'ഇന്ത്യയോട് തോറ്റാൽ പാക് ആരാധകർ ടി.വി തല്ലിപ്പൊളിക്കില്ല'; പരിഹാസവുമായി മുൻ പാക് താരം
നിലവിലെ ഫോമിൽ പാകിസ്താന് ഇന്ത്യയെ തോൽപ്പിക്കാനാവില്ലെന്നാണ് മുൻ താരങ്ങളടക്കമുള്ളവർ ഒരേ സ്വരത്തിൽ പറയുന്നത്

ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ മത്സരത്തിലെ ദയനീയ പരാജയത്തിന് ശേഷം പാകിസ്താൻ ടീമിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. ഞായറാഴ്ച ഇന്ത്യക്കെതിരെയാണ് പാക് ടീമിന്റെ അടുത്ത നിർണായക മത്സരം. നിലവിലെ ഫോമിൽ പാകിസ്താന് ഇന്ത്യയെ തോൽപ്പിക്കാനാവില്ലെന്നാണ് മുൻ താരങ്ങളടക്കമുള്ളവർ ഒരേ സ്വരത്തിൽ പറയുന്നത്.
അതിനിടെ മുൻ പാക് താരം ബാസിത് അലി നടത്തിയൊരു പരിഹാസം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇക്കുറി പാക് ടീം തോറ്റാൽ ആരാധകർ ടി.വി തല്ലിപ്പൊളിക്കില്ലെന്ന് ബാസിത് അലി പറഞ്ഞു.
''ഇന്ത്യക്കെതിരായ മത്സരം പാക് ടീമിനെ സംബന്ധിച്ച് ഫൈനലാണ്. ഇന്ത്യ ടൂർണമെന്റിലെ ഫേവറേറ്റുകളാണ്. അവരെ പാകിസ്താൻ തോൽപ്പിച്ചാൽ അതൊരു അട്ടിമറിയാവും. കാരണം ഏറ്റവും മോശം കാലത്ത് കൂടിയാണ് പാക് ടീം സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ഇനി പാകിസ്താൻ ഏകപക്ഷീയമായി തോറ്റാൽ ഇക്കുറി ആരാധകർ ടി വി തല്ലിപ്പൊട്ടിക്കുകയൊന്നുമില്ല. കാരണം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. അത് കൊണ്ട് കുറേ വിമർശനങ്ങൾ ഉയരും. അത്ര മാത്രം.''- ബാസിത് അലി പറഞ്ഞു.
കിവീസിനെതിരായ മത്സരത്തിൽ ഫഖർ സമാന് പരിക്കേറ്റതും പാകിസ്താന് തിരിച്ചടിയാണ്. താരത്തിന് പകരക്കാരനായി ഇമാമുൽ ഹഖ് ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. നാളെയാണ് ഇന്ത്യ- പാകിസ്താൻ ക്ലാസിക് പോരാട്ടം. ദുബൈയിലാണ് മത്സരം അരങ്ങേറുന്നത്.
Adjust Story Font
16

