Quantcast

കൊച്ചിയിൽ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം; സ്ഥലം വാങ്ങാന്‍ പരസ്യം നൽകി കെ.സി.എ

250 കോടി രൂപയോളമാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ ചെലവിനായി പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ സ്റ്റേഡിയം നിര്‍മാണത്തിനായുള്ള മുഴുവൻ തുകയും ബി.സി.സി.ഐ ആണ് മുടക്കുക.

MediaOne Logo

Web Desk

  • Published:

    28 Jan 2023 6:27 AM GMT

kochi, cricket stadium, കൊച്ചി, ക്രിക്കറ്റ് സ്റ്റേഡിയം ,കെ.സി.എ,KCA
X

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

കൊച്ചിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള നടപടികളുമായി കെ.സി.എ മുന്നോട്ട്. സ്ഥലം വാങ്ങാൻ കേരളാ ക്രിക്കറ്റ് അസോസിയേഷൻ താല്‍പര്യപത്രം ക്ഷണിച്ചു. എറണാകുളം ജില്ലയില്‍ 20 മുതൽ 30 ഏക്കർ വരെ സ്ഥലം വാങ്ങാനാണ് കെ.സി.എയുടെ നീക്കം.

മൂന്ന് വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ക്രിക്കറ്റ് അസോസിയേഷന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകാന്‍ സ്റ്റേഡിയങ്ങള്‍ കേരളത്തിലുണ്ടെങ്കിലും കൊച്ചിയിലെ കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം ആക്ടീവ് സ്റ്റാറ്റസില്‍ അല്ല. ഇവിടെ മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ അതു പൂർണമായും ഫുട്ബോൾ സ്റ്റേഡിയമാക്കി മാറ്റിയിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് കലൂർ സ്റ്റേഡിയം

പിന്നീടുള്ളത് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആണ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കേരള യൂണിവേഴ്സിറ്റിയുടെ കീഴിലാണ്, യൂണിവേഴ്സിറ്റിയുടെ പക്കല്‍ നിന്ന് പാട്ടത്തിനെടുത്താണ് കെ.സി.എ മത്സരങ്ങള്‍ നടത്തുന്നത്. കലൂരിലെ കൊച്ചി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം ആകട്ടെ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്‍റ് അതോരിറ്റിയുടേതാണ്.

ഗ്രീൻഫീൽഡ് സ്റ്റേഡിയം ദീർഘകാലത്തേക്ക് കെ.സി.എയ്ക്ക് ഉപയോഗിക്കാമെങ്കിലും കരാറിലെ സാങ്കേതികത്വവും വിനോദ നികുതി സംബന്ധിച്ച് സമീപകാലത്തുയര്‍ന്ന വിവാദങ്ങളും തിരിച്ചടിയായി. മാത്രവുമല്ല, ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകണമെങ്കില്‍ സ്വന്തം സ്റ്റേഡിയം വേണമെന്നതാണ് ബി.സി.സി.ഐയുടെ മാനദണ്ഡം. ഇതുകൂടി പരിഗണിക്കുമ്പോള്‍ സ്വന്തം സ്റ്റേഡിയം എന്ന തീരുമാനത്തിലേക്ക് കെ.സി.എ എത്തുകയായിരുന്നു.

നിലവില്‍ ഏഴ് ക്രിക്കറ്റ് അസോസിയേഷനുകൾക്കാണ് സ്വന്തമായി ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം ഇല്ലാത്തത്. എറണാകുളം ജില്ലയിൽ 30 ഏക്കർ ഭൂമിയുള്ള ഉടമകളെത്തേടിയാണ് കെ.സി.എ പത്രപരസ്യം നല്‍കിയിരിക്കുന്നത്. 250 കോടി രൂപയോളമാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ ചെലവിനായി പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ സ്റ്റേഡിയം നിര്‍മാണത്തിനായുള്ള മുഴുവൻ തുകയും ബി.സി.സി.ഐ ആണ് മുടക്കുക.

TAGS :

Next Story