Quantcast

ഡാനിഷ് ഓപ്പണിൽ സ്വർണവും വെള്ളിയും; രാജ്യത്തിന് അഭിമാനമായി മാധവന്റെ മകൻ വേദാന്ത്

1500 മീറ്റർ വിഭാഗത്തിലാണ് കഴിഞ്ഞദിവസം വേദാന്ത് വെള്ളി സ്വന്തമാക്കിയിരുന്നത്. ഇതേ ചാമ്പ്യൻഷിപ്പിൽ തന്നെ കേരളത്തിന്റെ സജൻ പ്രകാശും സ്വർണം നേടിയിരുന്നു

MediaOne Logo

Web Desk

  • Published:

    18 April 2022 6:20 AM GMT

ഡാനിഷ് ഓപ്പണിൽ സ്വർണവും വെള്ളിയും; രാജ്യത്തിന് അഭിമാനമായി മാധവന്റെ മകൻ വേദാന്ത്
X

ഡൽഹി: ഡാനിഷ് ഓപ്പൺ നീന്തൽമീറ്റിൽ സ്വർണവും വെള്ളിയും നേടി രാജ്യത്തിന്റെ അഭിമാനമായി നടൻ ആർ. മാധവന്റെ മകൻ വേദാന്ത്. കോപ്പൻ ഹേഗനിൽ നടക്കുന്ന ഓപ്പൺ നീന്തൽമീറ്റിലാണ് വേദാന്ത് രാജ്യത്തിനായി രണ്ടു മെഡൽ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നേടിയ വെള്ളിമെഡലിന് പിന്നാലെയാണ് സ്വർണവും വേദാന്ത് സ്വന്തമാക്കിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് മാധവൻ മകന്റെ നേട്ടം പങ്കുവെച്ചത്.

800 മീറ്റർ ഫ്രീസ്റ്റൈൽവിഭാഗത്തിൽ ഒന്നാമതെത്തിയാണ് സുവർണനേട്ടം സ്വന്തമാക്കിയത്. മകനെ വിജയിയായി പ്രഖ്യാപിക്കുന്ന വീഡിയോയാണ് മാധവൻ പങ്കുവെച്ചത്. 'ദൈവത്തിന്റെയും നിങ്ങളുടെയും അനുഗ്രഹം കൊണ്ട് അവൻ സ്വർണം നേടിയിരിക്കുകയാണ്. പരിശീലകനായ പ്രദീപ് കുമാറിനും നീന്തൽ ഫെഡറേഷനിലെ മുഴുവൻ ടീമിനും നന്ദിയെന്നും അദ്ദേഹം കുറിച്ചു'.

ശനിയാഴ്ച 1500 മീറ്റർ വിഭാഗത്തിലാണ് വേദാന്ത് വെള്ളി സ്വന്തമാക്കിയിരുന്നത്. ഇതേ ചാമ്പ്യൻഷിപ്പിൽ തന്നെ കേരളത്തിന്റെ സുവർണതാരം സജൻ പ്രകാശും സ്വർണം നേടിയിരുന്നു. സജനെയും വേദാന്തിനെയും അഭിനന്ദിച്ച് കഴിഞ്ഞ ദിവസവും മാധവൻ ട്വീറ്റ് ചെയ്തിരുന്നു. വേദാന്തിന്റെ പരിശീലകനായ പ്രദീപ് കുമാറിനും മാധവൻ ട്വീറ്റിൽ നന്ദി പറഞ്ഞിരുന്നു.

നേരത്തെ തന്നെ ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നിരവധി മെഡലുകൾ വേദാന്ത് നേടിയിട്ടുണ്ട്. ഈവർഷത്തെ ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻ ഷിപ്പിൽ ഏഴുമെഡലുകൾ നേടിയിരുന്നു.കഴിഞ്ഞ വർഷം ബംഗളൂരുവിൽ നടന്ന 47ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ നാല് വെള്ളിയും മൂന്ന് വെങ്കലവും വേദാന്ത് സ്വന്തമാക്കിയിരുന്നു.

ആർ.മാധവൻ പോസ്റ്റ് പങ്കിട്ടതിന് തൊട്ടുപിന്നാലെ, നിരവധി പേരാണ് വേദാന്തിന് ആശംസയുമായെത്തിയത്. കഴിഞ്ഞ ദിവസം നടൻ സൂര്യയും മാധവന്റെ ട്വീറ്റ് പങ്കുവെച്ച് വേദാന്തിനെ അഭിനന്ദിച്ചിരുന്നു. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, ബിപാഷ ബസു തുടങ്ങിയവരും അഭിനന്ദനവുമായെത്തി. സുഹൃത്തുക്കൾക്ക് പുറമെ ആരാധകരും അഭിനന്ദനവുമായെത്തിയിരുന്നു.

TAGS :

Next Story