ്രകടനങ്ങൾ ടോണി ക്രൂസിൻറെ വിടവ് നികത്തിത്തുടങ്ങിയിരിക്കുന്നു. ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും കോപ്പ ഡെൽ റേയിലുമൊക്കെ കിരീടപ്പോരാട്ടം കനത്തകു തുടങ്ങുന്ന സമയത്ത് റയൽ ആരാധകർക്ക് ആശ്വസിക്കാൻ ഇതിൽപരം മറ്റെന്ത് വേണം.
Adjust Story Font
16

