Quantcast

'ഗസ്സയിലെ കുട്ടികളിൽ എന്റെ മക്കളെ കാണുന്നു'; ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള

പെപ് ഗാർഡിയോളയെ മാഞ്ചസ്റ്റർ സർവകലാശാല ഓണററി ബിരുദം നൽകി ആദരിച്ച ചടങ്ങിലാണ് ഗസ്സയെ അനുകൂലിച്ച് പ്രഭാഷണം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-06-10 13:02:16.0

Published:

10 Jun 2025 3:00 PM IST

ഗസ്സയിലെ കുട്ടികളിൽ എന്റെ മക്കളെ കാണുന്നു; ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള
X

ലണ്ടൻ: ഇസ്രായേൽ ഫലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഗസ്സക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. പെപ് ഗാർഡിയോളയെ മാഞ്ചസ്റ്റർ സർവകലാശാല ഓണററി ബിരുദം നൽകി ആദരിച്ച ചടങ്ങിലാണ് ഗസ്സയെ അനുകൂലിച്ച് പ്രഭാഷണം നടത്തിയത്. കളിക്കളത്തിലും പുറത്തും നഗരത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് ബഹുമതി നൽകിയത്. ചരിത്രപ്രസിദ്ധമായ വിറ്റ്‌വർത്ത് ഹാളിൽ നടന്ന ചടങ്ങിൽ യൂണിവേഴ്‌സിറ്റി ചാൻസലർ നസീർ അഫ്‌സൽ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.

ഇസ്രായേൽ ഫലസ്തീനിൽ നടത്തികൊണ്ടിയിരിക്കുന്ന വംശഹത്യ യുദ്ധത്തിൽ ഗസ്സക്കുവേണ്ടി വേണ്ടി നിലകൊണ്ട ഗാർഡിയോള തന്റെ പുരസ്‌കാര സ്വീകരണ പ്രസംഗത്തിൽ വിശദമായി തന്നെ ഗസ്സയിലെ അവസ്ഥകളെ കുറിച്ച് തുറന്ന് പറഞ്ഞു. പ്രതേകിച്ചും ഗസ്സയിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഗസ്സയിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണുമ്പോൾ തനിക്ക് വേദനയുണ്ടെന്നും പെപ് പറഞ്ഞു.

'ഗസ്സയിൽ കാണുന്ന കാര്യങ്ങൾ വളരെ വേദനാജനകമാണ്. അത് എന്റെ മുഴുവൻ ശരീരത്തെയും വേദനിപ്പിക്കുന്നു. ഇത് പ്രത്യയശാസ്ത്രത്തെക്കുറിച്ചോ ശരിതെറ്റുകളെ കുറിച്ചോ അല്ല. ജീവിതസ്നേഹത്തെക്കുറിച്ചും നിങ്ങളുടെ അയൽക്കാരന്റെ കരുതലിനെക്കുറിച്ചും മാത്രമാണ്. ഒരുപക്ഷേ നാല് വയസ്സുള്ള ആൺകുട്ടികളും പെൺകുട്ടികളും ബോംബിൽ കൊല്ലപ്പെടുന്നതോ ആശുപത്രിയിൽ കൊല്ലപ്പെടുന്നതോ നമ്മൾ കാണുമ്പോൾ അത് ഞങ്ങളുടെ കാര്യമല്ല എന്ന് കരുതുന്നവരുണ്ടാകും. എന്നാൽ അടുത്ത നാലോ അഞ്ചോ വയസ്സുള്ള കുട്ടികൾ നമ്മളുടെതായിരിക്കും. ഗസ്സയിലെ കുഞ്ഞുങ്ങളെ കാണാൻ ആരംഭിച്ചതിനുശേഷം എല്ലാ ദിവസവും രാവിലെ ഉണരുമ്പോൾ ഞാൻ എന്റെ കുട്ടികളായ മരിയയെയും വാലെന്റിനയെയും കാണുന്നു.' പെപ് കൂട്ടിച്ചേർത്തു.വളരെ ദൂരയായ ഒരു കാര്യത്തിന് എന്തുചെയ്യാൻ കഴിയുമെന്ന് ചോദിക്കുന്നവരോട് ഒരു കഥ ഓർമ്മിപ്പിച്ചുകൊണ്ടാണ് പെപ് അദ്ദേത്തിന്റെ പ്രഭാഷണം അവസാനിപ്പിക്കുന്നത്.

'കാടിന് തീ പിടിച്ചപ്പോൾ എല്ലാവരും നോക്കിനിൽക്കെ, ഒരു കുരുവി മാത്രം അതിന്റെ ചെറിയ കൊക്കിൽ വെള്ളം ശേഖരിച്ച് തീയിലേക്ക് ഒഴിച്ചുകൊണ്ടിരുന്നു.

'നീ എന്താണ് ചെയ്യുന്നത്?' കുരുവിയെ പരിഹസിച്ചു കൊണ്ട് പാമ്പ് ചോദിച്ചു.

'ഞാൻ ഈ തീ അണയ്ക്കുകയാണ്.' കുരുവി മറുപടി പറഞ്ഞു.

'നിനക്ക് അതിന് കഴിയില്ല' പാമ്പ് പറഞ്ഞു.

'എനിക്കറിയാം.' കുരുവി പറഞ്ഞു.

'പിന്നെന്തിനാണ് നീ ഇത് ചെയ്യുന്നത്?' പാമ്പ് ചോദിച്ചു.

'ഞാൻ എന്റെ ഭാഗം ചെയ്യുകയാണ്.' കുരുവി മറുപടി പറഞ്ഞു.

'കുരുവിക്കറിയാം തീയണക്കാൻ അതിന് സാധിക്കില്ലെന്ന് എങ്കിലും വെറുതെയിരിക്കാൻ അത് തയ്യാറല്ലായിരുന്നു. ലോകത്തിൽ മാറ്റം കൊണ്ടുവരാൻ ചെറിയ കൂട്ടത്തിന് എന്തുചെയ്യാൻ സാധിക്കുമെന്ന് ചോദിക്കുന്നവരോട്; ഒരാളുടെ ശക്തി, അളവുകളല്ല മറിച്ച് തിരഞ്ഞെടുപ്പുകളാണ്, മിണ്ടാതിരിക്കാൻ വിസമ്മതിക്കലാണ്.' പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് പെപ് പറഞ്ഞു.

Next Story