Quantcast

''അത് വ്യക്തമായ റണ്ണൌട്ടാണ്... എന്തിനാണ് വേണ്ടെന്നുവെച്ചത്?''; രോഹിതിനെതിരെ അശ്വിന്‍

ദാസുൻ ശാനക 98 റണ്‍സെടുത്ത് നില്‍ക്കുമ്പോഴായിരുന്നു ഈ സംഭവം. ലൈഫ് കിട്ടിയതോടെ അടുത്ത പന്തിൽ ഫോർ അടിച്ച് ശാനക സെഞ്ച്വറി തികക്കുകയും ചെയ്തു.

MediaOne Logo

Web Desk

  • Published:

    15 Jan 2023 6:41 AM GMT

അശ്വിന്‍,മങ്കാദിങ്,അപ്പീല്‍,r aswin,rohit sharmma,mankading
X

മുഹമ്മദ് ഷമി ദാസുൻ ശാനകയെ മങ്കാദിങ് ചെയ്യുന്നു, പിന്നീട് രോഹിത് അപ്പീല്‍ പിന്‍വലിക്കുന്നു

ഇന്ത്യ ശ്രീലങ്ക ആദ്യ ഏകദിനത്തിലെ മങ്കാദിങ് വീണ്ടും ചര്‍ച്ചയാകുന്നു. ലങ്കന്‍ ഇന്നിങ്സിന്‍റെ അവസാന ഓവറില്‍ ദാസുൻ ശാനകയെ മുഹമ്മദ് ഷമി മങ്കാദിങിലൂടെ റണ്ണൌട്ട് ആക്കിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ആ അപ്പീല്‍ പിന്‍വലിച്ച് വിക്കറ്റ് വേണ്ടെന്ന് വെച്ചു. ദാസുൻ ശാനക 98 റണ്‍സെടുത്ത് നില്‍ക്കുമ്പോഴായിരുന്നു ഈ സംഭവം. ലൈഫ് കിട്ടിയതോടെ അടുത്ത പന്തിൽ ഫോർ അടിച്ച് ശാനക സെഞ്ച്വറി തികക്കുകയും ചെയ്തു.

മങ്കാദിങ് വഴി ലങ്കൻ ക്യാപ്റ്റനെ പുറത്താക്കുന്നതിനോട് താൽപര്യമില്ലെന്നായിരുന്നു കളി കഴിഞ്ഞശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പ്രതികരിച്ചത്. പക്ഷേ രോഹിത്തിന്‍റെ തീരുമാനത്തിൽ ഇന്ത്യന്‍ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ അതൃപ്തി പ്രകടമാക്കി രംഗത്തുവന്നു. നോൺ സ്ട്രൈക്കർ എൻഡിലുള്ള താരത്തെ മങ്കാദിങ് വഴി റണ്ണൌട്ടാക്കുന്നതില്‍ മാന്യതയുടെ പ്രശ്നമില്ലെന്നും അത് നിയമവിധേയമായമാണെന്നും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഐ.സി.സി പ്രസ്താവനയിറക്കിയത്. ഇക്കാര്യം തന്നെയാണ് അശ്വിനും ചൂണ്ടിക്കാട്ടുന്നത്.

''ഷമി ശാനകയെ റണ്ണൗട്ടാക്കിയത് തന്നെയാണ്. ശാനക 98 റൺസുമായി നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുമ്പോഴാണ് ആ റണ്ണൗട്ട് നടക്കുന്നത്, തൊട്ടുപിന്നാലെ തന്നെ ഷമി അപ്പീലും ചെയ്തു. എന്നാൽ രോഹിത് ആ അപ്പീൽ പിൻവലിക്കുകയാണുണ്ടായത്. അതെന്തിനാണെന്ന് എനിക്ക് മനസിലായില്ല... ഇതേക്കുറിച്ച് പലരും ട്വീറ്റ് ചെയ്തു. ഒന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. കളിയുടെ സാഹചര്യം എന്തിനാണ് നോക്കുന്നത്. അത് നിയമവിധേയമായ പുറത്താക്കല്‍ തന്നെയാണ്. നോക്കൂ, ഒരു എല്‍.ബി.ഡബ്യു അപ്പീലോ, കീപ്പര്‍ ക്യാച്ച് അപ്പീലോ ക്യാപ്റ്റന്‍ അപ്പീല്‍ ചെയ്തില്ലെന്ന് പറഞ്ഞ് നല്‍കാതിരിക്കുമോ? ബൌളറുടെ അപ്പീല്‍ പരിശോധിച്ച ശേഷം ഔട്ടാണെങ്കില്‍ ഔട്ട് വിധിക്കുകയെന്നതാണ് അമ്പയറുടെ ജോലി...'' റൂൾബുക്ക് പാലിക്കാത്തതിന് അശ്വിൻ അമ്പയർമാരെയുള്‍പ്പെടെ വിമർശിച്ചുകൊണ്ട് പറഞ്ഞു.

എന്താണ് മങ്കാദിങ് ?

ബൌളര്‍ നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ ബാറ്ററെ ബൌളിങ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് റണ്‍ഔട്ടാക്കുന്ന രീതിയാണ് മങ്കാദിങ് എന്ന പേരില്‍ അറിയപ്പെടുന്നത്. ബൌളര്‍ പന്തെറിയാന്‍ തയ്യാറെടുത്ത് ക്രീസ് ലൈനിലെത്തി പന്ത് റിലീസ് ആകുന്നതിന് മുമ്പ് നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ ബാറ്റര്‍ ക്രീസ് വിട്ടിറങ്ങിയാല്‍ ബൌളര്‍ക്ക് ആ ബാറ്ററെ റണ്ണൌട്ടാക്കാം.

ഇത്തരം റണ്ണൌട്ടുകള്‍ നേരത്തേ തന്നെ നിയമവിധേയമാണ്. എന്നാല്‍ ഇത്തരത്തില്‍ റണ്ണൌട്ട് ശ്രമങ്ങള്‍ നടത്തുന്ന ബൌളറെ അത് മാന്യതക്ക് ചേര്‍ന്നതല്ല എന്ന കാരണം പറഞ്ഞ് വിമര്‍ശിക്കുക പതിവാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഐ.സി.സി പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവന്നു. 'ഇത് നിയമവിധേയമായ റണ്ണൌട്ടാണ്. മാന്യതയില്ലാത്ത വിക്കറ്റായി അതിനെ പരിഗണിക്കില്ല'. എന്നായിരുന്നു പുതിയ നിയമങ്ങളെക്കുറിച്ച് ഐ.സി.സി പുറത്തിറക്കിയ കുറിപ്പില്‍ മങ്കാദിങിനെ വിശേഷിപ്പിച്ചത്.

TAGS :

Next Story