Quantcast

കണ്ണുമടച്ച് വിശ്വസിക്കാം.. കോറോ സിങ് എന്ന മാന്ത്രികനെ

കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ പകുതിയിലേറെ സമയം പത്ത് പേരായി ചുരുങ്ങിയിട്ടും സമനില പിടിച്ച കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹീറോ 18 കാരന്‍ കോറോയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2025-01-19 12:12:28.0

Published:

19 Jan 2025 3:27 PM IST

കണ്ണുമടച്ച് വിശ്വസിക്കാം.. കോറോ സിങ് എന്ന മാന്ത്രികനെ
X

2024 നവംബർ ഏഴ്. കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദ് എഫ്.സി മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങി. ഗാലറി നിശബ്ദമാണ്. മിക്കേൽ സ്റ്റാറേയും സംഘവും ഒരിക്കൽ കൂടി സ്വന്തം കാണികൾക്ക് മുന്നിൽ നാണംകെട്ട് മടങ്ങുന്നു. നിരാശയുടെ പടുകുഴിയിലായിരുന്നെങ്കിലും അന്ന് ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാൻ ചിലതാ മൈതാനം അവശേഷിപ്പിച്ചിരുന്നു. മത്സരത്തിന്റെ പതിമൂന്നാം മിനിറ്റ്. കൊച്ചിയിൽ കളി മുറുകുന്നതിനിടെ മൈതാനത്തിന്റെ വലതുവിങ്ങിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം.

പന്തിപ്പോൾ 17 കാരൻ കോറോ സിങ്ങിന്റെ കാലിലാണ്. തനിക്ക് മുന്നിലേക്കോടിയെത്തിയ പരാഗ് ശ്രിവാസിനെ വെട്ടിയൊഴിഞ്ഞയാൾ പെനാൽട്ടി ബോക്‌സിലേക്ക് കടക്കുന്നു. ഈ സമയം ബോക്‌സിന് വെളിയിലായിരുന്ന ജീസസ് ജിമിനസ് ഒറ്റക്കുതിപ്പിൽ അകത്തെത്തി കോറോ തളികയിൽ വച്ച് നൽകിയ പന്തിനെ ജീസസ് വലയിലേക്ക് തിരിച്ചു. മിക്കേൽ സ്റ്റാറേ തന്നെ എന്തിനാണ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് എന്ന ചോദ്യത്തിന് അയാൾ ഇത്ര വേഗത്തിൽ മറുപടി നൽകുമെന്ന് ആരും കരുതിക്കാണില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ അസിസ്റ്റ് നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് തന്റെ പേരിൽ ഏഴുതിച്ചേർക്കുമ്പോൾ കോറോക്ക് പ്രായം വെറും 17 വയസും 340 ദിവസവും.

ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്.സിയെ നേരിടുകയാണ്. കളി ഒരു മണിക്കൂർ പിന്നിടുമ്പോൾ മഞ്ഞപ്പട ഒരു ഗോളിന് പിറകിലാണ്. ഒടുവിൽ ആരാധകർ കാത്തിരുന്ന ആ നിമിഷമെത്തി. കോറോ ബ്രില്ല്യൻസ് മറ്റൊരു മനോഹര ഗോളിന് വഴി തുറക്കുകയായിരുന്നു. അയ്ബന്റെ കാലിൽ നിന്ന് പന്തേറ്റു വാങ്ങി വലതു വിങ്ങിലൂടെ നീങ്ങിയ കോറോ പെപ്രയുടെ പൊസിഷൻ മനസിലാക്കി ഗോൾമുഖത്തേക്ക് അതിനെ നീട്ടുന്നു.

ഒഡീഷ ഡിഫന്റർമാരെ മുഴുവൻ ആ നീക്കം നിഷ്പ്രഭരാക്കി. സെന്‍ററിലൂടെ കുതിച്ചെത്തിയ പെപ്ര ഗോൾകീപ്പറേയും മറികടന്ന് പന്തിനെ വലയിലേക്ക് അടിച്ച് കയറ്റുന്നു. സീസണിൽ കോറോയുടെ നാലാം അസിസ്റ്റായിരുന്നു അത്. കളികൾ ഇനിയുമേറെ ബാക്കി നിൽക്കേ തന്നെ ആ അസിസ്റ്റിൽ കോറോ മറ്റൊരു ചരിത്രം കൂടി തന്റെ കുപ്പായത്തിൽ തുന്നിച്ചേർത്തു. ബ്ലാസ്റ്റേഴ്‌സിനായി ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് യുവതാരത്തെ തേടിയെത്തിയത്. ഈ നേട്ടം സ്വന്തമാക്കുമ്പോൾ കോറോക്ക് 18 തികഞ്ഞിരുന്നു. ജസൽ കർണേറോയും ലെൻ ദുങ്കലുമൊക്കെ ഈ പട്ടികയിൽ കോറോക്കൊപ്പമുണ്ടെങ്കിലും അവരെയൊക്കെ ഈ മണിപ്പൂരുകാരൻ അനായാസം മറികടക്കും എന്നുറപ്പ്.

'ഈ യുവപ്രതിഭയുടെ തിളക്കം ഞങ്ങൾക്കൊപ്പം തുടരും.'' കോറോയുടെ 18ാം പിറന്നാൾ കഴിഞ്ഞ് ദിവസങ്ങൾക്കകം ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യൽ പേജുകളിൽ പ്രത്യക്ഷപ്പെട്ടൊരു ചിത്രത്തിന്റെ തലവാചകം ഇങ്ങനെയായിരുന്നു. കോറോയുമായി നാല് വർഷത്തേക്ക് കൂടി കരാർ നീട്ടാൻ ബ്ലാസ്‌റ്റേഴ്‌സ് തീരുമാനമെടുക്കുന്നു. ഈ വാർത്തയെ ഹർഷാരവങ്ങളോടെയാണ് ആരാധകർ വരവേറ്റത്. ടീമിന്റെ പ്രതിസന്ധിക്കാലം. പ്രതീക്ഷയർപ്പിച്ച പല വലിയ പേരുകളും മൈതാനത്ത് നിരന്തരം നിറം മങ്ങുന്നു. അതിനിടിയിലാണ് ഒരു പതിനെട്ടുകാരൻ ആരാധകരുടെ പ്രതീക്ഷകളെ ഊതിക്കത്തിച്ച് കളം നിറയുന്നത്. കരാര്‍ പുതുക്കിയതിന് ശേഷം കോറോയെ കുറിച്ച് ബ്ലാസ്റ്റേഴ്സിന്‍റെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്കിന്‍കിസ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ.

''ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന് 18 മാസത്തിനകം കോറോ കൈവരിച്ച പുരോഗതി വിവരണാധീതമാണ്. അവന് ശോഭനമായൊരു ഭാവിയുണ്ടെന്ന് ഉറപ്പാണ്. അതിവിദൂര ഭാവിയില്‍ തന്നെ ഇന്ത്യയിലെ മികച്ച കളിക്കാരുടെ കൂട്ടത്തില്‍ അവന്‍റെ പേരും നിങ്ങള്‍ക്ക് കാണാനാവും. ഒരു ക്ലബ് എന്ന നിലയിൽ അവന്‍റെ കഴിവുകളെ കൂടുതൽ വികസിപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് പ്രതിജ്ഞാ ബദ്ധരാണ്''- സ്കിന്‍കിസിന്‍റെ ഈ പ്രതികരണത്തില്‍ എല്ലാമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ പകുതിയിലേറെ സമയം പത്ത് പേരായി ചുരുങ്ങിയിട്ടും സമനില പിടിച്ച കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹീറോ കോറോയായിരുന്നു.

ബ്ലാസ്റ്റേഴ്‌സിനായി പത്ത് മത്സരങ്ങളിലാണ് സീസണിൽ ഇതുവരെ കോറോ കളത്തിലിറങ്ങിയത്. 654 മിനിറ്റുകൾ മഞ്ഞക്കുപ്പായത്തിൽ പന്തു തട്ടിയ താരം നാല് അസിസ്റ്റുകൾ തന്റെ പേരിൽ എഴുതിച്ചേർത്തു. സൃഷ്ടിച്ചത് ഒമ്പത് ഗോളവസരങ്ങൾ, 5 ഓൺ ടാർജറ്റ് ഷോട്ടുകൾ, 357 ടച്ചുകൾ, 24 പാസ് പെർ ഗെയിം, 14 സക്‌സസ്ഫുൾ ഡ്രിബിൾസ്.. ഒരു പതിനെട്ടുകാരനെ സംബന്ധിച്ച് മോഹിപ്പിക്കുന്ന കണക്കുകളാണിതൊക്കെ.

2006 ഡിസംബർ മൂന്നിന് മണിപ്പൂരിലെ ഒരു കർഷക കുടുംബത്തിലാണ് കോറോയുടെ ജനനം. 2016 ൽ മണിപ്പൂരിലുണ്ടായൊരു പ്രളയത്തിൽ കോറോക്ക് പത്താം വയസിൽ തന്റെ മാതാപിതാക്കളെ നഷ്ടമായി. ചെയിറെൽ മാൻജിൽ എന്ന കൊച്ചു ഗ്രാമത്തിൽ പിന്നെയൊരു ബന്ധുവാണ് കോറോയെ വളർത്തിയത്. ഒമ്പതാം വയസിൽ തന്നെ കാൽപ്പന്തിലാണ് തന്റെ ഭാവിയെന്ന് കോറോ തിരിച്ചറിഞ്ഞിരുന്നു. 2021 ൽ ഇംഫാലിൽ വച്ച് നടന്ന സുദേവ ഡൽഹി എഫ്.സിയുടെ ട്രയൽസാണ് അയാളുടെ തലവര മാറ്റിയത്. ട്രയൽസ് വിജയകരമായി പൂർത്തിയാക്കിയ കോറോക്ക് 2021 ഡ്യൂറന്‍റ് കപ്പ് ടീമിലേക്ക് വിളിയെത്തി. ജംഷഡ്പൂർ എഫ്.സി ക്കെതിരെ അരങ്ങേറ്റം. ഒരു വർഷക്കാലം സുദേവ എഫ്. സിക്കൊപ്പം പന്ത് തട്ടിയ കോറോ 2022 ലാണ് ബ്ലാസ്‌റ്റേഴ്‌സ് റിസർവ് ടീമിലെത്തുന്നത്.

2023 എ.എഫ്.സി അണ്ടർ 17 ഏഷ്യൻ കപ്പിൽ ഇന്ത്യക്കായി നടത്തിയ മിന്നും പ്രകടനങ്ങളാണ് കോറോയിൽ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ കണ്ണുടക്കാന്‍ കാരണം. ഏഷ്യൻ കപ്പിന് തൊട്ട് മുമ്പ് ഫ്രണ്ട്‌ലീ മാച്ചുകൾക്കായി സ്‌പെയിലേക്കും ജർമനയിലേക്കും സഞ്ചരിച്ച ഇന്ത്യൻ അണ്ടർ 17 സംഘത്തിൽ കോറോയുണ്ടായിരുന്നു. ആ ടൂറിൽ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അണ്ടർ 16 ടീമിനെ ഇന്ത്യൻ സംഘം ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുമായി കോറോ കളംനിറഞ്ഞു. ഗെറ്റാഫെയുടെ അണ്ടർ 18 സംഘത്തോട് ഇന്ത്യ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടു. മത്സരത്തിൽ ഇന്ത്യയുടെ ഏക ഗോൾ പിറന്നത് കോറോയുടെ ബൂട്ടില്‍ നിന്നായിരുന്നു.

തായ്ലന്‍റില്‍ വച്ചരങ്ങേറിയ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ നായകനായിരുന്നു കോറോ. ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ ജപ്പാനെതിരെ സ്കോര്‍ ചെയ്ത താരം പെട്ടെന്ന് തന്നെ ഇന്ത്യന്‍ ഫുട്ബോളില്‍ വലിയ ചര്‍ച്ചയായി. ബ്ലാസ്റ്റേഴ്സ് ബി.ടീമിനൊപ്പം കേരള പ്രീമിയർ ലീഗിൽ പന്ത് തട്ടിത്തുടങ്ങിയ കോറോക്ക് 2024 സൂപ്പർ കപ്പിൽ സീനിയർ ടീമിന്റെ ക്യാമ്പിലേക്ക് വിളിയെത്തി. 2024 ജനുവരി 20 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് സീനിയർ ടീമിൽ അരങ്ങേറ്റം. ബ്ലാസ്‌റ്റേഴ്‌സിനായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം അന്ന് കോറോയെ തേടിയെത്തി. 77ാം മിനിറ്റിൽ ദെയ്‌സുകേ സകായുടെ പകരക്കാരനായാണ് കോറോ കളത്തിലെത്തിയത്. അതേ വർഷം ഏപ്രിൽ ആറിനായിരുന്നു ഐ.എസ്.എല്ലിൽ കോറോയുടെ അരങ്ങേറ്റം. പിന്നെ നടന്നതൊക്കെ ചരിത്രമാണ്...

TAGS :

Next Story