വഴിയടഞ്ഞിട്ടില്ല; ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ
ബ്ലാസ്റ്റേഴ്സിന് ഇനി നേരിടാനുള്ള അഞ്ചിൽ നാല് ടീമുകൾ പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാണ്

'ആ കലഹം എനിക്ക് വേണ്ടിയായിരുന്നില്ല. ടീമിന് വേണ്ടിയായിരുന്നു. ഒരാളും മാർക്ക് ചെയ്യാതെ ഇഷാൻ പണ്ഡിത ഗോൾമുഖത്തുണ്ടായിരുന്നു. ഉറപ്പായൊരു ഗോൾ നഷ്ടമായപ്പോൾ ഉണ്ടായ പ്രതികരണമാണത്. പക്ഷെ ഞാനതു ചെയ്യരുതായിരുന്നു. നായകനാണ് ഞാൻ. മറ്റുള്ളവർക്ക് മാതൃകയാവേണ്ടവൻ. നോവയോട് എല്ലാം പറഞ്ഞ് തീർക്കണം.'- ചെന്നൈയിൽ നേടിയ വിജയത്തിന്റെ പകിട്ടു കളഞ്ഞ ആ കലഹത്തിന് ശേഷം അഡ്രിയാൻ ലൂണയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
സ്വന്തം ടീമിലെ കളിക്കാർ മൈതാനത്തേറ്റ് മുട്ടുന്ന കാഴ്ച മുമ്പും നമ്മൾ പലവുരു കണ്ടിട്ടുണ്ട്. എന്നാൽ ലൂണയുടെ രോഷ പ്രകടനത്തിൽ ഖേധം പ്രകടിപ്പിക്കേണ്ട ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നാണ് ആരാധകരുടെ പക്ഷം. ഇഞ്ചുറി ടൈമിൽ ഉറപ്പായൊരവസരം തന്റെ സ്വാർത്ഥത കൊണ്ട് കളഞ്ഞു കുളിച്ചൊരു കളിക്കാരനോട് ക്യാപ്റ്റൻ പിന്നെയെങ്ങനെ പ്രതികരിക്കണമായിരുന്നു എന്നാണ് ആരാധകരുടെ ചോദ്യം.
പലപ്പോഴും നോവ സെൽഫിഷാവുന്നു എന്നത് ആരാധകരെ വല്ലാതെ ഇപ്പോൾ ആകുലപ്പെടുത്തുന്നുണ്ട്. അതേ സമയം സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് വഴിയൊരുക്കിയവരുടെ പട്ടികയിൽ അഞ്ച് അസിസ്റ്റുമായി അയാൾ മൂന്നാം സ്ഥാനത്തുണ്ട് എന്ന കാര്യവും മറന്നു പോവരുത്. ആറ് അസിസ്റ്റുമായി ലൂണ രണ്ടാം സ്ഥാനത്തും. മൈതാനത്തേറ്റുമുട്ടിയത് ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ഗോൾവേട്ടകൾക്ക് പിന്നിൽ ചരടുവലിച്ച രണ്ട് വജ്രായുധങ്ങൾ.
കലഹങ്ങളൊക്കെ മറക്കാം. ഇനി മനസ്സിൽ പ്ലേ ഓഫ് എന്ന ഒറ്റ മന്ത്രം മാത്രം. ബാക്കിയുള്ളത് അഞ്ചേ അഞ്ചു കളികൾ. അഞ്ചിലും ജയത്തിൽ കുറഞ്ഞ ഒന്നും മതിയാവില്ല കൊമ്പന്മാർക്ക്. മൂന്ന് ഹോം മത്സരങ്ങളും രണ്ട് എവേ മത്സരങ്ങളുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഫിക്‌സചറിൽ ഇനി അവശേഷിക്കുന്നത്. ഫെബ്രുവരി 15 ന് കൊച്ചിയിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാനോടാണ് ഇനി ഏറ്റുമുട്ടാനുള്ളത്. ഫെബ്രുവരി 22 ന് ഫറ്റോഡയിൽ ഗോവയെ നേരിടണം. മാർച്ച് ഒന്നിന് ജംഷഡ്പൂരിനും മാർച്ച് ഏഴിന് മുംബൈക്കുമെതിരെ കൊച്ചിയിൽ പോരിനിറങ്ങും.മാർച്ച് 12ന് ഹൈദരാബാദിനോട് അവസാന മത്സരം.
അതായത് ഇനി നേരിടാനുള്ള അഞ്ചിൽ നാല് ടീമുകൾ പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാണ്. ആശ്വസിക്കാൻ വകയുള്ളത് ഹൈദരാബാദിനെതിരായ മത്സരം മാത്രം. അതിലും വലിയ ആശ്വാസം കൊള്ളൊനൊന്നുമില്ല. സീസണിൽ ഹൈദരാബാദിനോട് ഹോം ഗ്രൗണ്ടിൽ തോറ്റ നാണക്കേടുണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിൽ. ഇനി നടക്കാനിരിക്കുന്ന ഓരോ മത്സരങ്ങളും ഫൈനലാണെന്നാണ് കഴിഞ്ഞ ദിവസം അഡ്രിയാൻ ലൂണ പ്രതികരിച്ചത്. നഷ്ടപ്പെടുന്ന ഓരോ പോയിന്റും പ്ലേ ഓഫ് വാതിൽ പതിയെ അടക്കും.
നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. തൊട്ടു മുമ്പിൽ അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ഒഡീഷ. ബ്ലാസ്‌റ്റേഴ്‌സിനേക്കാൾ ഒരു കളി കുറവ് കളിച്ച പഞ്ചാബ് 23 പോയിന്റുമായി തൊട്ടു താഴെയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒഡീഷയും പഞ്ചാബും നോർത്ത് ഈസ്റ്റ് യുണൈറ്റഡും പരാജയങ്ങളേറ്റ് വാങ്ങിയത് അന്തരീക്ഷം ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി വരുന്നതിന്റെ സൂചനയാണ്.
നാല് മുതൽ ഒമ്പത് വരെ സ്ഥാനങ്ങളിലുള്ള ഓരോ ടീമുകളുടേയും കളികൾ ഇനി ഏറെ നിർണായകമാണ്. ഇന്ന് നടക്കുന്ന ജംഷഡ്പൂർ ബംഗളൂരു മത്സരത്തിൽ ജംഷഡ്പൂർ ജയിക്കുകയും തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഒഡീഷ പഞ്ചാബ് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്താൽ കാര്യങ്ങൾ ഒരൽപം കൂടി കൊമ്പന്മാർക്ക് അനുകൂലമാവും.
പ്ലേ ഓഫ് സാധ്യതകൾ അവശേഷിക്കുന്ന ടീമുകളിൽ ഏറ്റവും കടുത്ത മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിനാണ് എന്നതിനാൽ തന്നെ മറ്റുള്ളവരുടെ ഫലങ്ങളേക്കാൾ സ്വന്തം ഫലങ്ങളാവും ടീമിന്‍റെ ഭാവിയെ തീരുമാനിക്കുന്നത്. സമീപകാലത്ത് നടന്ന മത്സരങ്ങളിൽ ഈസ്റ്റ് ബംഗാളിനോടേറ്റ അപ്രതീക്ഷിത തോൽവിയും നോർത്ത് ഈസ്റ്റിനോടേറ്റ സമനിലയും മഞ്ഞപ്പടക്ക് കാര്യങ്ങൾ സങ്കീർണമാക്കി.
നേരിടാനുള്ളത് വമ്പന്മാരെയാണെങ്കിലും പ്രതീക്ഷ നശിച്ചെന്ന് പറയാനൊന്നുമായിട്ടില്ല. മോഹന്‍ ബഗാനും ജംഷഡ്പൂരിനും ഗോവക്കുമെതിരെ നടന്ന മുന്‍ മത്സരങ്ങളില്‍ മികച്ച പോരാട്ട വീര്യം കാഴ്ച വച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സ് പരാജയം സമ്മതിച്ചത്. മോഹൻ ബഗാനെതിരെ ഒരു ഘട്ടത്തില്‍ 2-1 ന് ലീഡ് ചെയ്യുക പോലുമുണ്ടായി. പിന്നീട് ഇഞ്ചുറി ടൈം ത്രില്ലറില്‍ തോല്‍വി വഴങ്ങുകയായിരുന്നു. ഗോവക്കെതിരെയും ജംഷഡ്പൂരിനെതിരെയും ഓരോ ഗോളിനായിരുന്നു പരാജയം. പലപ്പോഴും പ്രതിരോധവും ഗോള്‍കീപ്പറും വരുത്തിയ പിഴവുകള്‍ ഇരുട്ടടിയായി. അടുത്ത അഞ്ച് മത്സരങ്ങളില്‍ പ്രതിരോധത്തിലെ വിടവുകളടക്കാനായാല്‍ പ്ലേ ഓഫ് വാതില്‍ തുറക്കാനാവും. അറ്റാക് വിന്‍സ് യു ഗെയിംസ്, ഡിഫന്‍സ് വിന്‍സ് യു ടൈറ്റില്‍സ് എന്നാണല്ലോ.
മുന്നേറ്റ നിരയുടെ മിന്നും ഫോമാണ് ഈ സീസണില്‍ മഞ്ഞപ്പടയുടെ കരുത്ത്. ജീസസ് ജിമിനസും നോവയും ക്വാമി പെപ്രയുമൊക്കെ കളം നിറഞ്ഞു കളിക്കുന്നു. അഡ്രിയാന്‍ ലൂണ പഴയ ഫോമിലേക്ക് കരുത്തോടെ തിരിച്ചെത്തുന്നു. കോറോ സിങ്ങടക്കമുള്ള യുവതാരങ്ങള്‍ ഉണ്ടാക്കുന്ന ഇംപാക്ടുകള്‍ ടീമിന്‍റെ ജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇതൊക്കെ വലിയ ശുഭ സൂചനകളാണ്. ടി.ജി പുരുഷോത്തമനും തോമസ് ചോര്‍സും ചേര്‍ന്ന് ടീമിന്‍റെ മെന്‍റാലിറ്റിയെ ആകെ മാറ്റിപ്പണിതിരിക്കുന്നു. ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകളെ അത് ഊതിക്കത്തിച്ച് തുടങ്ങിയിരിക്കുന്നു. ഒരു പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പുകള്‍ക്ക് അടിവരയിടാന്‍ ഇക്കുറിയെങ്കിലും നമുക്കാവുമോ.. കാത്തിരുന്ന് കാണാം.
Adjust Story Font
16

