Quantcast

'അടുത്ത ധോണി പണിപ്പുരയിലാണ്'; ജുറേലിനെ പ്രശംസ കൊണ്ട് മൂടി ഗവാസ്‌കർ

ടെസ്റ്റിൽ തന്റെ കന്നി സെഞ്ച്വറിക്ക് പത്ത് റൺസ് അകലെയാണ് ജുറേൽ ടോം ഹാർട്ട്‌ലിയുടെ പന്തിൽ വീണത്

MediaOne Logo

Web Desk

  • Updated:

    2024-02-25 13:45:07.0

Published:

25 Feb 2024 1:43 PM GMT

അടുത്ത ധോണി പണിപ്പുരയിലാണ്; ജുറേലിനെ പ്രശംസ കൊണ്ട് മൂടി ഗവാസ്‌കർ
X

ഇന്ത്യ ജേഴ്‌സിയിൽ സമ്മോഹനമായ തുടക്കമാണ് വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിന് റാഞ്ചി ടെസ്റ്റിൽ ലഭിച്ചത്. ഒരു ഘട്ടത്തിൽ കൂട്ടത്തകർച്ചയുടെ വക്കിലായിരുന്ന ഇന്ത്യയെ വാലറ്റത്ത് കുൽദീപ് യാദവിനെ കൂട്ടുപിടിച്ച് കരകയറ്റിയത് ജുറേലാണ്. ടെസ്റ്റിൽ തന്റെ കന്നി സെഞ്ച്വറിക്ക് പത്ത് റൺസ് അകലെയാണ് ജുറേൽ ടോം ഹാർട്ട്‌ലിയുടെ പന്തിൽ വീണത്. 149 പന്ത് നേരിട്ട താരം ആറ് ഫോറിന്റേയും നാല് സിക്‌സുകളുടേയും അകമ്പടിയിൽ 90 റൺസ് അടിച്ചെടുത്തു.

ജുറേലിന്റെ മിന്നും പ്രകടനത്തെ വാനോളം പുകഴ്ത്തി ഇതിനോടകം നിരവധി പേർ രംഗത്തെത്തി കഴിഞ്ഞു. ജുറേൽ ബാറ്റ് ചെയ്യുമ്പോൾ കമന്ററി ബോക്‌സിൽ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌കറുണ്ടായിരുന്നു. അടുത്ത എം.എസ് ധോണി പണിപ്പുരയിലാണെന്നാണ് ഗവാസ്‌കർ ജുറേലിനെ കുറിച്ച് പറഞ്ഞത്. ജുറേലിന്റെ മനഃസാന്നിധ്യത്തെ ഗവാസ്‌കർ വാനോളം പുകഴ്ത്തി.

''ജുറേലിന്റെ മന സാന്നിധ്യം കാണുമ്പോൾ അടുത്ത എം.എസ് ധോണി പണിപ്പുരയിലാണ് എന്ന് എന്റെ മനസ്സ് പറയുന്നു. ഇന്നവന് ഒരു സെഞ്ച്വറി നഷ്ടമായിട്ടുണ്ടാവാം. എന്നാൽ നിരവധി സെഞ്ച്വറികൾ അവൻ നേടുമെന്നുറപ്പാണ്''- ഗവാസ്കര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ വിജയ പ്രതീക്ഷയിലാണ് ഇന്ത്യ . മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ആതിഥേയർ വിക്കറ്റ് നഷ്ടമായകാതെ 40 റൺസ് എന്ന നിലയിലാണ്. 24 റൺസുമായി രോഹിത് ശർമ്മയും 16 റൺസുമായി യശസ്വി ജയ്‌സ്വാളുമാണ് ക്രീസിൽ. രണ്ട് ദിനം ബാക്കിനിൽക്കെ മത്സരവും പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യക്ക് ഇനി വേണ്ടത് 152 റൺസ്. നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 145റൺസിൽ അവസാനിച്ചിരുന്നു. ആർ അശ്വിൻ അഞ്ചുവിക്കറ്റും കുൽദീപ് യാദവ് നാല് വിക്കറ്റുമായി കളം നിറഞ്ഞു.

മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 307 റൺസിൽ അവസാനിച്ചിരുന്നു. 46 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ആർ അശ്വിനും കുൽദീപ് യാദവും സന്ദർശകരെ ഒന്നൊന്നായി കൂടാരം കയറ്റി. 60 റൺസെടുത്ത ഓപ്പണർ സാക് ക്രൗലിയാണ് ടോപ് സ്‌കോറർ. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ജോ റൂട്ടിനെ പതിനൊന്ന് റൺസിൽ നിൽക്കെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർച്ചയായി രണ്ടാം ഇന്നിങ്‌സിലും ഒലി പോപ്പ് പൂജ്യത്തിന് മടങ്ങി. ബെൻ ഡക്കറ്റ്(15), ജോണി ബെയ്‌സ്‌റ്റോ(30), ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്(4),ഫോക്‌സ്(17) എന്നിവരും പുറത്തായതോടെ അവസാന സെഷനിൽ ഇംഗ്ലീഷ് ബാറ്റിങ് നിര ചീട്ട്‌കൊട്ടാരം പോലെ തകർന്നു. അശ്വിനേയും ജഡേജയേയും കുൽദീപിനേയും മാറിമാറി പരീക്ഷിച്ചാണ് രോഹിത് ശർമ്മ സന്ദർശകരെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. രണ്ടാം ഇന്നിങ്‌സിൽ പേസർ മുഹമ്മദ് സിറാജ് മൂന്ന് ഓവർ മാത്രമാണ് എറിഞ്ഞത്.

TAGS :

Next Story