Quantcast

ചിന്ന സ്വാമിയില്‍ 'പെരിയവനായി' രച്ചിന്‍; സച്ചിന്‍റെ വമ്പന്‍ റെക്കോര്‍ഡ് മറികടന്നു

സെഞ്ചുറി നേടിയ രച്ചിന്‍ രണ്ടാം വിക്കറ്റിൽ കെയിൻ വില്യംസണൊപ്പം പടുത്തുയർത്തിയത് 180 റൺസിന്റെ കൂട്ടുകെട്ടാണ്

MediaOne Logo

Web Desk

  • Published:

    4 Nov 2023 11:56 AM GMT

ചിന്ന സ്വാമിയില്‍ പെരിയവനായി രച്ചിന്‍; സച്ചിന്‍റെ വമ്പന്‍ റെക്കോര്‍ഡ് മറികടന്നു
X

ബാംഗ്ലൂര്‍: സ്വപ്‌നത്തിലെന്ന പോലെ മൂന്ന് സെഞ്ചുറികൾ. അതും അരങ്ങേറ്റ ലോകകപ്പിൽ. ഇന്ത്യൻ മൈതാനങ്ങളിൽ നിറഞ്ഞാടുകയാണ് രച്ചിന്‍ രവീന്ദ്ര എന്ന 23 കാരൻ.എതിരാളികള്‍ക്ക് മുന്നില്‍ കിവീസ് ഈ ലോകകപ്പിൽ കരുതിവച്ച വജ്രായുധം. ഇന്ന് ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലാന്റ് കൂറ്റൻ സ്‌കോർ പടുത്തുയർത്തുമ്പോൾ അതിന് അടിത്തറ പാകിയത് രച്ചിനാണ്. 94 പന്തിൽ 15 ഫോറുകളും ഒരു സിക്‌സും ഉൾപ്പെടെ 108 റൺസ്. രണ്ടാം വിക്കറ്റിൽ കെയിൻ വില്യംസണൊപ്പം പടുത്തുയർത്തിയത് 180 റൺസിന്റെ കൂട്ടുകെട്ട്.

പാക് ബോളര്‍മാരെ പറപ്പിച്ച മിന്നും പ്രകടനത്തോടെ രച്ചിൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ഒരു റെക്കോർഡ് മറികടന്നു. 25 വയസ് തികയും മുമ്പേ ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന നാഴികക്കല്ലിലാണ് രച്ചിന്‍ തൊട്ടത്. രണ്ട് സെഞ്ച്വറി നേടിയ സച്ചിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. നേരത്തേ ഇംഗ്ലണ്ടിനെതിരെയും ആസ്ത്രേലിയക്കെതിരെയുമായിരുന്നു ഈ ലോകകപ്പില്‍ രച്ചിന്‍റെ സെഞ്ചുറികള്‍.

ഒപ്പം 25 വയസ് തികയും മുമ്പേ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എന്ന സച്ചിന്റെ റെക്കോർഡിനൊപ്പവും രച്ചിനെത്തി. ഈ ലോകകപ്പിൽ എട്ട് മത്സരങ്ങളിൽ നിന്ന് 532 റൺസാണ് രച്ചിൻ അടിച്ചെടുത്തത്. ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുണ്ട് രച്ചിന്‍.

കിവീസ് ദേശീയ ക്രിക്കറ്റ് ടീമിലേക്ക് ഇന്ത്യൻ സ്പിൻ പാരമ്പര്യത്തിന്റെ കരുത്തിൽ കടന്നുകയറിയ രചിന്‍ ക്രിക്കറ്റ് ലോകത്തിനുമുന്നിൽ ഒരു ബാറ്റിങ് വിസ്മയമായി നിറഞ്ഞാടുകയാണിപ്പോള്‍.

രച്ചിന്റെ പിതാവ് രവീന്ദ്ര കൃഷ്ണമൂർത്തി ബംഗളൂരു സ്വദേശിയാണ്. സച്ചിൻ തെണ്ടുൽക്കറുടെയും രാഹുൽ ദ്രാവിഡിന്റെയും കടുത്ത ആരാധകൻ. അങ്ങനെയാണ് രണ്ടു പേരുടെയും പേരിൽനിന്ന് ഒരു ഭാഗം കൂട്ടിച്ചേർത്ത് മകനു പുതിയൊരു പേരിടുന്നത്. രച്ചിൻ ജനിക്കുന്നതും ബംഗളൂരുവിലായിരുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ രവീന്ദ്ര പിന്നീട് കുടുംബസമേതം ന്യൂസിലൻഡിലേക്കു കുടിയേറുകയായിരുന്നു. അങ്ങനെയാണ് ന്യൂസിലന്‍ഡ് ആഭ്യന്തര ക്രിക്കറ്റിലെ സ്പിന്‍ മികവില്‍ കിവി ദേശീയ ക്രിക്കറ്റ് ടീമിലേക്കു വിളിയെത്തുന്നത്. ഏറ്റവും കൗതുകകരമായ കാര്യം, 2019 ലോകകപ്പിലെ ഇംഗ്ലീഷ്-കിവീസ് നാടകീയ ഫൈനൽ ബംഗളൂരുവിലെ തറവാട്ടുവീട്ടിലിരുന്നാണു താൻ കണ്ടതെന്നു രച്ചിൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

TAGS :

Next Story