ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മഴക്കളി; ആസ്ത്രേലിയ സെമിയിൽ
ഒരു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് 109 റൺസെടുത്ത് നിൽക്കെയാണ് മഴ വില്ലൻ വേഷത്തിൽ അവതരിച്ചത്

ലാഹോര്‍: ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മഴക്കളി. അഫ്ഗാൻ - ആസ്‌ട്രേലിയ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ നാല് പോയിന്‍റുമായി ഓസീസ് സെമിയിൽ പ്രവേശിച്ചു. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് 109 റൺസെടുത്ത് നിൽക്കെയാണ് മഴ വില്ലൻ വേഷത്തിൽ അവതരിച്ചത്. മഴ കനത്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഓസീസിനായി ട്രാവിസ് ഹെഡ്ഡ് അർധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്നു.
സെമി പ്രവേശത്തിന് ജയം അനിവാര്യമായ നിർണായക മത്സരത്തിൽ ഓസീസിനെതിരെ 273 റൺസാണ് അഫ്ഗാൻ ഉയര്‍ത്തിയത്. അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞ സെദീഖുല്ലാഹ് അതാലും അസ്മത്തുല്ലാഹ് ഒമർസായിയുമാണ് അഫ്ഗാന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. ഓസീസിനായി സ്‌പെൻസർ ജോൺസണും ബെൻ ഡ്വാർഹുയിസും ആദം സാമ്പയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന് ഓപ്പണർ റഹ്‌മാനുല്ലാഹ് ഗുർബാസിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായി. അഞ്ചാം പന്തില്‍ ഗുർബാസിനെ ക്ലീൻ ബൗൾഡാക്കി സ്‌പെൻസർ ജോൺസണാണ് ഓസീസിന് നിർണായക ബ്രേക് ത്രൂ സമ്മാനിച്ചത്. പിന്നീട് ഇബ്രാഹിം സദ്‌റാനെ കൂട്ടുപിടിച്ച് സെദിഖുല്ലാഹ് രക്ഷാ പ്രവർത്തനമാരംഭിച്ചു. 14ാം ഓവറിൽ സദ്‌റാനെ സാമ്പ കൂടാരം കയറ്റി. നാലാമനായെത്തിയ റഹ്‌മത്ത് ഷായും അഞ്ചാമനായെത്തിയ ക്യാപ്റ്റൻ ഹസ്മത് ഷാഹിദിയും ചെറിയ സംഭാവനകളുമായി മടങ്ങി.
32ാം ഓവറിൽ സെദിഖുല്ലയെ സ്‌പെൻസർ ജോൺസൺ തന്നെയാണ് വീഴ്ത്തിയത്. 95 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സും അടക്കം 85 റൺസായിരുന്നു സെദിഖുല്ലയുടെ സംഭാവന. ആറാമനായി ക്രീസിലെത്തിയ അസ്മത്തുല്ലാഹ് ഒമർസായി അവസാന ഓവറുകളിൽ കൂറ്റനടികളുമായി കളംനിറഞ്ഞതോടെ അഫ്ഗാൻ സ്‌കോർ 250 കടന്നു. ഒടുവിൽ 50 ാം ഓവറിൽ ഒമർസായിയും വീണു. 63 പന്തിൽ അഞ്ച് സിക്‌സും ഒരു ഫോറുമടക്കം 67 റൺസായിരുന്നു ഒമർസായിയുടെ സംഭാവന.
ഇനി സെമി പ്രവേശത്തിന് നേരിയ സാധ്യതകള്‍ മാത്രമാണ് അഫ്ഗാന് മുന്നില്‍ അവശേഷിക്കുന്നത്. നാളെ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ അഫ്ഗാന് സെമി ടിക്കറ്റെടുക്കാം.
Adjust Story Font
16

