Quantcast

'കണ്‍സിസ്റ്റന്‍റ് വാര്‍ണര്‍'; ഐ.പി.എല്ലില്‍ ഏഴ് തവണ 500+ റണ്‍സ്... റെക്കോര്‍ഡ്

MediaOne Logo

Web Desk

  • Published:

    20 May 2023 2:34 PM GMT

Most times 500+ ,IPL ,David Warner, new record,warner,delhi capitals
X

ചെന്നൈക്കെതിരായ മത്സരത്തില്‍ വാര്‍ണറുടെ ബാറ്റിങ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും കണ്‍സിസ്റ്റന്‍റായ താരം ആരാണെന്ന് ചോദിച്ചാല്‍ ഉറപ്പിച്ച് പറയാം, ലെഫ്റ്റ് ഹാന്‍ഡഡ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പേര്. 2008ലെ ആദ്യ ഐ.പി.എല്‍ എഡിഷന് ശേഷം പിന്നീട് നടന്ന എല്ലാ ഐ.പി.എല്ലിലും വിവിധ ഫ്രാഞ്ചെസികളില്‍ കളിച്ചിട്ടുള്ള താരമാണ് വാര്‍ണര്‍.

ആദ്യ അഞ്ച് വര്‍ഷക്കാലം ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായിരുന്ന വാര്‍ണര്‍ പിന്നീട് സണ്‍റൈസേഴ്സിലേക്കും അവിടുന്ന് 2022ലും 23ലും ഡല്‍ഹി ക്യാപിറ്റല്‍സിനുമായാണ് കളിച്ചത്. ഇന്ന് ലീഗിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്സിനെതിരെ ഡല്‍ഹി തോറ്റെങ്കിലും വ്യക്തിഗത പ്രകടനത്തില്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് വാര്‍ണര്‍.

ഐ.പി.എല്ലില്‍ 500+ റണ്‍സ് ഏറ്റവും കൂടുതല്‍ സീസണുകളില്‍ സ്വന്തമാക്കിയ താരമെന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തം പേരിലാക്കിയത്. ഏഴ് സീസണുകളില്‍ വാര്‍ണര്‍ വ്യക്തിഗത സ്കോര്‍ 500+ കണ്ടെത്തിയിട്ടുണ്ട്. സാക്ഷാല്‍ വിരാട് കോഹ്ലിയെയാണ് വാര്‍ണര്‍ മറികടന്നത്. ആറ് സീസണുകളില്‍ വിരാട് കോഹ്‍ലി വ്യക്തിഗത സ്കോര്‍ 500+ റണ്‍സ് കണ്ടെത്തിയിട്ടുണ്ട്.

2014, 2015, 2016, 2017, 2019, 2020 സീസണുകളിലാണ് വാര്‍ണര്‍ ഇതിനുമുമ്പ് 500+ റണ്‍സ് സ്വന്തമാക്കിയിട്ടുള്ളത്. ഇന്നത്തെ മത്സരത്തില്‍ 86 റണ്‍സെടുത്തതോടെ ഈ സീസണിലും വാര്‍ണര്‍ 500+ റണ്‍സ് എന്ന നേട്ടം മറികടക്കുകയായിരുന്നു.

ഡല്‍ഹിയെ 77 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് സീല്‍ ചെയ്ത് ചെന്നൈ

നായകന്‍ ഡേവിഡ് വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടത്തിനും ഡല്‍ഹിയെ രക്ഷിക്കാനായില്ല. തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍കിങ്സ് ഐ.പി.എല്‍ പ്ലേ ഓഫില്‍. 224 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 146 റണ്‍സിന് ഓള്‍ഔട്ടായി.കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കായി നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് മാത്രമാണ് തിളങ്ങാനായത്. ബാറ്റുകൊണ്ട് മറ്റാരും പിന്തുണ കൊടുക്കാനില്ലാതെ വന്നതോടെ ഡല്‍ഹിക്ക് അവസാന മത്സരത്തിലും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നേരത്തെ തന്നെ ഡല്‍ഹി ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ജയത്തോടെ 17 പോയിന്‍റുമായി ചെന്നൈ സൂപ്പര്‍കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു.വാര്‍ണര്‍ കഴിഞ്ഞാല്‍ ആകെ രണ്ട് പേര്‍ക്ക് മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. 58 പന്തില്‍ അഞ്ച് സിക്സറുകളും ഏഴ് ബൌണ്ടറികളും നിറം ചാര്‍ത്തിയ ഇന്നിങ്സില്‍ സെഞ്ച്വറിക്കരികെയാണ് വാര്‍ണര്‍ വീഴുന്നത്. 86 റണ്‍സെടുത്ത വാര്‍ണറെ പതിരാനയുടെ പന്തില്‍ ഗെയ്ക്വാദ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ചെന്നൈക്കായി ദീപക് ചാഹര്‍ മൂന്ന് വിക്കറ്റും തീക്ഷണയും പതിരാനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

TAGS :

Next Story