Quantcast

ബാഴ്സയുമായുള്ള കരാർ ചർച്ച നീളുന്നു; മെസ്സിക്ക് ഓരോ മണിക്കൂറിലും നഷ്ടമാകുന്നത് മൂന്നര ലക്ഷം രൂപ

ജൂൺ 30-ഓടെയാണ് ബാഴ്സയുടെ കരാർ തീർന്ന് മെസ്സി ഫ്രീ ഏജന്റായിരിക്കുന്നത്. ഇതോടെ ഓരോ ദിവസവും 88 ലക്ഷത്തിന്റെ വരുമാനനഷ്ടമാണ് താരത്തിനുണ്ടായിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    13 July 2021 10:37 AM GMT

ബാഴ്സയുമായുള്ള കരാർ ചർച്ച നീളുന്നു; മെസ്സിക്ക് ഓരോ മണിക്കൂറിലും നഷ്ടമാകുന്നത് മൂന്നര ലക്ഷം രൂപ
X

ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇതിഹാസ താരം ലണയൽ മെസ്സി ഒരു അന്താരാഷ്ട്ര കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. കോപ കിരീടനേട്ടത്തിന്റെ സന്തോഷാരവം അടുത്തെങ്ങും അവസാനിക്കാൻ പോകുന്നില്ല. എന്നാൽ, കരിയറിലെ സ്വപ്നനേട്ടത്തിന്റെ സന്തോഷങ്ങൾക്കിടയിലും സൂപ്പർ താരത്തിന്റെ ഇപ്പോഴൊരു ക്ലബ്ബില്ല എന്നതാണ് സ്ഥിതി. മെസ്സിയുമായുള്ള കരാർ കാലാവധിക്കു മുമ്പേ പുതുക്കുന്നതിൽ ബാഴ്‌സലോണ പരാജയപ്പെട്ടതോടെ ഇതിഹാസതാരം ഇപ്പോൾ ഫ്രീ ഏജന്റാണ്. ഒരു ക്ലബ്ബിലും അംഗമല്ല എന്നതുമാത്രമല്ല, ബാഴ്‌സയുമായുള്ള അവസാന കരാർ വെച്ചു നോക്കുമ്പോൾ വൻ സാമ്പത്തിക നഷ്ടമാണ് താരം നേരിടുന്നത്. പ്രതിദിനം ഒരുലക്ഷം യൂറോ (88 ലക്ഷം രൂപ) ആണ് പ്രതിഫല ഇനത്തിൽ മാത്രം മെസ്സിയുടെ നഷ്ടം; അതായത്, ഓരോ മണിക്കൂറിലും 3.6 ലക്ഷം!

7.1 കോടി യൂറോ(ഏകദേശം 600 കോടി രൂപ) ആയിരുന്നു ബാഴ്സയിൽ മെസ്സിയുടെ കരാർ തുക. ഒരു സീസണിൽ 138 മില്യൻ യൂറോ(ഏകദേശം 1,200 കോടി) ആണ് താരത്തിന് ലഭിച്ചിരുന്നത്. എന്നാൽ, പുതിയ സീസൺ തുടങ്ങാൻ ഒരു മാസത്തിലേറെ മാത്രം ബാക്കിനിൽക്കെയാണ് നിലവിൽ ഒരു ടീമിലും ഇടംപിടിക്കാതെ താരം ഫ്രീ ഏജന്റായി തുടരുന്നത്. കരാർ പുതുക്കാത്തതുകൊണ്ട് കഴിഞ്ഞ രണ്ട് ആഴ്ചയിൽ മാത്രം താരത്തിന് നഷ്ടമായത് പത്തു കോടിയോളം രൂപയാണ്.

2005 ജൂൺ 24 അഥവാ 18-ാം ജന്മദിനത്തിലാണ് മെസ്സി ബാഴ്‌സയുമായി സീനിയർ പ്ലെയർ എന്ന നിലയ്ക്കുള്ള ആദ്യത്തെ കരാർ ഒപ്പുവെക്കുന്നത്. അതിനുശേഷം ക്ലബ്ബ് മുൻകൈയെടുത്തുതന്നെ പലതവണ കരാർ പുതുക്കി. പ്രൊഫഷണൽ കരിയറിൽ തന്നെ ഇതാദ്യമായാണ് ഒരു ക്ലബിലുമില്ലാത്തൊരു അവസ്ഥ താരത്തിനുണ്ടാകുന്നത്. ബാഴ്‌സയുടെ പുതിയ പ്രസിഡണ്ട് ജോൻ ലാപോർട്ടയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് മെസ്സിയെ ക്ലബ്ബിൽ നിലനിർത്തും എന്നതായിരുന്നു. കരാർ പുതുക്കാൻ ലാപോർട്ടയോട് മെസ്സി സമ്മതിച്ചുവെന്നും അതുകൊണ്ടാണ് കഴിഞ്ഞ സീസണിലെ അവസാന മത്സരം കളിക്കാതെ മെസ്സി നാട്ടിലേക്ക് തിരിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

എന്നാൽ, കാലാവധി അവസാനിച്ചിട്ടും താരത്തിന്റെ ഒപ്പ് സമ്പാദിക്കാൻ ബാഴ്‌സയ്ക്ക് കഴിഞ്ഞിട്ടില്ല. ചർച്ച അവസാന ഘട്ടത്തിലാണെന്നും പുതിയ കരാർ ഉടനുണ്ടാകുമെന്നും ലാപോർട്ട ഇന്നും വ്യക്തമാക്കിയിരുന്നു. കോപ അമേരിക്ക സ്വന്തമാക്കിയ മെസ്സിയെ അഭിനന്ദിച്ച ലാപോർട്ട, അർജന്റീനക്കാരൻ ബാഴ്‌സയുടെ പദ്ധതിയിലെ നിർണായക ഘടകമാണെന്ന കാര്യം ആവർത്തിക്കുകയും ചെയ്തു. രണ്ടു വർഷം ദൈർഘ്യമുള്ള കരാറിനെപ്പറ്റിയാണ് നിലവിൽ ചർച്ച നടക്കുന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെസ്സി ബാഴ്‌സയിൽ തുടരാനാണ് കൂടുതൽ സാധ്യതയെങ്കിലും കരാറില്ലാത്തത് നേരിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

കോവിഡിന്റെ തുടർന്ന് ലാലിഗ പ്രഖ്യാപിച്ച സാമ്പത്തിക അച്ചടക്കനയങ്ങളാണ് മെസ്സിയും ബാഴ്‌സയും തമ്മിലുള്ള കരാറിന് വിഘാതം നിൽക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ സീസണിൽ ഒരു ക്ലബ്ബിന് ശമ്പള ഇനത്തിൽ മൊത്തം 34.7 കോടി യൂറോ(ഏകദേശം 3,070 കോടി രൂപ) ചെലവഴിക്കാനുള്ള അനുമതിയുണ്ടായിരുന്നു. എന്നാൽ, ഇത്തവണ അത് ലാലിഗ പകുതിയിലും താഴെയായി പുനർനിർണയിച്ചിട്ടുണ്ട്. ഇതോടെ കളിക്കാരുടെ വേതനം വെട്ടിക്കുറക്കാൻ ക്ലബ്ബുകൾ നിർബന്ധിതരായി. സാമ്പത്തിക ഭാരം കുറക്കുന്നതിനായി വർഷങ്ങളായി ടീമിലുണ്ടായിരുന്ന പലതാരങ്ങളെയും വിൽക്കാൻ വരെ ക്ലബ്ബ് സന്നദ്ധമാണെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, പ്രതിഫലത്തിന്റെ കാര്യത്തിൽ മെസ്സി വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതിനിധികൾ പറയുന്നത്. 15 വർഷമായി താരം ബാഴ്‌സയുടെ ഭാഗമാണെന്നും ഈ കാലയളവിൽ ക്ലബ്ബിനുണ്ടായ വളർച്ചയിലും സാമ്പത്തിക നേട്ടങ്ങളിലുമെല്ലാം അദ്ദേഹത്തിനും പങ്കുണ്ടെന്നും അവർ പറയുന്നു. ഈ പ്രതിസന്ധി രമ്യമായി പരിഹരിക്കുന്നതുവരെ അർജന്റീനാ താരത്തിന്റെ ഒപ്പ് സ്വന്തമാക്കാൻ ബാഴ്‌സയ്ക്ക് കഴിഞ്ഞേക്കില്ല.

ദേശീയ ടീമിലെ സഹതാരവും ഉറ്റസുഹൃത്തുമായ സെർജിയോ അഗ്വേറോ കൂടി ബാഴ്‌സയിലെത്തിയതോടെ കാറ്റലൻ ക്ലബ്ബിൽ തുടരാനാണ് മെസ്സിക്ക് താൽപര്യമെങ്കിലും ട്രാൻസ്ഫർ വിപണി തുറന്നുകിടക്കുകയാണെന്നതാണ് ബാഴ്‌സ മാനേജ്‌മെന്റിനെ ആശങ്കപ്പെടുത്തുന്നത്. വൻതുക വാരിയെറിയാൻ ശേഷിയുള്ള ക്ലബ്ബുകൾ താരത്തിനു വേണ്ടി നേരത്തെ തന്നെ രംഗത്തുവന്നിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയും പി.എസ്.ജിയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ സീസൺ ഒടുവിൽ മെസ്സിയും ബാഴ്‌സ പ്രസിഡണ്ട് ജോസപ് മരിയ ബർതമ്യുവും തമ്മിലുടക്കിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി ഒരു ശ്രമം നടത്തി നോക്കുകയും മെസ്സി കൂടുമാറാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തതാണ്. കരാറിലെ ചില വ്യവസ്ഥകൾ കാണിച്ച് മെസ്സിയെ പിടിച്ചുനിർത്തുകയാണ് ബർതമ്യു അപ്പോൾ ചെയ്തത്. സൂപ്പർ താരത്തിന്റെ അതൃപ്തിക്കു പാത്രമായ പ്രസിഡണ്ട് അധികം വൈകാതെ സ്ഥാനം തെറിക്കുകയും ചെയ്തു.

അതേസമയം, കീശയിൽ കാശുണ്ടെങ്കിലും 34-കാരനായ താരത്തിനു വേണ്ടി പരിധിവിട്ട രീതിയിൽ ചെലവഴിക്കാൻ സിറ്റിയും പി.എസ്.ജിയും തയാറാകുമോ എന്ന ചോദ്യവുമുണ്ട്. കഴിഞ്ഞ സീസണിൽ 5,000 കോടി രൂപ മൂല്യമുള്ള അഞ്ചുവർഷ കരാറാണ് സിറ്റി മെസ്സിക്കു മുന്നിൽ വെച്ചത്. എന്നാൽ, മെസ്സി ഫ്രീ ഏജന്റായ സാഹചര്യത്തിൽ ഇത്തവണ അത്രവലിയ തുക സിറ്റി ഓഫർ ചെയ്യാൻ സാധ്യത കുറവാണ്. പോൾ പോഗ്ബ, റാഫേൽ വറാൻ തുടങ്ങിയ മുൻനിര താരങ്ങൾക്കു വേണ്ടി ശ്രമം നടത്തുന്ന പി.എസ്.ജിക്കും മെസ്സിക്കു മുന്നിൽ വൻതുക വാഗ്ദാനം ചെയ്യുന്നതിൽ പരിമിതിയുണ്ട്.

TAGS :

Next Story